ടി20യില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം; കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വനേട്ടം 

 
kohli

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനായ വിരാട് കോഹ്ലി ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിംഗിനിറങ്ങുമ്പോള്‍ താരത്തെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്. ടി 20 യില്‍ 10,000 റണ്‍സ് കടക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. 
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ 71 റണ്‍സ് നേടിയാല്‍ കോഹ് ലിക്ക് ഈ നേട്ടത്തിലെത്താം. നേട്ടത്തിലെത്തിയാല്‍ ഈ പട്ടികയിലെത്തുന്ന ലോകത്തിലെ അഞ്ചാമത്തെ ബാറ്റ്‌സ്മാനായി കോഹ്‌ലി മാറും.

ഇന്ത്യക്ക് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടിയും കളിച്ച കോഹ്‌ലി 133.95 സ്‌ട്രൈക്ക് റേറ്റില്‍ 311 മത്സരങ്ങളില്‍ നിന്ന് 9929 റണ്‍സ് നേടിയിട്ടുണ്ട്.   2007 നും 2021 നും ഇടയില്‍ 5 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളും താരം നേടി. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ നിലവില്‍ മുന്നിലുള്ളത് വീന്‍ഡിസ് താരം ക്രിസ് ഗെയ്‌ലാണ്, 446 മത്സരങ്ങളില്‍ നിന്ന് 36.94 സ്‌ട്രൈക്ക് റേറ്റില്‍ 14,261 റണ്‍സ് ഗെയ്ല്‍ നേടി. 22 സെഞ്ച്വറികളും 87 അര്‍ധ സെഞ്ച്വറികളും ഇതിലൂള്‍പ്പെടുന്നു.

561 മത്സരങ്ങളില്‍ നിന്ന് 11,159 റണ്‍സ് നേടിയ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരമായ കീറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ രണ്ടാമത്. ഒരു സെഞ്ച്വറിയും 56 അര്‍ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. പാകിസ്ഥാന്റെ ഷോയിബ് മാലിക് 436 മത്സരങ്ങളില്‍ നിന്ന് 10,808 റണ്‍സും 66 അര്‍ധസെഞ്ചുറിയുമായി പട്ടികയില്‍ മൂന്നാമതാണ്.  304 മത്സരങ്ങളില്‍ 10,017 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ പട്ടികയില്‍ നാലം സ്ഥാനത്താണ്.  8 സെഞ്ച്വറികളും 82 അര്‍ധ സെഞ്ച്വറികളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 

ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡിന് ഉടമയാണ് കോഹ്‌ലി, 199 മത്സരങ്ങളില്‍ നിന്ന് 6076 റണ്‍സാണ് കോഹ് ലി നേടിയത്. 
ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നാണ് കോഹ് ലിയുടെ ഈ നേട്ടം. 5 സെഞ്ച്വറികളും 40 അര്‍ധ സെഞ്ച്വറികളും നേടിയ ശിഖര്‍ ധവാന്‍ 5577 ആണ് കോഹ്‌ലിക്ക് പിന്നിലുള്ളത്.