ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന്‍ അന്തരിച്ചു 

 
O Chandrashekharan

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനും ഒളിമ്പ്യനുമായ ഒ. ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ്. 1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങി. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു. 1962ലെ ഏഷ്യന്‍ കപ്പില്‍ വെള്ളി. 1959, 1964 മെര്‍ദേക്ക ഫുട്‌ബോളിലും വെള്ളിത്തിളക്കം. 1964 ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരങ്ങള്‍ കളിച്ചു. പക്ഷേ, ഇന്ത്യക്ക് യോഗ്യത നേടാനായില്ല. 

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളില്‍ പന്തു തട്ടിയായിരുന്നു തുടക്കം. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടര്‍ന്നു. പിന്നാലെ ബോംബെയില്‍ കാല്‍ടെക്സില്‍ ജോലിയില്‍ പ്രവേശിച്ചു. 1956-1966 വരെ കാള്‍ടെക്‌സിനായി കളിച്ചു. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായിരുന്നു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെത്തി. 1966 മുതല്‍ 1973 വരെ എസ്ബിഐക്കായി ബൂട്ടണിഞ്ഞു. പരിശീലകന്റെ റോളും വഹിച്ചു. കളി നിര്‍ത്തിയശേഷം കേരള ടീമിന്റെ സെലക്ടറും, എഫ്‌സി കൊച്ചിന്‍ ടീമിന്റെ ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ വിമല. മൂന്നു മക്കളുണ്ട്. സുനില്‍ (ബംഗളൂരു), സുധീര്‍ (വാഷിങ്ടണ്‍ ഡി സി), സുമ (ന്യൂയോര്‍ക്ക്).