നെയ്മര്‍ പിഎസ്ജി വിടുമോ? ബാഴ്സലോണയുടെ പ്രതിനിധിസംഘം പാരിസില്‍

 
നെയ്മര്‍ പിഎസ്ജി വിടുമോ? ബാഴ്സലോണയുടെ പ്രതിനിധിസംഘം പാരിസില്‍

നെയ്മര്‍ പിഎസ്ജി വിട്ട് ബാഴ്സലോണയിലേയ്ക്ക് മടങ്ങുകയാണെന്ന റിപോര്‍ട്ടുകളാണ് ഫുട്‌ബോള്‍ ലോകത്ത് കുറച്ചു ദിവസങ്ങളായുള്ള ചര്‍ച്ചകള്‍. നെയ്മറെ കൈമാറുന്നത് സംബന്ധിച്ച് ബാഴ്സയും പിഎസ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റലോണിയന്‍ റേഡിയോ ചാനലുകളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നെയ്മറെ ബാഴ്‌സയില്‍ എത്തിക്കുന്നതിന്റ ഭാഗമായി ചര്‍ച്ചകള്‍ക്കായി ബാഴ്സയുടെ ഒരു പ്രതിനിധിസംഘം പാരിസില്‍ എത്തിയിട്ടുണ്ട്. സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍, ബോര്‍ഡ് അംഗങ്ങളായ ഹാവിയര്‍ ബോര്‍ഡാസ്, ആന്ദ്രെ കറി എന്നിവര്‍ അടങ്ങുന്ന ഒരു സംഘമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. 100 ദശലക്ഷം യൂറോയ്ക്ക് പുറമെ ബ്രസീലിയന്‍ താരം ഫിലിപ്പെ കുടിന്യോയെ കൂടി കൈമാറാം എന്നാണ് നെയ്മര്‍ക്കുവേണ്ടിയുള്ള ബാഴ്സയുടെ ഓഫര്‍. അതേസമയം കുടിന്യോയ്ക്ക് പുറമെ പോര്‍ച്ചുഗീസ് റൈറ്റ് ബാക്ക് നെല്‍സണ്‍ സെമെഡോയെ കൂടി വേണം എന്ന നിലപാടിലാണ് പിഎസ്ജി. അതേസമയം നെയ്മറെ റയലിന് കൈമാറാനാണ് പി.എസ്.ജിക്ക് താത്പര്യമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയിലാണ് ബാഴ്സയുടെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി പാരിസിലെത്തിയത്.

2017ലാണ് നെയ്മര്‍ ബാഴ്സ വിട്ട് പി.എസ്.ജിയിലെത്തിയത്. 37 കളികളില്‍ നിന്ന് 34 ഗോളുകള്‍ നേടിയ നെയ്മര്‍ പക്ഷേ, കുറച്ചു കാലമായി അത്ര നല്ല ഫോമിലല്ല. പരിക്കായിരുന്നു പ്രധാന കാരണം. പല മത്സരങ്ങളിലും വിട്ടുനില്‍ക്കുക കൂടി ചെയ്തതോടെ ആരാധകരുടെ രോഷത്തിനും പാത്രമാകേണ്ടിവന്നു.