'കോവിഡ് വാക്‌സിന്‍ എടുക്കില്ല'; ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ചു, വിമാനത്താവളത്തില്‍ തടഞ്ഞു

 
novak-djokovic

ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനെത്തിയ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിനെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മെല്‍ബണ്‍  വിമാനത്താവളത്തില്‍ തടഞ്ഞത് വിവാദത്തില്‍. ജോക്കോവിച്ചനായി ടൂര്‍ണമെന്റ് സംഘാടകര്‍ മെഡിക്കല്‍ ഇളവുകളില്‍ വിട്ടുവീഴ്ച വരുത്തിയതില്‍  
വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് താരത്തിന്  വിസ നിഷേധിച്ചതായി അറിയിപ്പുണ്ടായത്.  ബുധനാഴ്ച രാത്രി ടൂര്‍ണമെന്റിന്റെ ആതിഥേയ നഗരമായ മെല്‍ബണിലെ തുള്ളമറൈന്‍ വിമാനത്താവളത്തില്‍ ജോക്കോവിച്ചിനെ പാസ്പോര്‍ട്ട് പരിശോധനയില്‍ മണിക്കൂറുകളോളമാണ് തടഞ്ഞുവച്ചത്. 

വാക്സിന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാല്‍ മെല്‍ബണിലെത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. താരത്തെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് വ്യാഴാഴ്ച രാവിലെ സ്ഥിരീകരിച്ചു.

'ഞങ്ങളുടെ അതിര്‍ത്തിയില്‍ എത്തുന്നവര്‍ ഞങ്ങളുടെ നിയമങ്ങളും പ്രവേശന ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് എബിഎഫ് ഉറപ്പാക്കുന്നത് തുടരും, ഓസ്ട്രേലിയില്‍ പ്രവേശിക്കുന്നതിനുള്ള രേഖകള്‍ ജോക്കോവിച്ച് പരാജയപ്പെട്ടു, അതിനാലാണ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയത്''എബിഎഫിന് പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താരത്തെ ടീമില്‍ നിന്ന് വേര്‍പെടുത്തി തനിച്ചുള്ള മുറിയിലേക്കാണ് മാറ്റിയതെന്ന് ജോക്കോവിച്ചിന്റെ പിതാവ് സ്രഡ്ജന്‍ പറഞ്ഞു. മെല്‍ബണില്‍ എത്തി മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.  കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ലോക്ഡൗണ്‍ അടക്കം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ജോക്കോയ്ക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്ട്രേലിയയില്‍ തന്നെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. വിമാനം ഇറങ്ങിയ ജോക്കോയോട് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു. 

Also Read; 'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം. 'നിയമം നിയമം തന്നെയാണ്. ആരും നിയമത്തിന് അതീതരല്ല' -പ്രധാനമന്ത്രി പറഞ്ഞു. ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പ്രസിഡന്റ് മോറിസണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 17 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡററെയും റാഫേല്‍ നദാലിനെയും മറികടന്ന് തന്റെ 21-ാം ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം നേടുകയായിരുന്നു് ജോക്കോവിച്ചിന്റെ ലക്ഷ്യം.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം തീര്‍ന്ന് കായിക മത്സരങ്ങള്‍ പുനഃരാരംഭിക്കുമ്പോള്‍, നിര്‍ബന്ധിത കൊറോണ വൈറസ് വാക്‌സിനേഷനെടുക്കുന്നതിനെ ജോക്കോവിച്ച് എതിര്‍ത്തിരുന്നു.  ഇത്തരം വാക്‌സിനേഷനുകള്‍ക്ക് താന്‍ വ്യക്തിപരമായി എതിരാണെന്നാണ് ജോക്കോവിച്ച് പറഞ്ഞത്. 

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?