മൈതാനത്ത് വ്യത്യസ്തമായ ശൈലികളായിരുന്നു; പരിശീലകന്‍ ദ്രാവിഡിന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്
 

 
dravid

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ഇന്ത്യയുടെ മുന്‍ ക്യാപറ്റന്‍ രാഹുല്‍ ദ്രാവിഡിനെ പുരഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വന്‍മതിലെന്നും, മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമെന്ന വിശേഷണവുമുളള ദ്രാവിഡിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

ഐപിഎല്‍  അവസാനത്തോടെ ഇന്ത്യയുടെ പരിശീലകനായി ദ്രാവിഡ് എത്തുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. നടന്നുകൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷമാണ് രവിശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് എത്തുന്നത്. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പര മുതല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ നയിക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി പ്രവര്‍ത്തിച്ചിരുന്ന ദ്രാവിഡിനെ 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് പരിശീലക സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയില്‍ കഴിവ് തെളിയിക്കപ്പെട്ട റെക്കോര്‍ഡാണ് ദ്രാവിഡിനുള്ളത്. 2018 ലെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലും എ ടീമുമായുള്ള മറ്റ് നിരവധി വിജയകരമായ പര്യടനങ്ങളിലും അദ്ദേഹം ഇന്ത്യയെ നയിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലായിരിക്കുമ്പോള്‍, ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 കളും കളിക്കാന്‍ ഒരു പരിമിത ഓവര്‍ ടീമിനെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദ്രാവിഡിനെ പരിശീലകനായി നിയമിക്കാനുള്ള ബിസിസിഐയുടെ തീരുമാനം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാനുള്ള വേദിയാണ് ദ്രാവിഡിന് ഇപ്പോള്‍ ഒരുങ്ങുന്നത്. ഇന്ത്യ എ, അണ്ടര്‍ 19 സര്‍ക്യൂട്ടിലെ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡിന് യുവതാരങ്ങളെയും അവരുടെ മികവും മനപ്പാടമാണ്. അതുകൊണ്ട് തന്നെ ടീം സെലക്ഷനിലുള്‍പ്പെടെ ഇത് സഹായകമാകും. 

ഏഴ് വര്‍ഷം മുമ്പാണ് ദ്രാവിഡ് തന്റെ പരിശീലക യാത്രയ്ക്ക് തുടക്കമിട്ടത്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ദ്രാവിഡ് അംഗമായിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് തന്റെ പരിശീലക വേഷം  ആരംഭിച്ചത്. 2014-ല്‍ ടീമില്‍ ചുമതല ഏറ്റെടുത്ത ദ്രാവിഡ് 
ആ വര്‍ഷം ടീമിനെ ആദ്യ അഞ്ചില്‍ എത്തിച്ചു. രാജസ്ഥാന്‍ റോയല്‍സിന് പ്ലേഓഫില്‍ ഇടം നേടാനായില്ലെങ്കിലും തുടര്‍ന്നുള്ള സീസണില്‍  മൂന്നാം സ്ഥാനത്തെത്തിച്ചു. 

റോയല്‍സ് വിട്ട ശേഷമാണ് ദ്രാവിഡ് ഇന്ത്യ അണ്ടര്‍ -19, ഇന്ത്യ എ ടീമുകളുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്.2016ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ടീം റണ്ണേഴ്സ് അപ്പ് ആയതിനാല്‍ അണ്ടര്‍ 19 പരിശീലകനെന്ന നിലയില്‍ തന്റെ കന്നി അങ്കത്തില്‍ തന്നെ ദ്രാവിഡ് കൈയ്യടി നേടി. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ പ്രതിഭകളെ കണ്ടെത്തിയതും ശ്രദ്ധേയമായിരുന്നു.

2000ല്‍ വിസ്ഡന്റെ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ ബഹുമതി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുളള പ്രഥമ സര്‍ ഗാരി സോബേഴ്സ് പുരസ്‌കാരം ജേതാവള കൂടിയാണ് ദ്രാവിഡ്. ടെസ്റ്റില്‍ 200 ക്യാച്ചുകള്‍ സ്വന്തമാക്കിയ ആദ്യ താരം (വിക്കറ്റ് കീപ്പറെകൂടാതെ) എന്ന നേട്ടം ദ്രാവിഡിന്റെ പേരിലാണ്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡ് ഇന്നും ദ്രാവിഡിനു സ്വന്തം. ടെസ്റ്റില്‍ 5000 ഓവറുകള്‍ (30,000 പന്തുകള്‍)  നേരിട്ട ആദ്യ ബാറ്റര്‍ എന്ന നേട്ടം അദ്ദേഹം 2011ല്‍ സ്വന്തമാക്കി. 1999ല്‍ അര്‍ജുന പുരസ്‌കാരവും 2012ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 

സാങ്കേതികത തികവിൽ സച്ചിൻ തെൻഡുൽക്കറേക്കാൾ ഒരു പടി മുന്നിലാണ് രാഹുൽ എന്നു കരുതുന്നവരേറെ. സച്ചിന്റെ ബാറ്റിങ്ങിന്റെ ഒഴുക്കോ ഗാംഗുലിയുടെ ഓഫ് സൈഡിലെ മികവോ രാഹുലിന് അവകാശപ്പെടാനില്ലായിരിക്കാം. പക്ഷേ, ക്രീസിൽ ക്ഷമയോടെ പിടിച്ചുനിൽക്കാനുള്ള കഴിവിൽ ഇവരെക്കാളൊക്കെ ഏറെ മുന്നിലായിരുന്നു ദ്രാവിഡ്. ക്രീസിൽ നിൽക്കുമ്പോൾ പുലർത്തുന്ന തികഞ്ഞ ഏകാഗ്രതയാണ് ദ്രാവിഡിനെ മികച്ചൊരു ബാറ്ററും  ലോകറാങ്കിങ്ങിൽ ഒന്നാമനുമാക്കിയത്.  

ക്യാപ്റ്റന്‍സി കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ശക്തിയുടെ ഇരുണ്ട വശം ദ്രാവിഡ് നേരിട്ടിരുന്നു. ആ സമയം ക്യപ്റ്റനെന്ന നിലയില്‍ അദ്ദേഹം ചുവടുറപ്പിച്ചിട്ടുണ്ടായിരുന്നില്ല. സച്ചിന്‍ 194 റണ്‍സില്‍ നില്‍ക്കെ ഇന്നിംഗ്‌സ് അവസാനിപ്പിച്ച ദ്രാവിഡിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു.  2004 ല്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിലായിരുന്നു ഇത്. ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം സീനിയര്‍ താരങ്ങളോടുള്ള സമീപനവും അവര്‍ ദ്രാവിഡിന്റെ രീതികളുമായി ചേര്‍ന്ന് പോകുന്നതും പരിശീലകനെന്ന നിലയ്ക്കപ്പുറം ദ്രാവിഡിനെ സംബന്ധിച്ച് നിര്‍ണായകമാണ്.