'വിടവാങ്ങല്‍ മത്സരം കാണാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകും; ബോളിവുഡില്‍ പരീക്ഷണത്തിനില്ല'

 
dhoni

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായി അദ്ദേഹം തുടര്‍ന്നും കളിച്ചു. ഇപ്പോള്‍
സൂപ്പര്‍ കിംഗ്സിലെ തന്റെ വിടവാങ്ങല്‍ മത്സരത്തെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം പല ക്രിക്കറ്റ് താരങ്ങളും ബോളിവുഡില്‍ ഒരു കൈ പരീക്ഷിക്കുന്നുവെങ്കിലും തനിക്ക് അത്തരം ഒരു പദ്ധതിയില്ലെന്നും ധോണി പറഞ്ഞു. 

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത് ധോണിയായി അഭിനയിച്ച എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ധോണിയുടെ കഥ പറഞ്ഞെങ്കിലും തന്നെ നേരിട്ട് ക്യാമറയ്ക്ക് മുന്നില്‍  കാണാന്‍ കഴിയില്ലെന്നാണ് താരം വ്യക്തമാക്കിയത്.  ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ അടക്കമുള്ളവര്‍ താരങ്ങള്‍ സിനിമയില്‍ സാന്നിധ്യം അറിയിക്കുമ്പോഴാണ്‌ ധോണിയുടെ പ്രതികരണം. 

''നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ, ബോളിവുഡ് എനിക്ക് ചേരില്ലെന്ന്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നാല്‍ സിനിമകളിലേക്ക് വരുമ്പോള്‍ അത് ഭയങ്കര കഠിനവും കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമാണ്. സിനിമ താരങ്ങള്‍ അത് ചെയ്യുന്നത് അവരതില്‍ വളരെ നല്ലതായത് കൊണ്ടാണ്. ഞാന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് തന്നെ തുടരും, എനിക്ക് അഭിനയത്തിലേക്ക് വരാന്‍ കഴിയുന്നത് പരസ്യങ്ങളിലൂടെയാണ്, അതിലുപരി മറ്റൊന്നുമല്ല''-ധോണി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓരോ മത്സരം കഴിയുമ്പോഴും ക്യാപ്റ്റന്‍ എം.എസ്.ധോണിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. മത്സരം വിജയിച്ചാലും പരാജയപ്പെട്ടാലുമെല്ലാം ധോണി എന്ത് ചെയ്തുവെന്നാവാണ് ചര്‍ച്ച.  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ സിക്‌സര്‍ പറത്തി വിജയപ്പിച്ചപ്പോള്‍ വാഴ്ത്തിയവര്‍, കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരായ ഇന്നിംഗ്‌സ് മെല്ലെപ്പോക്കില്‍  ധോണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റര്‍ സ്ഥാനത്തേയ്ക്കു നിയമിക്കപ്പെട്ടതോടെ ഐപിഎലില്‍ നിന്നും താരം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ഇപ്പോള്‍ ധോണി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ഇന്ത്യ സിമന്റ്‌സി'ന്റെ 75ാം വാര്‍ഷിക ആഘോഷവേളയില്‍ വെര്‍ച്വലായി പങ്കെടുക്കവേയാണ് താരത്തിന്റെ പ്രസ്താവന. താന്‍ ഇനിയും ചെന്നൈ ജഴ്‌സി അണിയുമെന്ന് ധോണി പറഞ്ഞു. എന്നാല്‍ തന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകും. ചെന്നൈയില്‍വച്ച് അവസാന മത്സരം കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധോണി പറഞ്ഞു.

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്ലില്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചു  പ്ലേ ഓഫിലെത്തുന്ന
രണ്ട് ടീമുകളില്‍ ഒന്നായി ചെന്നൈ . എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്ക് അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുന്നത് തുടരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്.