കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രൗണ്ടിലിറങ്ങി, ബ്രസീല്‍-അര്‍ജന്റീന മത്സരം ഉപേക്ഷിച്ചു

 
Neymar Messi

അര്‍ജന്റീനയുടെ കളിക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതോടെ ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യത മത്സരം ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിനിടെയാണ് നാടകീയ സംഭവം. അര്‍ജന്റീനയുടെ കളിക്കാരായ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ പ്രവര്‍ത്തകരെത്തിയത്. എറെനേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ ഫിഫ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് അര്‍ജന്റീന കളിക്കാരോട് ക്വാറന്റീനില്‍ പോകാന്‍ ബ്രസീലിന്റെ ആരോഗ്യ ഏജന്‍സി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്, ബ്രസീല്‍-അര്‍ജന്റീന മത്സരം തുടങ്ങി ഏഴ് മിനിറ്റായപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രൗണ്ടിലിറങ്ങി കളി നിര്‍ത്തിവെപ്പിച്ചത്. യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്നായിരുന്നു അധികൃതരുടെ ആവശ്യം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച താരങ്ങള്‍ അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങിയെന്നും ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ലെന്നുമാണ് അര്‍ജന്റീനിയന്‍ താരങ്ങളെ ഒഴിവാക്കാനുള്ള കാരണമായി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. യുകെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തേക്ക് ബ്രസീലില്‍ പ്രവേശനമില്ല.