'പണത്തിനായി സ്വന്തം ഡിഎന്‍എ വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയക്കാര്‍'; ഇന്ത്യയെ പറയാതെ റമീസ് രാജ

 
d

സുരക്ഷാ പ്രശ്‌നം ചൂണ്ടികാട്ടി പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്‍മാറിയത് ഇന്ത്യയുടെ സമ്മര്‍ദ്ദം കാരണമെന്ന ആരോപണങ്ങള്‍ക്കിടെ ഐപിഎല്‍ താരങ്ങളെ പരിഹസിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. ഐപിഎല്ലില്‍ കളിച്ചുണ്ടാക്കുന്ന പണം ലക്ഷ്യംവെച്ച് ഓസീസ് താരങ്ങള്‍ അവരുടെ ഡിഎന്‍എ പോലും മാറ്റിയെന്നാണ്  റമീസ് രാജ പരിഹസിച്ചത്. 
ഓസ്‌ട്രേലിയ അവരുടെ പതിവ് ആക്രമണാത്മക ശൈലി ഒഴിവാക്കി ഇന്ത്യക്കെതിരെ സന്തോഷത്തോടെ കളിക്കുകയാണെന്നും റമീസ് രാജ പറഞ്ഞു. 

ഐപിഎല്‍ കരാറുകള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ട്. ഐപിഎല്ലില്‍ പങ്കെടുക്കുന്നതിലൂടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് ധാരാളം പണവും നിരവധി പരസ്യങ്ങളും ലഭിക്കുന്നുണ്ടെന്നും രാജ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയന്‍ താരങ്ങള്‍  അവരുടെ ഡിഎന്‍എയെ പണത്തിനായി  മാറ്റി, അവര്‍ സന്തോഷത്തോടെയും ആക്രമണാത്മകയില്ലാതെയും ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നു. പണവും പരസ്യ വരുമാനവും ലഭിക്കുന്ന ഐപിഎല്‍ കരാറുകള്‍ സംരക്ഷിക്കാന്‍ താല്‍പ്പര്യമുള്ളതിനാല്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ട്, റമീസ് രാജ പറഞ്ഞു

പാക്കിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാതെ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഓടിപ്പോയെന്നും റമീസ് രാജ പറഞ്ഞു. ഇരുവരും പാകിസ്താനെതിരെ തെറ്റുചെയ്തു. 'ന്യൂസിലാന്‍ഡ് ഓടിപ്പോയി, ഇംഗ്ലണ്ടും അതേ പാത പിന്തുടര്‍ന്നു. അവര്‍ രണ്ടുപേരും ഞങ്ങള്‍ക്കെതിരെ തെറ്റ് ചെയ്തു, അദ്ദേഹം പറഞ്ഞു.

മുന്‍ പാക് ക്രിക്കറ്റ് താരവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ തന്നോട് പറഞ്ഞ കാര്യങ്ങളും റമീസ് രാജ വെളിപ്പെടുത്തി. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പിന്‍വാങ്ങിയതില്‍ ഇമ്രാന്‍ ഖാന്‍ സന്തുഷ്ടനല്ല, പാകിസ്ഥാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'പര്യടനം നടത്താത്തതില്‍ അവര്‍ തെറ്റ് ചെയ്തു, പക്ഷേ അത് അവരുടെ ഇഷ്ടമാണ്. ഞങ്ങള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കേണ്ടതില്ല, കാരണം അത് ഞങ്ങളുടെ തെറ്റല്ല, അവര്‍ക്ക് നഷ്ടം സംഭവിച്ചുവെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്  റമീസ് രാജ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ഇംഗ്ലണ്ടും അത് പിന്തുടര്‍ന്ന് തങ്ങളുടെ  കളിക്കാര്‍ ഫിറ്റ് അല്ലാത്തതിനാല്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് അറിയിച്ചു. പാകിസ്സ്ഥാനു വേണ്ടി 57 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും റമീസ് രാജ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2833 റണ്‍സ് നേടിയപ്പോള്‍, 5841 റണ്‍സാണ് റമീസ് രാജ ഏകദിന മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്. 1997 ലാണ് താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.