ആ നാലാം നമ്പറിനായി പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടിയിരുന്നു; സഞ്ജുവിനെ ഇനിയും തഴയരുത് 

 
sanju

ഒരു കാലത്ത് ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ രോഹിത് ശര്‍മ്മ പാടുപ്പെട്ട സമയത്ത് അന്ന് പിന്തുണയ്ക്കാന്‍ ധോണിയുണ്ടായിരുന്നു, ഇപ്പോള്‍
മികവും സ്ഥിരതയാര്‍ന്ന പ്രകടനവും കാഴ്ചവെച്ചിട്ടും എന്തുകൊണ്ട് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടമില്ല? ആര് സഞ്ജുവിനെ പിന്തുണയ്ക്കും. കേരളത്തില്‍ നിന്നുള്ള താരമായത് കൊണ്ട് തന്നെ ഉത്തരേന്ത്യന്‍ ലോബി പിടിമുറുക്കുന്നുവെന്ന വിമര്‍ശനം ശരിവെയ്ക്കുന്നതാണ് ടീം സെലക്ഷനെന്നതാണ് വ്യക്തമാകുന്നത്. റിഷഭ് പന്തും കെ.എല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും ഭുവനേശ്വര്‍ കുമാറിനെയും കൂടാതെ മികച്ച പ്രകടനങ്ങള്‍ കാണിക്കാത്ത താരങ്ങളെ ടീമിലെടുക്കുമ്പോള്‍ അവരേക്കാള്‍ മികവും ടാലന്റുമുള്ള സഞ്ജു തഴയപ്പെടുന്നുവെന്നത് ആരാധകരെ നിരാശരാക്കുന്നു. 

സഞ്ജുവിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞത്. 18ാം വയസ്സ് മുതല്‍ സഞ്ജു ഐപിഎല്ലില്‍ കളിക്കുകയാണ്, എമേര്‍ജിങ് പ്ലെയറായി നേരത്തേ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ 26 വയസ്സായിരിക്കുന്നു. നേരത്തേ തന്നെ പിന്തുണയും പ്രോല്‍സാഹനവും നല്‍കി വളര്‍ത്തിക്കൊണ്ടു വന്നിരുന്നെങ്കില്‍ നമ്മുടെ നാലാം നമ്പറില്‍ സഞ്ജു കളിക്കുന്നുണ്ടാവുമായിരുന്നു. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സെന്ന മിന്നും പ്രകടനമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. സയ്ദ് മുഷ്താഖ് അലി ട്രോഫി- 54 (43), 45* (20), 6(7), 14, 56* (27)(അഞ്ച് മത്സരങ്ങളില്‍ നിന്ന് 175). എന്നിങ്ങനെ സ്ഥിരമായി പെര്‍ഫോം ചെയ്തു കൊണ്ടിരുന്നിട്ടും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്നത് സെലക്ടര്‍മാര്‍ക്ക് നേരെയുള്ള വിമര്‍ശനമാണ്.

റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല മറിച്ച് ടീമിന്റെ വിജയത്തിനു വേണ്ടിയുള്ള റണ്ണുകളാണ് സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്ന് പിറക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടുള്‍പ്പെടെയുള്ള ടീമുകള്‍ വരെ ടീമില്‍ നിര്‍ഭയരായ കളിക്കാരെ ഉള്‍പ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിര്‍ഭയരായ താരങ്ങളെ തഴയുന്നതാണ് ലോകകപ്പുകളില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. 

ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യയുടെ ട്വന്റി20 ലോകകപ്പില്‍ ഇടം ലഭിക്കാതെ പോയ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ലോകകപ്പില്‍ മോശം പ്രകടനം മൂലം ടീം ഇന്ത്യ സെമി കാണാതെ പുറത്തുപോയപ്പോഴും പുതിയ ടീം പ്രഖ്യാപനത്തില്‍ സഞ്ജുവിന്
ഇടം ലഭിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ട്വന്റി20യില്‍ കേരളത്തിനായി മിന്നും പ്രകടനം കാഴ്ചവെക്കുമ്പോഴായിരുന്നു ഇതെന്നതും ശ്രദ്ധിക്കണം.
തുടര്‍ച്ചയായി ടീമില്‍ നിന്ന് തഴയപ്പെടുമ്പോഴെല്ലാം ടീം സെലക്ഷനിലല്ല മറിച്ച് തന്റെ കളിയിലാണ് ശ്രദ്ധിക്കുന്നതെന്നാണ് സഞ്ജു പറയാറ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ തഴയപ്പെട്ടതോടെ ഇത്തവണ സഞ്ജു തന്നെ തന്റെ നിരാശ പ്രതിഷേധമായി അറിയിച്ചു. 

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബിസിസിഐ പുതിയ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ താന്‍ തഴയപ്പെട്ടതോടെ പിന്നാലെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. ആ പോസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. തന്റെ ചില മികച്ച ഫീല്‍ഡിങ് ചിത്രങ്ങളാണ് സഞ്ജു ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ജഴ്‌സിയിലും ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ജഴ്‌സിയിലുമുള്ള മനോഹര ഫീല്‍ഡിങ് ചിത്രങ്ങളാണിത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് സഞ്ജു ക്യാപ്ഷനൊന്നും ചേര്‍ത്തിട്ടില്ല. സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച മിന്നുംപ്രകടനത്തിന്റെ അതേദിവസം തന്നെയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നത്. മധ്യപ്രദേശിനെതിരേ അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച സഞ്ജു ടൂര്‍ണമെന്റില്‍ ആകെ അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് 175 റണ്‍സാണ്. മധ്യപ്രദേശിനെതിരേ പുറത്താകാതെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്രയും മികവ് കാണിച്ചിട്ടും സഞ്ജു അവഗണിക്കപ്പെട്ടപ്പോള്‍ കേരളം തോല്‍പ്പിച്ച മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യരും ആവേശ് ഖാനും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെന്നത് വിചിത്രമാണ്.

മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സ്‌പെഷല്‍ ടാലന്റ്, ബാറ്റിംഗ് ശൈലി കൊണ്ടും മികച്ച ഷോട്ടുകള്‍ കൊണ്ടും ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ സഞ്ജുവിന് സ്ഥിരത ഇല്ലായ്മയാണ് പലപ്പോഴും വില്ലനാകാറ്. എന്നാല്‍ ഇത്തവണ സഞ്ജുവിനെ ഒഴിവാക്കിയ നടപടിയില്‍ ന്യായീകരിക്കാനാകില്ലെന്നാണ് വിമര്‍ശനം. രാഹുല്‍ ദ്രാവിഡ് പരിശീലകനായുള്ള ആദ്യ പരമ്പരയില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സംഭവിച്ചത് മറിച്ചാണ്. 

2015-ല്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സാംസണ്‍ണിന് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറുമാരുടെ ധാരാളിത്തവും വെല്ലുവിളിയാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാര്‍ കുറവുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ് വരെ കീപ്പറാകേണ്ടി വന്ന സാഹചര്യമായലരുന്നു അത്. ധോണിക്ക് ശേഷം ഇപ്പോഴാകട്ടെ യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കുറവുമില്ല. സഞ്ജുവിനെ കൂടാതെ  കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വൃദ്ധിമാന്‍ സാഹ എന്നിങ്ങനെ വലിയ നിര തന്നെയുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിധ്യമായ സഞ്ജുവിനെ ഇതിഹാസങ്ങള്‍ വാഴ്ത്തുമ്പോഴും കിട്ടിയ അവസരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച അവസരം ലഭിച്ചിട്ടും താരം നിരാശനാക്കിയിരുന്നു. തുടര്‍ന്ന് താരത്തെ ലോകകപ്പിനുള്ള ടീമിലും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ദുബയില്‍ അവസാനിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തിളങ്ങിയിരുന്നു. രണ്ടാം പാദത്തില്‍ ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും സഞ്ജു ക്യാപ്റ്റന്റെ ഇന്നിങ്സ് കാഴ്ച വച്ചിരുന്നു. സ്ഥിരത കാണിച്ചിട്ടും ഐപിഎല്ലില്‍ തിളങ്ങിയ നിരവധി താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് സ്ഥാനം ലഭിച്ചില്ലെന്നതാണ് ടീം സെലക്ഷനില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിമര്‍ശനം. 

ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന  മല്‍സരങ്ങളുടെ ടീമും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഈ ടീമിലും സഞ്ജുവിന് ഇടം നേടാനായില്ല. പ്രിയങ്ക് പഞ്ചലാണ് ടീമിന്റെ ക്യാപ്റ്റന്‍. പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബ അപരാജിത് , ഉപേന്ദ്ര യാദവ്, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, സൗരഭ് കുമാര്‍, നവ്ദീപ് സെയ്നി, ഉമ്രാന്‍ മാലിക്ക്, ഇഷാന്‍ പോറല്‍, അര്‍സാന്‍ നാഗ്വല്ല എന്നിവരെല്ലാം ടീമില്‍ ഇടം നേടിയപ്പോള്‍ പരിചയസമ്പന്നനായ സഞ്ജുവിനെ വീണ്ടും തഴയുകയായിരുന്നു.