ലോകകപ്പിന് ശേഷം ടി20 നായകപദവി ഒഴിയും; ജോലിഭാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കോഹ്‌ലി 

 
kohli

ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ടി20 നായക പദവി ഒഴിയുമെന്ന് വിരാട് കോഹ്‌ലി. സാമൂഹ്യമാധ്യമത്തിലൂടെ കോഹ് ലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ട്വന്റി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോഹ്‌ലി വ്യക്തമാക്കി.

''അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്റെ ജോലിഭാരം കണക്കിലെടുത്താണ് ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുന്നത്. എങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ഏല്ലാ ഫോര്‍മാറ്റിലും കഴിവിന്റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ട്വന്റി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും'' 

''നീണ്ട നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീര്‍ച്ചയായും ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഏറ്റവും അടുത്ത അളുകളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് കോച്ച് രവി ഭായ്, ടീമില്‍ തീരുമാനങ്ങളെടുക്കുന്ന മുതിര്‍ന്ന അംഗമായ രോഹിത് ശര്‍മ എന്നിവരുമായി ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരോടും പറഞ്ഞിരുന്നു. എന്റെ കഴിവിന്റെ മുഴുവന്‍ പുറത്തെടുത്ത് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായുള്ള സേവനം തുടരും'' കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.