VIDEO| നെറ്റ്‌സില്‍ സിക്‌സറുകള്‍; ഐപിഎല്‍ രണ്ടാം ഭാഗത്തിന് തയ്യാറെടുത്ത് ധോനി

 
Dhoni

പാതിവഴിയില്‍ മുടങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഭാഗത്തിലേക്ക് തയ്യാറെടുപ്പുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോനി. ആദ്യ ഭാഗത്തിലെ നിറം മങ്ങിയ പ്രകടനത്തെ മറികടക്കുന്ന പ്രകടനത്തിനായാണ് 'തല'യുടെ തയ്യാറെടുപ്പുകള്‍. ഇക്കാര്യങ്ങള്‍ ശരിവെക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. 

നെറ്റ്‌സില്‍ സിക്‌സറുകള്‍ പറത്തുന്ന ധോനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാഞ്ഞെത്തുന്ന പന്തുകളെ തലങ്ങും വിലങ്ങും അടിച്ചുപറത്തുകയാണ് താരം. ധോനി വീണ്ടും ഫോമിലേക്ക് ഉയര്‍ന്നിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റുകള്‍. ധോനി സ്‌റ്റൈല്‍ സിക്‌സുകള്‍ ഐപിഎല്ലിന്റെ അടുത്ത ഭാഗത്തില്‍ കാണാമെന്ന പ്രതീക്ഷയും പലരും പങ്കുവെക്കുന്നു. അതേസമയം, നെറ്റ്‌സിലെ പ്രകടനം ഗ്രൗണ്ടിലും കാണണമെന്ന വിമര്‍ശനം ഉന്നയിച്ചവരുമുണ്ട്. 

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോനി നേടിയത്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 10 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. സെപ്റ്റംബര്‍ 19ന് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ മുംബൈക്കെതിരെയാണ് ചെന്നൈയുടെ മത്സരം. 

2008 മുതല്‍ ചെന്നൈ ടീമിന്റെ ഭാഗമാണ് ധോനി. കഴിഞ്ഞ സീസണില്‍ ടീം വന്‍ പരാജയമായിരുന്നു. ഇതേത്തുടര്‍ന്ന്, ധോനി വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ടീം മാനേജ്‌മെന്റ് ധോനിയെ തന്നെ നായകനാക്കിയാണ് പുതിയ സീസണിലേക്ക് തയ്യാറെടുത്തത്. ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.