പാക് താരം ജാവലിനില്‍ കൃത്രിമം കാട്ടിയിട്ടില്ല; വിവാദവും വിദ്വേഷ പ്രചാരണവും വേണ്ട: നീരജ് ചോപ്ര

 
Neeraj Nadeem


ടോക്യോ ഒളിമ്പിക്‌സിനിടെ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമോ വിദ്വേഷ പ്രചാരണമോ വേണ്ടെന്ന് നീരജ് ചോപ്ര. തന്റെ ജാവലിനില്‍ നദീം കൃത്രിമമൊന്നും കാട്ടിയിട്ടില്ല. ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. തന്റെ പേര് ഉപയോഗിച്ചുള്ള വിവാദങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി.

ഫൈനലിനിടെ അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും അത് തിരിച്ചുവാങ്ങിയെന്നും നീരജ് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ, അര്‍ഷാദ് നദീം നീരജീന്റെ ജാവലിനില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായി. തുടര്‍ന്നാണ് നീരജ് തന്നെ വാസ്തവം വെളിപ്പെടുത്തി രംഗത്തെത്തിയത്. മത്സരത്തിനുമുമ്പ് ഓരോ മത്സരാര്‍ഥിയും തങ്ങളുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പ്പിക്കണം. അവ പിന്നീട് ഏത് മത്സരാര്‍ഥിക്കും ഉപയോഗിക്കാം. തന്റെ ജാവലിന്‍ ഉപയോഗിച്ച് നദീം തയാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. അവസരമെത്തിയപ്പോള്‍ ജാവലിന്‍ ആവശ്യപ്പെടുകയും അദ്ദേഹം തിരികെ നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച അനാവശ്യ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും നീരജ് സോഷ്യല്‍മീഡിയയില്‍ അറിയിച്ചു. 

ഫൈനലിലെ ആദ്യ ഊഴമെത്തിയപ്പോള്‍ ജാവലിന്‍ കണ്ടില്ല. പാക് താരത്തില്‍നിന്ന് അതു തിരികെ വാങ്ങാന്‍ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വന്നുമെന്നുമാണ് നീരജ് അഭിമുഖത്തില്‍ പറഞ്ഞത്. മത്സരത്തില്‍ 5ാം സ്ഥാനത്തായിരുന്നു നദീം. 

നിയമം പറയുന്നത് 
മത്സരത്തില്‍ ഉപയോഗിക്കാനുള്ള ജാവലിന്‍ സംഘാടകര്‍ തന്നെ ക്രമീകരിക്കുകയാണ് പതിവ്. എന്നാല്‍ ഏതെങ്കിലും അത്ലറ്റിന് സ്വന്തം ജാവലിന്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അതിനും അനുവാദമുണ്ട്. മത്സരത്തിന് നിശ്ചിത സമയത്തിന് (സാധാരണ രണ്ട് മണിക്കൂര്‍) മുമ്പ് സംഘാടകര്‍ നിശ്ചയിക്കുന്ന ടെക്നിക്കല്‍ കമ്മിറ്റിക്ക് മുമ്പാകെ ജാവലിന്‍ പരിശോധനയ്ക്കായി നല്‍കണം. സമിതിയുടെ അംഗീകാരം കിട്ടിയാല്‍ മത്സരത്തിന് ജാവലിന്‍ ഉപയോഗിക്കാം. അത്തരത്തില്‍ അനുമതി ലഭിക്കുന്ന ജാവലിന്‍ എല്ലാവരുടെയും ഉപകരണം ആയി മാറും. അതോടെ, മത്സരാര്‍ഥികളില്‍ ആര്‍ക്കുവേണമെങ്കിലും അത് ഉപയോഗിക്കാം. മത്സരം പൂര്‍ത്തിയായശേഷം അത്ലറ്റിന് സ്വന്തം ജാവലിനുമായി വീട്ടിലേക്ക് മടങ്ങാം.