സമ്പൂര്‍ണ ആധിപത്യം ഓസീസിന് തന്നെ; എന്തുകൊണ്ട് വാര്‍ണര്‍ ഈ ലോകകപ്പിന്റെ താരമാണ് ? 

 
warner


ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഓസ്ട്രേലിയ. ലോകക്രിക്കറ്റില്‍ ഓസ്ട്രേലിയ എന്തുകൊണ്ട് എല്ലാ കാലത്തും സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തുന്നു എന്നതിനുള്ള ഉത്തരം കൂടിയായിരുന്നു ഈ ലോകകപ്പ്.  ബംഗ്ലാദേശിനെതിരെ പോലും ദയനീയമായി തോറ്റ ഓസീസ് ടീം ടൂര്‍ണമെന്റ് അവസാനിപ്പത് ലോകചാംപ്യന്‍ പട്ടം നേടിക്കൊണ്ടാണ്.  എത്ര ദുര്‍ബലരാണെന്ന് തോന്നിക്കുമ്പോഴും നിര്‍ണായക പോരാട്ടങ്ങളില്‍ ജയത്തെ ഒപ്പം ചേര്‍ക്കുന്നതില്‍ അവര്‍  മികവ് തന്നെയാണ് അവരുടെ പ്രൊഫഷണലിസം.

അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് ഓസീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തിരിച്ചു വരവാണ്. ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു വാര്‍ണറുടെ പ്രകടനം. ടി20 ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് ഓസ്ട്രേലിയയുടെ  ഏറ്റവും വലിയ ആശങ്ക വാര്‍ണര്‍ ഫോമിലല്ല എന്നതായിരുന്നു. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ വാര്‍ണര്‍ സന്നാഹ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വാര്‍ണര്‍ക്ക് പകരം താരത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങളും ഇതോടെ ഉയര്‍ന്നിരുന്നു. എന്നാല്‍ മാക്സ്വെല്‍ ഉള്‍പ്പെടെയുള്ള ഓസീസ് താരങ്ങള്‍ അദ്ദേഹത്തിന് പിന്തുണയുമായി വന്നിരുന്നു.

സെമി ഫൈനലിലും ഫൈനലിലും താരങ്ങള്‍ മറ്റുള്ളവരായെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തന്നെയാണ് ഓസീസിനെ വലിയ 2 മത്സരങ്ങളും ചേസ് ചെയ്യാന്‍ സഹായിച്ചത്. ഈ ടൂര്‍ണമെന്റിനൊരു താരം ഉണ്ടെങ്കില്‍ അത് വാര്‍ണര്‍ തന്നെയാണ്. ആസ്‌ട്രേലിയയെ തകര്‍ക്കുക എളുപ്പമായിരുന്നു.എന്താണ് ചെയ്യേണ്ടതെന്ന് എതിരാളികള്‍ക്കും വ്യക്തമായും അറിയുകയും ചെയ്യാം ആദ്യ 5 ഓവറുകള്‍ക്കുള്ളില്‍ വാര്‍ണറെ മടക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ എതരാളികള്‍ വാര്‍ണര്‍ക്ക് മുന്നില്‍ തോറ്റു. ഡേവിഡ് വാര്‍ണര്‍ ടീമിന് നല്‍കിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ച് കയറിയത്. 

ഐപിഎല്ലില്‍ ഫോം നഷ്ടമായതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിലെ ക്യാപ്റ്റന്‍ സ്ഥാനവും പിന്നീട് ടീമിലെ തന്നെ സ്ഥാനവും നഷ്ടപ്പെട്ടതോടെ വാര്‍ണര്‍ നിരാശനായിരുന്നു. എന്നാല്‍ ലോകകപ്പില്‍ വന്നപ്പോള്‍ വാര്‍ണര്‍ വന്‍ തിരിച്ചു വരവാണ് നടത്തിയത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് വാര്‍ണര്‍.  ഈ ലോകകപ്പിലെ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 289 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ താരവും വാര്‍ണര്‍ തന്നെ. കലാശപ്പോരില്‍ വാര്‍ണര്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം 53 റണ്‍സെടുത്തു. ഒരു ട്വന്റി 20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്ട്രേലിയന്‍ താരമെന്ന നേട്ടമാണ് ഫൈനലിലെ അര്‍ധ സെഞ്ചുറിയോടെ വാര്‍ണര്‍ സ്വന്തമാക്കിയത്. 2007-ലെ ട്വന്റി 20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 265 റണ്‍സ് നേടിയ മാത്യു ഹെയ്ഡന്റെ പേരിലുള്ള റെക്കോഡാണ് വാര്‍ണര്‍ മറികടന്നത്. 2012 ലോകകപ്പില്‍ 249 റണ്‍സ് നേടിയ ഷെയ്ന്‍ വാട്ട്‌സണെയും വാര്‍ണര്‍ പിന്നിലാക്കി.