ദ്രാവിഡ് - രോഹിത്ത് കോമ്പോ; എന്തുകൊണ്ട് 'ഹിറ്റ്മാന്‍' മികച്ച ക്യാപ്റ്റനാണ്? 

 
rohit-sharma-rahul-dravid
ടി20ക്ക് പുറമെ ഏകദിന ഫോര്‍മാറ്റിലും രോഹിത് നായക പദവിയേറ്റെടുത്തേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്

ട്വന്റി20 ടീമിന്റെ നായക പദവിയിലേക്ക് രോഹിത് ശര്‍മ്മയെത്തുന്നത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിചയ സമ്പന്നതയും ക്യാപ്റ്റന്‍സി മികവും കണക്കിലെടുക്കുമ്പോള്‍ രോഹിത് നായക പദവിയിലേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കുള്ളത്. ടി20 ലോകകപ്പിന് മുമ്പാണ് ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് കോഹ്‌ലി പ്രഖ്യാപിച്ചത്. ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതോടെ ഐസിസി കിരീടങ്ങളൊന്നുമില്ലാതെയാണ് കോഹ്‌ലിയുടെ മടക്കമെങ്കില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  

കോഹ് ലിയുടെ അഭാവത്തില്‍ ചുരുക്കം അവസരങ്ങളില്‍ ടീമിന്റെ നായകനായപ്പോള്‍ രോഹിത്തിന് മികച്ച റെക്കോര്‍ഡ് നോടാന്‍ കഴിഞ്ഞിട്ടുണ്ട്.   ടി20 ഫോമാറ്റില്‍ രോഹിത് ശര്‍മ്മ 19 തവണ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. ഇതില്‍  15 മത്സരങ്ങളും വിജയിപ്പിക്കാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.  78.94% വിജയശതമാനമെന്ന മികച്ച റെക്കോര്‍ഡും രോഹിതെന്ന നായകന് അവകാശപ്പെടാനുണ്ട്.  

2017-ല്‍ ക്യാപ്റ്റനായുള്ള ആദ്യ അവസരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും വിജയിച്ചാണ് രോഹിത് കഴിവ് തെളിയിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ടീം ഇന്ത്യ വിജയിച്ചപ്പോള്‍ അവിടെ പ്രശംസിക്കപ്പെട്ടത് രോഹിത്തിലെ ക്യാപ്റ്റന്റെ മികവായിരുന്നു. തൊട്ടടുത്ത വര്‍ഷം 2018-ല്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയിച്ചു. അന്ന് ഏഴ് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇതുവരെ, ന്യൂസിലന്‍ഡിനെതിരെ രണ്ട് തവണയും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരെ  ഓരോ തവണയും ഉള്‍പ്പെടെ നാല് പ്രാവശ്യമാണ് രോഹിത്തിലെ ക്യാപ്റ്റന്‍ പരാജയം അറിഞ്ഞത്. 2019ല്‍ ന്യൂസിലന്‍ഡിനോട് ഒരു പരമ്പര മാത്രമാണ് രോഹിതും സംഘവും തോറ്റത്. ക്യാപ്റ്റനെന്നതിലുപരി രോഹിത് എന്ന ബാറ്റ്‌സ്മാന്‍ ഈ മത്സരങ്ങളിലെല്ലാം സമ്മര്‍ദമില്ലാടെ കളിച്ചുവെന്നാണ് കണക്കുകള്‍. ക്യാപ്റ്റന്‍ തൊപ്പിയണിഞ്ഞുള്ള 19 മത്സരങ്ങളില്‍ നിന്ന് 7 അര്‍ധസെഞ്ചുറികളും 2 സെഞ്ചുറികളും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. 

ടി20ക്ക് പുറമെ ഏകദിന ഫോര്‍മാറ്റിലും രോഹിത് നായക പദവിയേറ്റെടുത്തേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റില്‍ നായകനായി കോഹ്‌ലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഹ്‌ലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക. മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര.

രോഹിത് ശര്‍മ്മയെ സംബന്ധിച്ച് ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടമാണുള്ളത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 10 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. വിജയശതമാനം 80 ശതമാനം.  2018 ജനുവരിയില്‍ വിരാട് കോഹ്ലിയില്‍ നിന്ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ നയിക്കാന്‍ ചുമതലയേറ്റതോടെയാണ് ഏകദിനത്തില്‍ ക്യാപ്റ്റനായി രോഹിത് ആദ്യം അരങ്ങേറ്റം കുറിച്ചത്. പരമ്പരയില്‍ 2-1 ന് ജയം നേടാനും തുടര്‍ച്ചയായ പരമ്പര വിജയങ്ങളുടെ മികച്ച റെക്കോര്‍ഡ് നിലനിര്‍ത്താനും കഴിഞ്ഞു. ഹോങ്കോംഗ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെയും വിജയിച്ചു. 2019-ല്‍ കിവിസിനോട് രണ്ട് മത്സരത്തില്‍ മാത്രമേ രോഹിതിലെ ക്യാപ്റ്റന്‍ തോല്‍വി അറിഞ്ഞുള്ളു. 2017-ല്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത്ത് 208 റണ്‍സ് സ്‌കോര്‍ ചെയ്തതുള്‍പ്പെടെ 4 അര്‍ദ്ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ നേടിയിട്ടുണ്ട്. 

രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് ഐപിഎല്ലിലെ പ്രകടനങ്ങളും തെളിയിക്കുന്നുണ്ട്. താരതമ്യേന കരുത്തുറ്റ ടീമുകള്‍ മത്സരിക്കുന്ന ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി  അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചതില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് നിര്‍ണായകമായിരുന്നു. 

ദ്രാവിഡ് - രോഹിത്ത് കോമ്പിനേഷന്‍ 

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി എത്തുന്നതോടെ രോഹിത്തിലെ ക്യപ്റ്റന്‍സി മികവിന് മൂര്‍ച്ച കൂടാനേ വഴിയുള്ളുവെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. ദ്രാവിഡിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത വാര്‍ത്തകളോട് രോഹിത്തിന്റെ പ്രതികരണവും ഇത് തന്നെയാണ് സൂചന നല്‍കുന്നത്. താന്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു രോഹിത്തിന്റെ ആദ്യ പ്രതികരണം.  ''ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് ദ്രാവിഡ്. ടീമിലേക്ക് മറ്റൊരു വേഷത്തില്‍ തിരിച്ചെത്തുന്ന ദ്രാവിഡിന് അഭിനന്ദനങ്ങള്‍. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണ്.'' രോഹിത് വ്യക്തമാക്കി. 

ഒരഭിമുഖത്തില്‍ ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി ആരെയാണ് കാണുന്നതെന്നുള്ള ചോദ്യത്തിന്റെ മറുപടിയില്‍ പരിശീലകന്‍ എന്ന നിലയില്‍ രോഹിത്ത് ശര്‍മ്മ ക്യാപ്റ്റനാകുന്നത് ആഗ്രഹിക്കുന്നതായും ദ്രാവിഡ് സൂചന നല്‍കിയിരുന്നു.  അനുഭവസമ്പത്ത് വച്ച് 
ഇന്ത്യയുടെ നായകനായി ആദ്യം രോഹിത് ശര്‍മ്മയും രണ്ടാമത് കെ എല്‍ രാഹുലും എന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. 

ഇന്ത്യന്‍ പരിശീലക വേഷത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് ദ്രാവിഡിന് കരാര്‍. പുതിയ ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നുമായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍-19 ടീമിലും ഇന്ത്യ എ ടീമിലുമുണ്ടായിരുന്ന താരങ്ങളാണ് സീനിയര്‍ ടീമിലുള്ളതെന്നും അവരുമായി നേരത്തെയുള്ള ബന്ധം കോച്ചിങ്ങിന്  ഒരുപാട് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും ദ്രാവിഡിന്റെ പേര് പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും താരം സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദ്രാവിഡുമായി ചര്‍ച്ച നടത്തിയതാണ് നിര്‍ണായകമായത്.