അതെ അത് സത്യമാണ്, റയല്‍ മാഡ്രിഡിലേക്ക് സിനദിന്‍ സിദാന്‍ തിരിച്ചെത്തി

 
അതെ അത് സത്യമാണ്, റയല്‍ മാഡ്രിഡിലേക്ക് സിനദിന്‍ സിദാന്‍ തിരിച്ചെത്തി

റയല്‍ മാഡ്രിഡിന് ആശ്വാസ വാര്‍ത്ത എത്തിയിരിക്കുന്നു. സീസണില്‍ മോശം ഫോമില്‍ തുടരുന്ന സ്പാനിഷ് വമ്പന്‍മാരുടെ രക്ഷയക്കായി ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ തിരിച്ചെത്തി കഴിഞ്ഞു. നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിദാന്‍ മടങ്ങി എത്തിയിരിക്കുന്നത്. 2022 ജൂണ്‍ 30 വരെയാണ് മുന്‍ ഫ്രഞ്ച് താരത്തിന്റെ കരാര്‍. കഴിഞ്ഞ വര്‍ഷം റയലിനെ ചാംപ്യന്‍സ് ലീഗ് കിരീടമണിയിച്ച ശേഷമാണ് സിദാന്‍ സ്ഥാനമൊഴിഞ്ഞിരുന്നത്.

സീസണില്‍ മോശം പ്രകടനമാണ് റയലിന്റേത്. ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനോട് തോറ്റ് പുറത്തായി. കോപ്പാ ഡെല്‍റേയിലും നേരത്തെ മടങ്ങേണ്ടിവന്നു. ലാ ലിഗയില്‍ ചിരവൈരികളായ ബാഴ്‌സലോണയ്ക്ക് 12 പോയിന്റുകള്‍ പിന്നിലാണ് റയലിപ്പോള്‍. ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോകുന്ന റയലിന് വലിയ ആശ്വാസമാകും സിദാന്റെ വരവ്. ലാലിഗയില്‍ 11 മത്സരങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സിദാന്‍ റയലിലേക്ക് എത്തുന്നത്. ലാ ലീഗയിലെ ടീമിന്റെ സാധ്യതകളും ഏറെ കുറെ അവസാനിച്ച സ്ഥിതിയാണ്.

കഴിഞ്ഞ വര്‍ഷം സിദാന് പിറകെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയും ക്ലബ് വിട്ടത് റയലിന് തിരിച്ചടിയാകുകയായിരുന്നു. പിന്നീട് പഴയ പ്രതാപത്തിലേക്ക് മടങ്ങാന്‍ റയല്‍ വല്ലാതെ കഷ്ടപ്പെടുകയായിരുന്നു. അടുത്ത സീസണിലേക്ക് ടീമിനെ ഒരുക്കുകയെന്നതായിരിക്കും സിദാന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പരിശീലക സ്ഥാനത്തേക്ക് ഹോസെ മൗറീഞ്ഞോയെ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുക ള്‍ ഉണ്ടായിരുന്നു.