എന്തിന് കോഹ്‌ലി സച്ചിനെ കണ്ട് പഠിക്കണം? സിഡ്‌നിയിലെ സച്ചിന്റെ മഹത്തായ ഇന്നിംഗ്‌സ് ഓര്‍ക്കുമ്പോള്‍ 

 
sachin


2004 ജനുവരി 2 ന് ഓസ്‌ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ക്രീസിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇറങ്ങുമ്പോള്‍  താരം   തുടര്‍ച്ചയായ മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്‌. എന്നാല്‍ തന്റെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സിലൂടെ വന്‍ തിരിച്ചു വരവാണ് സച്ചിന്‍ അന്ന് നടത്തിയത്. അക്കാലത്ത് തുടര്‍ച്ചയായി കവര്‍ഡ്രൈവ് കളിക്കാനുള്ള ശ്രമത്തില്‍ പുറത്തായിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സച്ചിന്‍ സിഡ്നി ടെസ്റ്റില്‍ ആ ഷോട്ടിനായി ശ്രമിച്ചതേയില്ല. പകരം ലെഗ് സൈഡ് ഷോട്ടുകളിലൂടെ വലിയ സ്‌കോര്‍ നേടുകയായിരുന്നു താരം. തന്റെ ഇഷ്ടപ്പെട്ട ഷോട്ട് ഒഴിവാക്കി ബാറ്റിംഗ് താളം വീണ്ടെടുത്ത സച്ചിന്‍ ആ തീരുമാനം പിന്നീട് വന്ന താരങ്ങള്‍ക്കും അത് ഒരു പാഠപുസ്തകമായി. മത്സരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിക്കുറിച്ച 241 റണ്‍സ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അച്ചടക്കമുള്ള ഇന്നിംഗ്‌സായി. 

വിക്കറ്റിനും ചുറ്റും ഷോട്ടുകള്‍ പറത്തുന്ന ഒരു ബാറ്റ്‌സ്മാന്‍, 436 പന്ത് നേരിട്ട് ഓഫ്‌സൈഡില്‍ ഒരു സ്‌കോറിംഗ് ഷോട്ട് പോലും കളിച്ചില്ല എന്നത് അവിശ്വസനീയം. പന്ത് കളിക്കാതെ വിടുക എളുപ്പമുള്ള കാര്യമല്ല. സാങ്കേതിക മികവ് മാനസിക സന്തുലനം തെളിഞ്ഞ ബുദ്ധി അതിവേഗം ചിന്തിച്ച് തീരുമാനമെടുക്കണം.പേസ് ബൗളര്‍ എറിയുന്ന പന്ത് അടിക്കണോ പ്രതിരോധിക്കണോ, വിട്ടു കളയണോ എന്നു നിശ്ചയിക്കാന്‍ ലഭ്യമായ സമയം സെക്കന്റിന്റെ ആറിലൊരംശം മാത്രമായിരുന്നു. ആത്മനിയന്ത്രണത്തിന്റെ മഹത്തായ ഇന്നിംഗ്സിന് ശേഷം, ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കല്‍ കൂടി 'ലിറ്റില്‍ മാസ്റ്റര്‍' തിരിച്ചെത്തുകയായിരുന്നു. 

2003/04 കളില്‍ ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ പരമ്പരകളില്‍ ഏറ്റവും അവിസ്മരണീയമായിരുന്നു ഈ മത്സരം. കാരണം ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നാല്  മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പരമ്പര 1-1 ല്‍ എത്തി നില്‍ക്കുന്നു. സിഡ്‌നിയിലേത് നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്ായിരുന്നു. 

ചരിത്ര ഇന്നിംഗ്‌സ് പിറക്കുന്നതിന് മുമ്പ് തന്റെ അഞ്ച് അവസരങ്ങളില്‍ സച്ചിന് നേടാനായത് നിറം മങ്ങിയ  0, 1, 37, 0, 44 എന്നീ സ്‌കോറുകളായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ബോളുകളില്‍ നിരവധി അവസരങ്ങളില്‍ സച്ചിന്‍ വീണു. ലോകത്തിലെ മികച്ച ബാറ്റസ്മാനെ പുറത്താക്കാനുള്ള ഏറ്റവും മികച്ച മന്ത്രവും അത് തന്നെയായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒമ്പത് വിക്കറ്റിന് വിജയിച്ച് ഓസ്ട്രേലിയ പരമ്പര സമനിലയിലാക്കിയപ്പോള്‍ മത്സരത്തിലെ സച്ചിന്‍ രണ്ട് ഇന്നിംഗ്സിലും ഇതേ രീതിയില്‍ തന്നെയാണ് സച്ചില്‍ പുറത്തായതും. 

എന്നാല്‍ സിഡ്‌നിയില്‍ സച്ചിന്‍ ഉദിച്ചുയര്‍ന്നു, 436 പന്തുകള്‍ നേരിട്ട താരം പുറത്താകാതെ  241 റണ്‍സ് നേടി. ക്ഷമയും ഇച്ഛാശക്തിയും നിറഞ്ഞ ആ ഇന്നിംഗസ് ഇന്ത്യന്‍ ആരാധകര്‍ക്കെന്നല്ല ലോകത്തിന് തന്നെ മറക്കാന്‍ കഴിയില്ല. വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി പുറത്താകാതിരിക്കാന്‍, തന്റെ ഇന്നിംഗ്‌സില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഡ്രൈവും കളിക്കില്ലെന്ന് സച്ചിന്‍ തീരുമാനിച്ചതായിരുന്നു ഈ നേട്ടത്തിന് ഇന്ധനമായത്. ഓസീസ് സീമര്‍മാര്‍ സച്ചിനെ ഓഫ്-സൈഡ് ഡ്രൈവുകള്‍ കളിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു, ക്ഷമയോടെ എല്ലാ പരീക്ഷണങ്ങളെയും നേരിട്ട് വിജയിച്ചു കയറി സച്ചിന്‍. പുറത്താകാതെ 241 റണ്‍സ് നേടിയ സച്ചിന്റെ മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 705 റണ്‍സെന്ന കൂറ്റന്‍ സ്‌കോറോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Also Read: കടല്‍ കരയെ വിഴുങ്ങുന്ന കാലം; അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുമ്പോള്‍ കേരളവും ഭയക്കേണ്ടതുണ്ട്

 ''ഞാന്‍ ഈ ഇന്നിംഗ്സിനെ എന്റെ സെഞ്ചുറികളുടെ മുകളില്‍ എത്തിക്കും. എനിക്ക് ഒരു പ്ലാന്‍ ഉണ്ടായിരുന്നു, അത് നന്നായി നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്നിംഗ്്സിലുടനീളം അച്ചടക്കം പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ ഷോട്ട് സെലക്ഷനില്‍ കാര്യങ്ങള്‍ രണ്ട് തവണ തെറ്റായി പോയി, എനിക്ക് കുറച്ച് സ്‌ട്രോക്കുകള്‍ മറ്റേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു സച്ചിന്‍ അന്ന് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. 

പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറി ഇരുപത്തിനാലു വര്‍ഷം ക്രിക്കറ്റ് കളിക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. ഈ ഇരുപത്തനാലു വര്‍ഷത്തെ കരിയറില്‍ സച്ചിന്‍ ഒട്ടേറെ അവിസ്മരണീയമായ ഇന്നിങ്ങ്സുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇരുപത്തിനാലു വര്‍ഷം നീണ്ട കരിയറില്‍ 200 ടെസ്റ്റ് കളിച്ചു. 15921 റണ്‍സും നേടി. ഇത് റെക്കോഡാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്. 463 ഏകദിനങ്ങളില്‍ സച്ചിന്‍ 18426 റണ്‍സ് നേടി. രണ്ട് ഫോര്‍മാറ്റിലുമായി നൂറ് സെഞ്ചുറികള്‍ നേടി.

ഒറ്റ സെഞ്ചുറിയില്ലാതെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി 2021 അവസാനിപ്പിച്ചത് എന്ന് പറയുമ്പോഴാണ് സച്ചിന്റെ ഇന്നിംഗ്‌സ്
വീണ്ടും ചര്‍ച്ചയാകുന്നത്. പുതുവര്‍ഷത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഫോണ്‍ വിളിച്ചാല്‍ കോഹ്‌ലിക്ക് അത് വഴിത്തിരിവാകുമെന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞിരുന്നു. 2021ലെ അവസാന ടെസ്റ്റായ സെഞ്ചൂറിയനില്‍ ആദ്യ ഇന്നിംഗ്സില്‍ മുപ്പത്തിയഞ്ചും രണ്ടാം ഇന്നിംഗ്സില്‍ പതിനെട്ടും റണ്‍സിന് പുറത്തായതിന് ശേഷമായിരുന്നു കോഹ്്‌ലിക്ക് ഗവാസ്‌കറുടെ ഉപദേശം എത്തിയത്. കൊല്‍ക്കത്തയില്‍ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു കോഹ്‌ലിയുടെ അവസാന സെഞ്ചുറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറി നേടിയിട്ടുള്ള കോഹ്‌ലിയുടെ ബാറ്റിംഗില്‍ സാങ്കേതിപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കിയിരുന്നു.  

സച്ചിനെ വിളിച്ചാല്‍ 2003-04 പര്യടനത്തില്‍ താരം ഓസ്ട്രേലിയക്കെതിരെ കവര്‍ ഡ്രൈവിലെ പ്രശ്നം എങ്ങനെ മറികടന്നുവെന്ന് മനസിലാക്കാനാവുമെന്നാണ് ഗാവസ്‌കര്‍ പറഞ്ഞത്. നാലാം ടെസ്റ്റില്‍ കവറിലൂടെ കളിക്കേണ്ട എന്ന് തീരുമാനിച്ച സച്ചിന്‍ ആദ്യ ഇന്നിംഗ്സില്‍ 241ഉം രണ്ടാം ഇന്നിംഗ്സില്‍ 60 ഉം റണ്‍സ് വീതം പുറത്താകാതെ നേടിയിരുന്നു. 

മുപ്പത്തിമൂന്നുകാരനായ വിരാട് കോഹ്‌ലി 98 ടെസ്റ്റില്‍ 27 സെഞ്ചുറികളോടെ 7854 റണ്‍സും 254 ഏകദിനത്തില്‍ 43 സെഞ്ചുറികളോടെ 12169 റണ്‍സും 95 ട്വന്റി 20യില്‍ നിന്ന് 3227 റണ്‍സും നേടിയിട്ടുണ്ട്.  എന്നാല്‍ 2021ല്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നുണ്ടായത്. കവര്‍ഡ്രൈവുകളില്‍ കോഹ്‌ലി വിക്കറ്റ് വലിച്ചെറിയുന്നതായിരുന്നു ആരാധകരെ നിരാശപ്പെടുത്തിയത്.