സുനില്‍ ഛേത്രി കളം വിട്ടാല്‍ ഇന്ത്യന്‍ ഫുട്ബോളിന് എന്ത് സംഭവിക്കും ? 

 
sunil chhetri

ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഉണ്ടായിരുന്ന പ്രാധാന്യത്തെക്കാള്‍ വലിയ പ്രാധാന്യമാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍  സുനില്‍ ഛേത്രിക്കുള്ളത് എന്ന ആരാധകരുടെ വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി അടിവരയിടുന്ന പ്രകടനമാണ് സാഫ് കപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് പിടിച്ചു കയറ്റിയ താരത്തിന്റെ പ്രകടനം. 37 വയസാണെങ്കിലും 25 കാരന്റെ പ്രകടനമാണ് ഛേത്രിയുടെ കാലുകളില്‍ നിന്ന് പിറക്കുന്നത്, ഒരിന്ത്യക്കാരന്‍ ഛേത്രിയെന്ന പ്രതിഭയെ എക്കാലവും നെഞ്ചോട് ചേര്‍ത്ത് വെയ്ക്കുമെന്ന് പറയുമ്പോഴും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഛേത്രിക്ക് ശേഷം എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. 

സാഫ് കപ്പില്‍ നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ മാല്‍ഡീവ്‌സിനെ തകര്‍ത്തു കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ അണ്ടര്‍ 23 ടീമിനെ അയച്ച 2018 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫലങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ അവസാന പത്ത് വിജയങ്ങളില്‍ ഒന്‍പതിലും ഛേത്രി  സ്‌കോര്‍ ചെയ്തിട്ടുണ്ട്. 

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം, ഛേത്രിയുടെ ഈ അത്ഭുതകരമായ സ്ഥിരത ത്രസിപ്പിക്കുന്നതാണ്. എന്നാല്‍ ഇത് വളരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  ഛേത്രി കളി നിര്‍ത്തുമ്പോള്‍ എന്ത് സംഭവിക്കും? ഛേത്രി വിരമിച്ചുകഴിഞ്ഞാല്‍ ആരാണ് ഈ ഗോളുകള്‍ അടിക്കുക? എന്നതായിരിക്കും അവ. 

മുന്‍കാലങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌ട്രൈക്കര്‍മാരുണ്ടായിരുന്നു. അങ്ങേയറ്റം വൈദഗ്ധ്യവും കഴിവുമുള്ളതും മികച്ച റെക്കോര്‍ഡുകളുള്ളവരുമായിരുന്നു അവര്‍. ഛേത്രി അവരെയെല്ലാം മറികടന്നു. ഇപ്പോള്‍ ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി. 77 ഗോളുകള്‍ നേടിയ  ഇതിഹാസ താരം പെലെയെ മറികടന്ന താരം 123 മത്സരങ്ങളില്‍ നിന്ന് 79 ഗോള്‍ നേട്ടത്തിലെത്തി. ഇരട്ടഗോള്‍ നേട്ടത്തോടെ, അന്താരാഷ്ട്ര മത്സരത്തില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവിലെ കളിക്കാരില്‍  മൂന്നാം 
സ്ഥാനത്തേക്കും ഛേത്രി മുന്നേറി. 115 ഗോളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ,  ലയണല്‍ മെസി -അര്‍ജന്റീന (80),  എന്നിവരാണ് ഛേത്രിക്കു മുന്നിലുള്ളത്.

ഐഎം വിജയന്‍, ബൈചുങ് ബൂട്ടിയ എന്നിവരുടെ ഗോളുകളേക്കാള്‍ ഒത്തിരി അകലെയാണിത്. മത്സര ഗോള്‍ അനുപാതത്തിലും വലിയ അന്തരമുണ്ട്. ഓരോ കളിയിലും വിജയന്റെ ശരാശരി 0.46 ഗോളുകളും ബൂട്ടിയയുടെ ശരാശരി 0.33 ഗോളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഛേത്രിയുടേത് ശരാശരി 0.63 ഗോളുകളാണ്. ഇന്ത്യയ്ക്കായി 10 ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച നെവില്‍ ഡിസൂസയ്ക്ക് മാത്രമേ ഛേത്രിയേക്കാള്‍ മികച്ച ഗോള്‍ ശരാശരി ഉള്ളൂ, പക്ഷേ അദ്ദേഹം 11 തവണ മാത്രമാണ് കളിച്ചത്. സുനില്‍ ഛേത്രിയുടെ നേട്ടങ്ങള്‍ വരും താരങ്ങള്‍ക്ക് പിന്തുടരാമെങ്കിലും ആ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ പാടുപെടേണ്ടി വരും 

2002ല്‍ മോഹന്‍ ബഗാനിലൂടെ തുടങ്ങിയ ഛേത്രി ഇന്ന് ഇന്ത്യന്‍ ഫുട്ബോളിന്റെ എല്ലാമെല്ലാമാണ്. 2004ല്‍ ഇന്ത്യ അണ്ടര്‍ 20 ടീമിലൂടെ ദേശീയ ടീമിലേക്ക് വരവറിയിച്ച അദ്ദേഹം 2005ല്‍ സീനിയര്‍ ടീമിലുമെത്തി. ഇന്ത്യ കാല്‍പ്പന്തുമായിറങ്ങിയ പല മൈതാനങ്ങളിലും വിജയം സ്വന്തമാക്കിയത് ഛേത്രിയുടെ ബൂട്ടിലൂടെയായിരുന്നു. മുന്‍നിരയില്‍ ഇത്രയും സാങ്കേതികത്തികവുള്ള മറ്റൊരു താരം ഇന്ത്യന്‍ ഫുട്ബോള്‍ കണ്ടിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ഗോള്‍ റെക്കോഡുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 

ഇന്ത്യന്‍ സൈനീകനായിരുന്ന കെ ബി ഛേത്രി-സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ഓഗസ്റ്റ് 3ന് ജനിച്ച സുനില്‍ ഛേത്രി ചെറുപ്പം മുതല്‍ തന്നെ ഫുട്ബോള്‍ കളിക്കാന്‍ ആരംഭിച്ചു. അച്ഛനും അമ്മയും ഫുട്ബോള്‍ താരങ്ങളും കൂടി ആയിരുന്നതിനാല്‍ ആ പാരമ്പര്യത്തിലൂന്നി ഛേത്രി ഓരോ കടമ്പയും മുന്നോട്ടുപോയി. ന്യൂഡല്‍ഹിയിലെ സിറ്റി എഫ്സിക്കൊപ്പം യൂത്ത് കരിയര്‍ മുന്നോട്ടുപോകവെ 2002ല്‍ മോഹന്‍ ബഗാനിലേക്ക് ഛേത്രിക്ക് വിളിയെത്തി. 2002-2003 സീസണില്‍ ബഗാന്‍ ലീഗില്‍ ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ നാല് ഗോളുമായി ഛേത്രി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

2004 മാര്‍ച്ച് 30ന് സാഫ് ഗെയിംസില്‍ നടന്ന പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് സുനില്‍ ഛേത്രി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഭൂ
ട്ടാനെതിരായ മത്സരത്തില്‍ ഇന്ത്യ അണ്ടര്‍20 ടീമിനൊപ്പം ഇറങ്ങിയ ഛേത്രി ഇരട്ടഗോള്‍ നേടി. മത്സരത്തില്‍ 4-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തു. 2005ല്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ആദ്യ ഗോളും ഛേത്രി സ്വന്തമാക്കി. പാകിസ്താനെതിരായിരുന്നു ഛേത്രിയുടെ ഗോള്‍.

2007ലെ നെഹ്റു കപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. 2008ല്‍ ഇന്ത്യ എഫ്സി ചലഞ്ച് കപ്പ് നേടുമ്പോള്‍ ഛേത്രിയും ടീമിന്റെ ഭാഗമായിരുന്നു. 2011ലും 2015ലും സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഛേത്രി ടീമിന്റെ നിര്‍ണ്ണായക ഭാഗമായിരുന്നു. 2011ല്‍ ഏഴ് ഗോളുമായി ഛേത്രിയായിരുന്നു സാഫ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍. 2007, 2009, 2012 വര്‍ഷങ്ങളില്‍ നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം മുന്നേറ്റനിരയിലുണ്ടായിരുന്നു. 2012 ഏഷ്യന്‍കപ്പ് ചാലഞ്ച് കപ്പിലാണ് ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പില്‍ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാന്‍ ഛേത്രിക്കായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി സുനില്‍ ഛേത്രിയെ ആദരിച്ചിട്ടുണ്ട്.