പഠിച്ച സ്‌കൂളിന് സ്വന്തം പേര്; ഒളിമ്പിക് മെഡല്‍ ജേതാവ് രവി ദഹിയക്ക് ഡല്‍ഹിയുടെ ആദരം

 
Ravi Kumar Dahiya

ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി ദഹിയക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ആദരം. രവി ദഹിയ പഠിച്ച ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍, രാജ്കീയ ബാല്‍ വിദ്യാലയത്തിന് താരത്തിന്റെ പേര് നല്‍കും. രവി ദഹിയ ബാല്‍ വിദ്യാലയ എന്നായിരിക്കും സ്‌കൂള്‍ അറിയപ്പെടുകയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 

സര്‍ക്കാര്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ രവി ദഹിയയുടെ ഒളിമ്പിക് മെഡല്‍ നേട്ടം വളരെ അഭിമാനകരമായ കാര്യമാണ്. അതിനാലാണ് സ്‌കൂളിന്റെ പേരിനൊപ്പം രവി ദഹിയയുടെ പേര് ചേര്‍ക്കുന്നത്. സ്‌കൂളില്‍ താരത്തിന്റെ വലിയ ഛായാചിത്രവും സ്ഥാപിക്കും. വളര്‍ന്നു വരുന്ന കുട്ടികള്‍ക്കത് ഒളിമ്പിക്സിലേക്കുള്ള പ്രചോദനമായി മാറും. രാജ്യ തലസ്ഥാനത്ത് സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റിക്കൊപ്പം കായിക മേഖലക്കു മാത്രമായി ഒരു സ്‌കൂളും സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും. സ്‌കൂളിലേക്കുള്ള പ്രവേശനം അടുത്ത അക്കാദമിക് ഘട്ടം മുതല്‍ ആരംഭിക്കുമെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു. 

സ്‌കൂളില്‍ രവി ദഹിയക്ക് നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു പേരു മാറുന്നത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ നിരവധി സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് രവി ദഹിയ പറഞ്ഞു. പരിശീലനം, പരിശീലകര്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ദഹിയക്ക് ലഭിച്ചിരുന്നത് ഡല്‍ഹി സര്‍ക്കാരിന്റെ 'മിഷന്‍ എക്‌സലന്‍സ്' എന്ന പദ്ധതിയിലൂടെയായിരുന്നു.

ആദ്യ ഒളിമ്പിക്സിലാണ് 23 കാരനായ രവി ദഹിയ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ റഷ്യന്‍ താരം സവുര്‍ ഉഗൈവിനോടാണ് രവി പോരാടിയത്. സുശീല്‍ കുമാറിനുശേഷം ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് രവി ദഹിയ.