മജിസിയ ബാനു എന്ന മലയാളി പെണ്‍കുട്ടി തട്ടമിട്ടു തന്നെ ലോക പഞ്ചഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

 
മജിസിയ ബാനു എന്ന മലയാളി പെണ്‍കുട്ടി തട്ടമിട്ടു തന്നെ ലോക പഞ്ചഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

കേരളത്തിന്റെ സ്‌ട്രോങ് വുമണായി തിരഞ്ഞെടുക്കപ്പെട്ട മജിസിയ ബാനു സൃഷ്ടിക്കുന്നത് ചരിത്രം തന്നെയാണ്. ദിവസങ്ങൾക്ക് മുമ്പ് ഈ പെൺകുട്ടി കോഴിക്കോട് പ്രസ്സ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിച്ചത് ഈ വരുന്ന ഒക്ടോബറിൽ തുർക്കിയിൽ വെച്ചു നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനാവശ്യമായ രണ്ട് ലക്ഷം രൂപ സംഘടിപ്പിക്കുവാൻ സുമനസുകളുടെ സഹായം തേടിക്കൊണ്ടായിരുന്നു. സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പിന്തുണയാണ് മജിസിയ ബാനുവിന് പിന്നീട് ലഭിച്ചത്. അടയ്ക്കാനുള്ള രണ്ട് ലക്ഷം രൂപ എംഇഎസിന്റെയും, തലശ്ശേരി സ്പോർട്സ് ഫൗണ്ടേഷന്റെയും, ബി.കെ 55 ക്രിക്കറ്റ് ഫൗണ്ടേഷന്റെയും സംയുക്ത ഇടപെടലിലൂടെ ബാനുവിന് ലഭിച്ചു.

എന്നാൽ മജിസിയ ബാനുവിന്റെ എല്ലാ പ്രശ്നങ്ങളും ഇതുകൊണ്ട് തീരുന്നില്ല. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുള്ള ഈ കായികതാരത്തിനു മുമ്പിൽ കടമ്പകളേറെയാണ്. മനക്കരുത്തും മെയ്ക്കരുത്തും ആവോളം ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വലിയ ചോദ്യചിഹ്നം തന്നെയാണ്. ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഇന്ത്യയുടെ അഭിമാനമായ ഈ മിടുക്കിക്ക് പറയാനുള്ളത് വേറിട്ടൊരു ജീവിത വഴിയുടെ കഥയാണ്.

"ചെറുപ്പം മുതലേ ആൺകുട്ടികൾ ചെയ്യാറുള്ള അഡ്വഞ്ചറസ് ഗെയിംസിനോടായിരുന്നു താല്പര്യം. റിസ്ക് ഏറ്റെടുക്കാൻ അന്നേ ഇഷ്ടമായിരുന്നു. എന്നാൽ പവർ ലിഫ്റ്റിംങ്ങും പഞ്ചഗുസ്തിയും സീരിയസായി കാണാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്." മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ ഫൈനൽ ഇയർ ബി.ഡി.എസ് വിദ്യാർത്ഥിനിയായ മജിസിയ ബാനു ഒരു കോളേജ് വെക്കേഷൻ കാലത്താണ് പഞ്ചഗുസ്തി ശാസ്ത്രീയമായി അഭ്യസിക്കാൻ തീരുമാനിച്ചത്.

"എന്‍റെ നാട് ഒരു ചെറിയ ഗ്രാമപ്രദേശമാണ്, അവിടെയോ അതിനു ചുറ്റുമുള്ള പരിസരങ്ങളിലോ ഇവയൊന്നും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകള്‍ ഇല്ലായിരുന്നു." അതുകൊണ്ടു തന്നെ ബാനുവിന് ഇത് പഠിക്കണമെങ്കിൽ കോഴിക്കോട് എത്തണമായിരുന്നു. 60 കിലോമീറ്ററോളം സഞ്ചരിക്കണം ബാനുവിന് ഇവിടെ എത്താൻ. അവിടെവെച്ച് ബാനുവിനെ പഞ്ചഗുസ്തി പരിശീലിപ്പിച്ചിരുന്ന ട്രെയിനർ രമേഷ് ആണ് ബാനുവിനോട് പവർലിഫ്റ്റിങ്ങിനെ പറ്റി പറഞ്ഞത്.

"പവർലിഫ്റ്റിങ്ങിൽ എനിക്ക് വലിയൊരു ഭാവിയുണ്ടെന്ന് പറഞ്ഞത് രമേഷ് സാർ ആയിരുന്നു. തുടർന്നാണ് പവർ ലിഫ്റ്റിംഗ് പരിശീലിച്ചു തുടങ്ങിയത്" അതിനുശേഷം നടന്ന കോഴിക്കോട് ജില്ലാ പവർലിഫ്റ്റിങ്ങിൽ മജിസിയ ബാനു വിജയ കിരീടം ചൂടിയപ്പോൾ പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ സ്വർണം നേടിയ സന്തോഷത്തിലായിരുന്നു ഈ മിടുക്കി. ബോഡി ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മജിസിയ ബാനു മിസ്റ്റർ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2018, ബെസ്റ്റ് ലിഫ്റ്റർ ഓഫ് ദി ഇയർ, സ്‌ട്രോങ് വുമൺ ഓഫ് കോഴിക്കോട്, സ്‌ട്രോങ് വുമൺ ഓഫ് കേരള തുടങ്ങി നിരവധി നേട്ടങ്ങളും ബഹുമതികളും നേടി. ലഖ്നൗവിൽ നടന്ന 55 കിലോഗ്രാം സീനിയർ വുമൺ പഞ്ചഗുസ്തിയിൽ സ്വർണ്ണം കരസ്ഥമാക്കിയാണ് ഈ വരുന്ന ലോകകപ്പ് പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

എന്നാൽ ഈ നേട്ടങ്ങൾക്ക് പിന്നിൽ താങ്ങും തണലുമായി നിന്നവരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ ബാനുവിന് വാക്കുകളില്ല. "നാട്ടുകാരുടെയും ചില സന്നദ്ധ സംഘടനകളുടെയും നല്ല മനസുകൊണ്ടാണ് ഇതുവരെയുള്ള ചാമ്പ്യൻഷിപ്പുകളിൽ ഞാൻ പങ്കെടുത്തത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയും പി മോഹനൻ മാഷും ഏറാമല കോപ്പറേറ്റീവ് ബാങ്കും എല്ലാം നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് എന്നെ മാത്രം സഹായിച്ചാൽ പോരല്ലോ. എന്നെപ്പോലെ എത്രയോ കുട്ടികൾ ഇതുപോലെ സഹായം ആവശ്യമാണ് അതുകൊണ്ടുതന്നെ ഒരു സ്പോൺസർ എനിക്ക് ആവശ്യമായിരുന്നു."

അതിനിടയിൽ ബാനുവിനെ സ്പോൺസർ ചെയ്യാൻ സന്നദ്ധരായിക്കൊണ്ട് തലശ്ശേരിയിലുള്ള ഒരു ദുബായ് കേന്ദ്രീകൃത കമ്പനി എത്തി. "അവർ നൽകിയ പ്രതീക്ഷയിലായിരുന്നു ഞാൻ. തുർക്കിയിൽ പോകാൻ അവർ സഹായിക്കും എന്നുതന്നെയായിരുന്നു കരുതിയത്. അവസാന നിമിഷം എല്ലാം മാറിമറിയുകയായിരുന്നു. തട്ടമിട്ട പെൺകുട്ടിയെ പെൺകുട്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകചാമ്പ്യൻഷിപ്പിൽ മത്സരിക്കുമ്പോൾ വിവാദങ്ങൾ ഉണ്ടായേക്കാമെന്നും റിസ്ക് ഏറ്റെടുക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും അവർ അറിയിക്കുകയായിരുന്നു." ഇതിനെത്തുടർന്നാണ് ബാനുവിന് മാധ്യമങ്ങളെ കാണേണ്ടിവന്നതും സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചതും.

ഹിജാബ് ധരിച്ച പവർലിഫ്റ്റർ ഒരത്ഭുതമായി മാറുമ്പോൾ മജ്സിയ ബാനുവിന് പറയാനുള്ളത് ഇതാണ്; "ഹിജാബ് എന്‍റെ ജീവിതശൈലിയാണ്, എന്റെ വ്യക്തിത്വമാണ്." ഹിജാബ് ധരിക്കുന്നതുകൊണ്ട് മത്സരത്തിനിടെ യാതൊരു അസൗകര്യങ്ങളും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ഇത് തനിക്ക് തരുന്നത് ആത്മവിശ്വാസം കൂടിയാണെന്ന് പറയുന്നു മജിസിയ ബാനു.

"ഹിജാബ് ധരിച്ചുകൊണ്ട് മത്സരിക്കാം എന്നത് മുസ്ലിംസിനു പോലും അറിയില്ലായിരുന്നു. ഈ കളിയുടെ നിയമം അനുസരിച്ച് ഹിജാബ് ധരിക്കാം. ശരീരവും മുഴുവനായി കവർ ചെയ്യാം." അന്താരാഷ്ട്രതലത്തിൽ ധാരാളം മുസ്ലിം പ്ലെയേഴ്സ് ഉണ്ടെന്നും കൂട്ടിച്ചേർക്കുന്നു ബാനു. "എന്നാൽ അവരൊന്നും ഹിജാബ് ധരിക്കുന്നില്ല. കാരണം അവര്‍ക്കറിയില്ല ഹിജാബ് ധരിച്ചും മത്സരിക്കാം എന്നുള്ളത്." ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു കളിക്കാരി ഹിജാബ് ധരിച്ച് കളിക്കാമോ എന്ന് അത്ഭുതത്തോടെ ചോദിച്ച കാര്യം മജിസിയ ബാനു പങ്കുവെച്ചു.

"മതത്തിനോ വിശ്വാസത്തിനോ എതിരായി ഞാനൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ എന്നെ ആരും നിരുത്സാഹപ്പെടുത്തിയിട്ടില്ല. എന്നെ അറിയാത്തവർ എന്നെ എന്തു പറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കാറുപോലുമില്ല. എന്റെ ലക്ഷ്യങ്ങളിൽ അത് തടസമാവാറുമില്ല." വളർന്നു വരുന്ന തലമുറയ്ക്ക് താനൊരു പ്രചോദനമാവണം എന്നാഗ്രഹിക്കുന്ന ഈ പെൺകുട്ടിയുടെ സ്വപ്നമാണ് സ്വന്തമായൊരു സ്പോർട്സ് അക്കാദമി.

"എനിക്ക് 23 വയസുണ്ട്. രണ്ടു വർഷം മുമ്പ് മാത്രമാണ്‌ എനിക്ക് ഇതൊക്കെ ശാസ്ത്രീയമായി പഠിക്കാൻ ആയത്. ചെറുപ്പത്തിലേ പരിശീലനം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട് ഇടയ്ക്കൊക്കെ." ഇനി ഉള്ള കുട്ടികൾക്കെങ്കിലും ചെറുപ്രായത്തിൽ തന്നെ എല്ലാ തരത്തിലുമുള്ള പരിശീലനവും പ്രോത്സാഹനവും നൽകാൻ തനിക്കാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു മജിസിയ ബാനു. "കൊച്ചുകുട്ടികൾ വന്നു ചോദിക്കാറുണ്ട്. ചേച്ചി ഇതൊക്കെ ഞങ്ങളെയും പഠിപ്പിക്കുമോ, ഞങ്ങൾക്കും ചേച്ചിയെ പോലെ ആവണം എന്നൊക്കെ. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്," മജിസിയ ബാനു പറഞ്ഞു നിർത്തി.

ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ടീം പോലുമില്ലെങ്കിലും ഫുട്ബോളിനും ക്രിക്കറ്റിനും കിട്ടുന്ന സ്വീകാര്യത ഇത്തരം മാർഷ്യൽ ആർട്സിന് കിട്ടാത്തതിൽ കടുത്ത നിരാശയുണ്ട് ഈ കായികതാരത്തിന്.

"എന്നെങ്കിലും ആളുകളുടെ ചിന്താരീതി മാറുമായിരിക്കും. ഇത്തരം സ്പോർട്സ് ഇനങ്ങളും പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത ജനങ്ങളും ഗവർന്മെന്റും മനസിലാക്കുമായിരിക്കും." ഈ പ്രതീക്ഷ മജിസിയ ബാനുവിന്റെ മാത്രമല്ല നമ്മൾ അവഗണിക്കുന്ന ഒരുപാട് കായികതാരങ്ങളുടേത് കൂടിയാണ്.

വടകര ഓർക്കാട്ടേരി സ്വദേശികളായ അബ്ദുൾ മജീദിന്റെയും റസിയ മജീദിന്റെയും മകൾ മജിസിയ ബാനുവിന് ഇനി വേണ്ടത് ഒരു സ്പോണ്‍സറെയാണ്. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും ഉറപ്പ് പറഞ്ഞിട്ടില്ല. ഇന്ത്യയുടെ അഭിമാനമാവേണ്ട ഈ കായികതാരത്തെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരേണ്ടത് കായികലോകത്തിന്റെ തന്നെ ആവശ്യമാണ്. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഈ പെൺകുട്ടി വിജയകിരീടം ചൂടി തിരിച്ചു വരട്ടെ എന്നും പ്രത്യാശിക്കാം.