ലൈംഗിക ആരോപണം: പെങ് ഷുവായ് സുരക്ഷിതയെന്ന് ഐഒസി, താരത്തിന്റെ ചിത്രങ്ങളുടെ ആധികാരികതയില്‍ സംശയം 

 
d

മുന്‍ ചൈനീസ് ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച ടെന്നീസ് താരം പെങ് ഷുവായെ കണ്ടെത്തണമെന്നും ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാകുന്നതിനിടെ താരത്തെ പൊതുജന മധ്യത്തില്‍ കണ്ടതായി റിപോര്‍ട്ടുകള്‍. 
താന്‍ സുരക്ഷിതയാണെന്ന് പെങ് ഷുവായ് ഒരു വീഡിയോ കോളില്‍ പറഞ്ഞതായും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ(ഐഒസി) ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. പെങ് തങ്ങളുടെ പ്രസിഡന്റ് തോമസ് ബാച്ചുമായി 30 മിനിറ്റ് സംസാരിച്ചതായി ഐഒസി പ്രസ്താവനയില്‍ പറഞ്ഞു. ''താന്‍ സുരക്ഷിതയാണെന്നും ബീജിംഗിലെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും താരം പറഞ്ഞതായാണ് റിപോര്‍ട്ട്.  ഈ സമയത്ത് അവരുടെ സ്വകാര്യതയെ മാനിക്കാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മാത്രം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. ടെന്നീസില്‍ അവര്‍ തുടര്‍ന്നും പങ്കെടുത്തേക്കുമെന്നും ഒളിമ്പിംഗ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞതായി റിപോര്‍ട്ട് പറയുന്നു. 

അതേസമയം ബീജിംഗില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ പെങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നെങ്കിലും താരം സുരക്ഷതയല്ലെന്ന ആശങ്കകള്‍ക്ക് പരിഹാരമായിരുന്നില്ല. കുട്ടികളുടെ ടെന്നിസ് മത്സരം നടക്കുമ്പോള്‍ സംഘാടകര്‍ക്കൊപ്പം സ്‌പോര്‍ട്‌സ് ജാക്കറ്റ് ധരിച്ച് പെങ് നില്‍ക്കുന്നതാണ് ട്വിറ്ററില്‍ വന്ന ദൃശ്യത്തിലുള്ളത്. ഞായറാഴ്ചത്തെ ചിത്രമെന്നാണ് അവകാശവാദം. ശനിയാഴ്ചയും പെങ്ങിന്റെ രണ്ടു വിഡിയോകള്‍ പുറത്തുവിട്ടിരുന്നു. കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതും ഒരു റസ്റ്ററന്റില്‍ ഇരിക്കുന്നതുമായിരുന്നു അവയുടെ ഉള്ളടക്കം.

അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ ബെയ്ജിംഗ് വിന്റര്‍ ഒളിമ്പിക്സ് ബഹിഷ്‌കരിക്കണമെന്ന് മുതിര്‍ന്ന എംപിമാര്‍ ആഹ്വാനം ചെയ്തതോടെ ചൈനയോടുള്ള തന്റെ നിലപാട് കടുപ്പിക്കാന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ പെങ്ങിനെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ച സാഹചര്യത്തിലും ഇന്റര്‍ണാഷണല്‍ ഒളിമ്പിക് കമ്മിറ്റി നിശബ്ദതരായതും വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. ബെയ്ജിംഗ് വിന്റര്‍ ഗെയിംസ് ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. 

ഈ മാസം രണ്ടിന് സമൂഹമാധ്യമമായ വെയ്ബോയിലൂടെ  മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ പുറത്തു വിട്ട ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ പെങ്  പൊതുമധ്യത്തില്‍ എത്തിയിരുന്നില്ല.  അതേസമയം പെങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അപ്രത്യക്ഷമാകുകയും ലൈംഗീക ആരോപണം പ്രചരിക്കുന്നത് തടയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡബ്ല്യുടിഎ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. 'പെങ് ഷുവായി എവിടെ?' എന്ന ഹാഷ്ടാഗില്‍  താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിനും  ശക്തമായിരുന്നു. ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആന്‍ഡി മറി, ഫുട്ബോള്‍ താരം ജെറാര്‍ഡ് പിക്വെ തുടങ്ങിയവരെല്ലാം താരത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം താരത്തിന്റെ  ആരോപണത്തെക്കുറിച്ച് ഷാങ്ങോ ചൈനീസ് സര്‍ക്കാരോ പ്രതികരിക്കാതിരുന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വിമ്പിള്‍ഡന്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് വിജയിയും 3 തവണ ഒളിംപിക് ചാംപ്യനുമാണ് പെങ്. 

പെങ് ഷുവായെ കാണാതായതിന് പിന്നാലെ ചൈനയില്‍  ടൂര്‍ണമെന്റുകള്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറുന്നത് പരിഗണിക്കുമെന്ന് ഡബ്ല്യൂടിഎ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് സൈമണ്‍ വ്യാഴാഴ്ച വിവിധ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിന്‍ജിന്‍ അവകാശപ്പെട്ടു. അവള്‍ പ്രതികാരത്തിന് ഇരയായെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പെങ് ഷുവായ് അധികം വൈകാതെ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് ഷിന്‍ജിന്‍ വ്യക്തമാക്കി. ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലി പുറത്തിറക്കുന്ന പത്രമാണ് 'ദ് ഗ്ലോബല്‍ ടൈംസ്'.