പാരാലിംപിക്‌സില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം; ബാഡ്മിന്റണില്‍ പ്രമോദ് ഭഗത്തിന് സ്വര്‍ണം; മനോജ് സര്‍ക്കാരിന് വെങ്കലം

 
d

പാരാലിംപിക്സില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. എസ്എല്‍ 3 ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രമോദ് ഭഗതാണ് സ്വര്‍ണം നേടിയത്. പാരാലിംപിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. ഇതേ ഇനത്തില്‍ മനോജ് സര്‍ക്കാര്‍ ഇന്ത്യക്കായി വെങ്കലവും നേടി. 45 മിനിറ്റ് നീണ്ട ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. 

ഈ വിഭാഗത്തില്‍ പ്രമോദാണ് ലോക ഒന്നാം നമ്പര്‍ താരം. ബെതെല്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തില്‍ തന്നെ പോളിയോ ബാധിതനായി, ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. എന്നിട്ടും തളരാതെ ബാഡ്മിന്റണെ സ്‌നേഹിച്ച താരം മൂന്ന് തവണ ലോക ചാമ്പ്യനായി.

ജപ്പാന്‍ താരം ഫുജിയാരയെ വീഴ്ത്തിയാണ് മനോജ് വെങ്കലം സ്വന്തമാക്കിയത്. മനോജും രണ്ട് സെറ്റ് പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കിയാണ് വെങ്കലം നേടിയത്. സ്‌കോര്‍: 22-20, 21-13. ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ നാല് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നിലവില്‍ 25-ാം സ്ഥാനത്താണ് ഇന്ത്യ.