ലക്ഷ്യം കന്നി ട്വന്റി20 കിരീടം: വാര്‍ണറുടെ ബാറ്റിംഗ് കരുത്തില്‍ അച്ചടക്കമുള്ള കിവീസ് ബൗളിംഗ് നിര നിഷ്പ്രഭരാകുമോ? 

 
t20

കന്നി ട്വന്റി20 കിരീടം ലക്ഷ്യം വെച്ച് ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും ദുബായില്‍ ഇന്ന് നേര്‍ക്ക് നേര്‍ പോരാട്ടത്തിനിറങ്ങുകയാണ്. രണ്ട് ടീമിനൊപ്പവും എന്തിനും പോന്ന താരങ്ങളുള്ളതിനാല്‍ ഈ മത്സരത്തില്‍ പ്രവചനങ്ങള്‍ക്ക് ഒട്ടും തന്നെ സ്ഥാനമില്ല. വേദി ദുബായ് ആണെന്നതിനാല്‍ ടോസ് ഫൈനലിലും നിര്‍ണായകമാകും. ഓസ്ട്രേലിയ പാകിസ്താനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നപ്പോള്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചാണു ന്യൂസിലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം.

സ്റ്റാര്‍ പേസര്‍ ലോക്കീ ഫെര്‍ഗൂസണിന് ശേഷം ഡെവണ്‍ കോണ്‍വെയെ പരുക്കുമൂലം നഷ്ടമായ ന്യൂസിലന്‍ഡിന് ഭയരഹിതമായ ക്രിക്കറ്റ് കളിക്കുകയാണ് എല്ലാറ്റിലും പ്രധാനം. പ്രതിരോധത്തിലൂന്നാതെ എതിരാളികള്‍ക്കുമേല്‍ ആക്രമിച്ചു കയറുന്ന രീതിയിലുള്ള കളി പുറത്തെടുത്താല്‍ ന്യൂസിലന്‍ഡിന് ആദ്യ ലോകകപ്പ് ചാമ്പ്യന്മാരാകാം. സൂപ്പര്‍ 12 മത്സരങ്ങളിലും സെമിയിലും ന്യൂസിലന്‍ഡിന്റേത് എതിരാളികളെ അറിഞ്ഞുള്ള കളിയാണ്. ദൗര്‍ബല്യവും കരുത്തും അറിഞ്ഞുകൊണ്ടുള്ള ശൈലി തന്നെയാണ് ന്യൂസിലന്‍ഡിന്റെ വിജയത്തിന് പിന്നിലുള്ള രഹസ്യവും. താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് പുറത്തു പോകുമ്പോഴും ടീമില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ കരുത്തരായ താരങ്ങള്‍ക്ക് പഞ്ഞമില്ലെന്ന് തന്നെയാണ്. വില്യംസണിന്റെ ഈ കരുത്തുറ്റ ആത്മവിശ്വാസമാണ് ടീമിന് സമ്മര്‍ദങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള ഇന്ധനം. 

ഓസീസിനെ സംബന്ധിച്ച് ലോകകപ്പ് വേദികളിലെ വിജയം കണ്ട കിരീട പോരാട്ടങ്ങളാണ് മൈതാനത്ത് ആത്മധൈര്യം പകരുക. ലോകപ്പില്‍ കിവീസിനെ എതിരുടുമ്പോള്‍ 2015 ല്‍ മെല്‍ബണില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു, അന്ന് എതിരാളികളെ തൂത്തെിഞ്ഞ ചരിത്രമാണ് ഓസ്‌ട്രേലിയയ്ക്ക് അവകാശപ്പെടാനുള്ളത്. ആവേശം ജ്വലിപ്പിച്ച മത്സരങ്ങളുടെ സമ്പന്നമായ ചരിത്രമാണ് ട്രാന്‍സ്-ടാസ്മാന്‍ എതിരാളികള്‍ക്കുള്ളത്. 

അച്ചടക്കമുള്ള ബൗളിംഗ് നിരയില്‍ കിവീസ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ടോപ് ഓര്‍ഡറിലാണ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലുകളെല്ലാം. വാര്‍ണര്‍ പുറത്തായാല്‍ ഓസ്ട്രേലിയ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് വീഴും. ഫോമിലുള്ള ഡേവിഡ് വാര്‍ണറെ അതിവേഗം പുറത്താക്കാന്‍ ന്യൂസിലന്‍ഡിന് കഴിയണം.  ഐപിഎല്ലിലെ മോശം പ്രകടനത്തിലൂടെ ലോകകപ്പിനെത്തിയ വാര്‍ണര്‍ ടീമിന്റെ വിജയശില്‍പിയായി മാറിയത് അതിവേഗമാണ്. സെമിയില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ വാര്‍ണര്‍ ഫൈനലില്‍ കൂടുതല്‍ അപകടകാരിയാകും. ആദം സാംപയെ പ്രതിരോധിക്കാനും ഈ ബൗളറുടെ ഓവറുകളില്‍ റണ്‍സ് കണ്ടെത്താനും ന്യൂസിലന്‍ഡിന് സാധിക്കണം. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയുടെ തുരുപ്പുചീട്ടാണ് സാംപ. ആറു മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. 5.69 എന്നതാണ് ഇക്കണോമിയെന്നത് ന്യൂസിലന്‍ഡിനുള്ള മുന്നറിയിപ്പു കൂടിയാണ്.

ഐസിസി ഇവന്റുകളില്‍ എപ്പോഴും സ്ഥിരത പുലര്‍ത്തുന്ന ന്യൂസിലന്‍ഡിന് കെയ്ന്‍ വില്യംസണിന്റെ സമര്‍ത്ഥമായ നേതൃത്വത്തിന് കീഴില്‍ പോകാനുള്ള ആത്മവിശ്വാസം ഉണ്ടെന്ന് തന്നെയാണ് തെളിയിക്കുന്നത്. പരിക്കേറ്റ ഡേവോണ്‍ കോണ്‍വെയ്ക്ക് പകരം ടിം സീഫെര്‍ട്ട് കിവീസ് നിരയിലെത്തും. കിവീസിനെ സംബന്ധിച്ച് ഇത് അവരുടെ ആദ്യ ടി20 ലോകകപ്പ് ഫൈനലാണ്. ഇതില്‍ വിജയിക്കുകയാണെങ്കില്‍, ലോകോത്തര കളിക്കാരെ മെനഞ്ഞെടുക്കുന്ന രാജ്യത്തിന് ഇത് ശ്രദ്ധേയമായ നേട്ടമായിരിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികച്ച ബൗളിംഗ് ടീം എന്ന് പേരെടുത്തിരുന്നു കിവീസ് പട. കരുത്തരായ ഇംഗ്ലണ്ടിനെതിരെ സെമിഫൈനലില്‍ തങ്ങളുടെ ബാറ്റിംഗ് ക്ലാസ് കാണിച്ച് കൊടുത്തിരുന്നു അവര്‍. കിവീസ് താരങ്ങള്‍ക്ക് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20യില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മികച്ച റെക്കോര്‍ഡുണ്ട്. താരത്തിന്റെ ഓപ്പണിംഗ് പങ്കാളി ഡാരില്‍ മിച്ചലും മോശക്കാരനല്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ സ്‌കോറിംഗ് മെഷിനാണ്, ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റനും അവസരത്തിനൊത്ത് ഉയര്‍ന്നേക്കാം. ഇംഗ്ലണ്ടിനെതിരെ മധ്യനിരയില്‍ ജിമ്മി നീഷാം തന്റെ വില കളിച്ച് കാണിച്ചു. 

ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിനെയും ഡേവിഡ് വാര്‍ണറെയും പവര്‍പ്ലേയില്‍ നിശ്ശബ്ദരാക്കാന്‍ ടിം സൗത്തിയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും പരിചയസമ്പന്ന ധാരാളം. മൂന്നാം പേസര്‍ എന്ന നിലയില്‍ ആദം മില്‍നെയും മാന്യമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 
ലെഗ് സ്പിന്നറുമായ ഇഷ് സോധി മധ്യ ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. 

അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കുട്ടിക്രിക്കറ്റില്‍ ആദ്യ കിരീടമാണ് നോട്ടമിടുന്നത്. മുമ്പ് 2010ല്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിന് മുന്നില്‍ തോറ്റുവീണു. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് കുട്ടിക്രിക്കറ്റിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് കിവീസ് ഒരുങ്ങുന്നത് എന്നതും സവിശേഷതയാണ്. 
ഓസ്ട്രേലിയയെ തോല്‍പിക്കാനായാല്‍ ഒരു വര്‍ഷത്തില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടം കിവികളുടെ പേരിലാകും. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ വച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കെയ്ന്‍ വില്യംസണും സംഘവും ഉയര്‍ത്തിയിരുന്നു. ടീം ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു കിരീടധാരണം.