അര്‍ഹിക്കുന്ന സമയത്താകണം അംഗീകാരം; ശ്രീജേഷിന്റെ നേട്ടം പ്രചോദനമാകട്ടെ  

 
sports

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍വല കാത്ത മലയാളിതാരം പി.ആര്‍. ശ്രീജേഷ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ശ്രീജേഷിനെ, ഒളിംപിക്സ് വെങ്കല നേട്ടത്തിനു കാരണമായ പ്രകടനമാണ് പുരസ്‌കാരത്തോട് കൂടുതല്‍ അടുപ്പിച്ചത്. ഖേല്‍ രത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മാത്രം മലയാളിതാരമാണ് ശ്രീജേഷ് എന്നത് പുരസ്‌കാരത്തിന് തിളക്കം കൂട്ടുന്നുണ്ട്. ശ്രീജേഷിന് കിട്ടിയ അംഗീകാരത്തില്‍ മലയാളത്തിന് അഭിമാനിക്കാമെങ്കിലും ഈ രംഗത്ത് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയവരുണ്ടെന്നത് വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. 

ഹോക്കി, കൃത്യമായി പറഞ്ഞാല്‍ ഫീല്‍ഡ് ഹോക്കി ആണ് ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം. ഒളിംപിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുള്ളതും ഹോക്കിയിലാണ്. 1972 ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന കണ്ണൂരുകാരന്‍ മനുവല്‍ ഫ്രഡറിക്, മലയാളികളുടെ അന്തസ്സുയര്‍ത്തിയ ഹോക്കി താരമായിരുന്നു. മ്യൂണിക് ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്. ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഈ മലയാളി താരത്തെ അധികം ആര്‍ക്കും അറിയില്ലായിരുന്നു. വൈകിയാണ് 
ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചത്. ബാംഗ്ലൂരില്‍ ആരാലും പരിഗണിക്കപ്പെടാതെ കടുത്ത അവഗണനയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. 

1947 ഒക്ടോബര്‍ 20ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍  ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്ന മാനുവല്‍  12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍  ആര്‍മിയില്‍  ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ല്‍  ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം(1972) നടന്ന മ്യൂണിക് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു. ഏഴു വര്‍ഷം ഭാരതത്തിനായി കളിച്ച മാനുവല്‍ 1973ലെ ഹോളണ്ട് ലോകകപ്പിലും 1978ലെ അര്‍ജ്ജന്റീനയിലെ ലോകകപ്പിലും ടീമംഗമായിരുന്നു.

ഈ നേട്ടങ്ങള്‍ക്ക് ശേഷമുള്ള ഫ്രഡറിക്കിന്റെ കഥ അല്‍പം പരിതാപകരമായിരുന്നു. അര്‍ജ്ജുന അവാര്‍ഡ് പോലെയുള്ള ദേശീയ പുരസ്‌ക്കാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. പാര്‍ക്കാന്‍ സ്വന്തം വീടുപോലുമില്ലാതെ ബുദ്ധിമുട്ടിക്കഴിയുകയായിരുന്നു അദ്ദേഹം. 2014ല്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് കണ്ണൂരില്‍ സ്ഥലം അനുവദിച്ചു, ഒരു വീട് വെയ്ക്കുവാനായി. എന്നാല്‍ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ ഏരിയയില്‍പെട്ട സ്ഥലമായതിനാല്‍ അവിടേയും വഴിമുട്ടി. കേരള സര്‍ക്കാര്‍ വീണ്ടും ഇടപെട്ട് 2019 ജൂണ്‍ മാസത്തോടുകൂടി പയ്യമ്പലത്തിനടുത്ത് പുളിയന്‍ മൂലയില്‍ അദ്ദേഹത്തിന് ഒരു വീട് നിര്‍മ്മിച്ചു നല്‍കി. ആ വര്‍ഷം തന്നെ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ കണക്കിലെടുത്ത് മാനുവല്‍ ഫ്രെഡറിക്കിന് വൈകിയാണെങ്കിലും ധ്യാന്‍ചന്ദ് പുരസ്‌ക്കാരം തേടിയെത്തുകയായിരുന്നു. 

ഹോക്കിയില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വൈകി പരിഗണന ലഭിച്ച താരങ്ങള്‍ ഇനിയുമുണ്ട്.  കേരളത്തിലെ കായിക പ്രേമികള്‍ അറിഞ്ഞിരിക്കേണ്ട മൂന്നാമതൊരു ഹോക്കി ഗോളി കൂടെ ഉണ്ട്, പരേതനായ ഏബ്രഹാം തരകനായിരുന്നു അത്.  ഇന്ത്യയുടെ ഗോള്‍വലയം കാത്തില്ലെങ്കിലും ഒളിമ്പിക്‌സില്‍ കളിച്ചില്ലെങ്കിലും 1957ലെ ബോംബെ നാഷണല്‍സില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടാനം കാഴ്ചവെച്ചിരുന്നു. 

ബാംഗ്ളൂരില്‍ സെന്റ് ജോസഫ്‌സ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഏബ്രഹാം തരകന്‍ ഹോക്കിയില്‍ പാടവം നേടിയത്. കോളജ് ടീമിന്റേയും മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടേയും ഗോളിയായ ഏബ്രഹാം തരകന് മൈസൂര്‍ സ്റ്റേറ്റ് ടീമിലോ ദേശീയ ടീമിലോ ഇടം കിട്ടിയില്ല. അതിന് തക്കതായ കാരണവും ഉണ്ടായിരുന്നു. അക്കാലത്ത് ബാംഗ്ളൂര്‍ ഹിന്ദുസ്ഥാന്‍ ഏയറോനോട്ടിക്കല്‍സ് ടീമിന്റെ ഗോളി ചിന്നദുരൈ ദേശമുത്തു ആയിരുന്നു-1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളി. 19-ാം വയസ്സില്‍ സ്വര്‍ണ്ണം നേടിയ ദേശ മുത്തുവിനെ കടത്തിവെട്ടി മൈസൂര്‍ സംസ്ഥാന ടീമില്‍ ഇടം നേടുക എന്നത് എളുപ്പമായിരുന്നില്ല. അതേ കാലഘട്ടത്തില്‍ തന്നെയാണ് ദേശീയ തലത്തില്‍ ശങ്കര്‍ ലക്ഷ്മണിന്റെ ഉയര്‍ച്ചയും. രണ്ട് ഒളിമ്പിക്‌സില്‍ (1956ലെ മെല്‍ബണ്‍, 1964-ലെ ടോക്കിയോ) സ്വര്‍ണ്ണവും ഒരു ഒളിമ്പിക്‌സില്‍(1960 റോം) വെള്ളിയും നേടിയ ടീമുകളില്‍ അംഗമായിരുന്ന ലക്ഷ്മണ്‍ എല്ലാക്കാലത്തേയും ഏറ്റവും മികച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ആയി കരുതിപ്പോരുന്നു.

ജീവിത സാഹചര്യങ്ങളാല്‍ വഴിയോരക്കച്ചവടക്കാരി ആകേണ്ടിവന്ന മുന്‍ ദേശീയ ഹോക്കി താരം ഡി വി ശകുന്തളയും വൈകി പരിഗണന ലഭിച്ച മലയാളി ഹോക്കി താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  കായിക ഡയറക്ടറേറ്റിനുകീഴില്‍  സ്വീപ്പര്‍ ആയി സ്ഥിരനിയമനം നല്‍കിയതാണ് വാര്‍ത്തയായത്. 

പാളയം മാര്‍ക്കറ്റില്‍ തെരുവോരത്ത് മുട്ട, നാരങ്ങ കച്ചവടം നടത്തിയിരുന്ന ശകുന്തള തിരുവനന്തപുരത്തുകാര്‍ക്ക് പരിചിതയായിരുന്നുവെങ്കിലും
ഒരു കായിക താരമെന്ന നിലയില്‍ താരത്തെ അറിയുന്നവര്‍ വളരെ ചുരുക്കമായിരുന്നു. 1978ല്‍ സംസ്ഥാന ഹോക്കി ടീം വൈസ് ക്യാപ്റ്റനും 1976ല്‍ ഗ്വാളിയാറില്‍ നടന്ന ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ടീമില്‍  കേരളത്തിന്റെ  മുന്‍നിര താരവുമായിരുന്നു ശകുന്തള. 

1970ല്‍  കോട്ടണ്‍ഹില്‍  സ്‌കൂളിലെ ഹോക്കി താരമായാണ് ശകുന്തളയുടെ തുടക്കം. ഗ്വാളിയാറില്‍  കേരളം വനിതാ ജൂനിയര്‍ ഹോക്കി കിരീടത്തില്‍  മുത്തമിട്ടപ്പോള്‍ ശകുന്തളയുടെ കഴുത്തിലുമുണ്ടായിരുന്നു ഒരു സുവര്‍ണപ്പതക്കം. 1977ല്‍   ബംഗളൂരുവില്‍  നടന്ന വനിതകളുടെ ദേശീയ കായികമേളയിലും 1979ല്‍   കൊല്‍ക്കത്ത ദേശീയ കായികമേളയിലും ഇന്ത്യയെ പ്രതിനിധാനംചെയ്തു. പഞ്ചാബ്, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലായി  നിരവധി മത്സരങ്ങള്‍. അന്ന് കൂടെയുണ്ടായിരുന്ന 16 പേരില്‍  11 പേര്‍ ഡോക്ടര്‍മാരും ബാക്കിയുള്ളവര്‍ ഗവണ്‍മെന്റ് ജീവനക്കാരും ആയപ്പോള്‍ ഉപജീവനത്തിനായി ശകുന്തള വഴിയോരക്കച്ചവടക്കാരിയായാണ് മാറിയത്.

അര്‍ജുന അവാര്‍ഡ് ജേതാവ് ഓമനകുമാരിയാണ് പോയകാലത്തെ മറ്റൊരു മികച്ച മലയാളി ഹോക്കി താരം. 1972ൽ മ്യൂണിക്ക് ഒളിംപിക്സിൽ ഇന്ത്യക്കായി കളിച്ച മാനുവൽ ഫെഡറിക്സിനെപ്പോലെ, 1996ൽ അറ്റ്‌ലാന്റ ഒളിംപിക്സിൽ കളിച്ച അനിൽ അലക്സാണ്ടർ ആൽഡ്രിനെയും സാബു വർക്കിയെയും പോലെ, 2000ത്തിലെ സിഡ്നി ഒളിംപിക്സ് കളിച്ച ദിനേഷ് നായിക്കിനെപ്പോലെ ഓമനകുമാരിയും ഇന്ത്യക്കായി ഒളിംപിക് ഹോക്കിയിൽ കളിക്കേണ്ട കേരള താരമായിരുന്നു. എന്നാൽ കപ്പിനും ചുണ്ടിനുമിടയിലാണ് ഈ തിരുവനന്തപുരം സ്വദേശിക്ക് ഒളിംപ്യൻപദവി നഷ്ടമായത്.

1982ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഓമനകുമാരിയുണ്ടായിരുന്നു. 1981ൽ ജപ്പാനിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ടീമിലും ഓമനകുമാരി കളിച്ചു. 1975 മുതൽ 86വരെ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 83ൽ മലേഷ്യയിൽനടന്ന ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചു. 1975ൽ ചെന്നൈയിൽ ബീഗം റസൂൽ രാജ്യാന്തര ടൂർണമെന്റിലായിരുന്നു ഇന്ത്യക്കായി അരങ്ങേറ്റം. 1986ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലും അംഗമായി. ജർമനി, ചൈന തുടങ്ങി വിവിധ ടീമുകൾക്കെതിരായ ടെസ്റ്റ് മത്സരങ്ങളിലും പങ്കെടുത്തു. രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു ആ പ്രതിഭയെ. കേരളം ജി.വി.രാജ പുരസ്കാരവും മഹാരാഷ്ട്ര ഛത്രപതി ശിവജി പുരസ്കാരവും നൽകി.

ഹോക്കി കാര്യമായി വേരോടിയിട്ടില്ലാത്ത കേരളത്തിൽ നിന്നു ഇന്ത്യന്‍ ദേശീയ ടീമിന്റെ ഗോള്‍ കീപ്പറും മുന്‍ നായകനുമായ ശ്രീജേഷ് മാത്രമാണ് അടുത്ത കാലത്ത് നമ്മുടെ ദേശീയ കായിക ഇനത്തില്‍ കേരളത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച ഒരേയൊരു ഹോക്കി താരം. ഹോക്കി ഒരു കാലത്തും കേരളത്തില്‍ ഒരു ജനകീയ കായിക ഇനമായിരുന്നുമില്ല. എങ്കിലും കൊല്ലം സായി കേന്ദ്രത്തിലെയും കേരളത്തില്‍ അങ്ങിങ്ങായി നിലവിലുള്ള ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ ഒട്ടും മോശക്കാരല്ലാത്ത ഹോക്കി താരങ്ങള്‍ സംസ്ഥാന, ദേശീയ തലങ്ങളില്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ചിട്ടുമുണ്ട്.