പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; അവാനിക്കു സ്വര്‍ണം,  യോഗേഷിന് വെള്ളി

 
d

ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്.  പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനി ലെഖാരയുടെ ആദ്യ പാരാലിംപിക്‌സാണിത്.  സ്വര്‍ണം നേടിയ അവനി ലൊഖാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന് പ്രത്യേക നിമിഷമാണിതെന്ന് അഭിനന്ദനസന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി.  ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം. 

ഇന്നലെ ഇന്ത്യ പാരാലിംപിക്‌സിൽ ഇരട്ടവെള്ളി സ്വന്തമാക്കിയിരുന്നു. ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലിന്‍റെ വെള്ളിനേട്ടത്തിന് പിന്നാലെ ഹൈംജംപിൽ നിഷാദ് കുമാറും വെള്ളി നേടി. ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലം സ്വന്തമാക്കിയെങ്കിലും അപ്പീൽ നൽകിയതിനാൽ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകർ അറിയിച്ചു.