സ്‌പോയ്‌ലര്‍ അലര്‍ട്ട്
Janiyah,
SURRENDER…
മകളുടെ ഉച്ചഭക്ഷണത്തിനായി സ്‌കൂളില്‍ അടയ്‌ക്കേണ്ട 40 ഡോളര്‍, അത് മാത്രമായിരുന്നു അവള്‍ക്ക് വേണ്ടിയിരുന്നത്. ആ പണം അധ്വാനിച്ചുണ്ടാക്കിയതായിരുന്നു, പക്ഷേ അതുപയോഗിക്കാന്‍ പറ്റിയോ? സമൂഹവും സാഹചര്യവും എങ്ങനെയാണവളുടെ ജീവിതം മാറ്റിക്കളഞ്ഞത്?
ജനിയ, ആര്‍ക്കാണ് കീഴടങ്ങിയത്; നിയമത്തിനോ, ജീവിതത്തിനോ? കീഴടങ്ങി ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍. ഈ ആധുനിക ലോകത്ത് അവര്‍ക്ക് അടിമകള്‍ എന്ന് വിളിപ്പേര്‍ ഇല്ലെന്നു മാത്രം. ജനിയ അമേരിക്കയില്‍ ജീവിക്കുന്നതുകൊണ്ട്, അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നമാണെതെന്നു കരുതേണ്ട. ഇവിടെ കേരളത്തിലുമുണ്ട്, ലോകത്തെങ്ങുമുണ്ടാകും ഇതുപോലൊരു അമ്മ/ മനുഷ്യന്‍.
ജനിയ എന്ന സിംഗിള്‍ മദര്‍. ഏഴ് വയസുള്ള മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പണമില്ലാത്ത, വാടക വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട, ജോലി നഷ്ടപ്പെട്ട, മിനിമം ബാലന്‍സ് പോലും അകൗണ്ടില്‍ ഇല്ലാത്ത, നിസ്സഹായായ, ദരിദ്രയായ, തന്റെ നിറം കൊണ്ടും കുലംകൊണ്ടും അപകടകാരിയെന്ന് മുന്‍വിധികള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീ. പക്ഷേ, നിക്കോള്‍, അവളൊരു ബാങ്ക് മാനേജരാണ്, റയമണ്ട്, ഡിക്ടറ്റീവാണ്; കറുത്തവരാണെങ്കിലും സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍, അവരും നിസ്സഹായരാണ്.
ഓരോ തരത്തില്‍ കീഴടങ്ങേണ്ടി വരുന്ന മനുഷ്യരുടെ കഥയാണ് ടെയ്‌ലര്‍ പെറി സംവിധാനം ചെയ്ത സ്‌ട്രോ( STROW). ആദ്യം മുതല്‍ അവസാനം വരെയും, കണ്ട് തീര്‍ന്നശേഷവും മനസില്‍ അസ്വസ്ഥത നിറയ്ക്കുന്ന സിനിമ.
മകള്‍ അരിയയ്‌ക്കൊപ്പം വാടക വീട്ടിലാണ് ജനിയ വില്‍ക്കിന്‍സണ്‍ താമസിക്കുന്നത്. അരിയ അസുഖബാധിതയായൊരു പെണ്‍കുട്ടിയാണ്. ജനിയയുടെ ജീവിതം എത്രമേല്‍ ദാരിദ്ര്യം നിറഞ്ഞതാണെന്ന് താമസ്ഥലത്ത് നിന്ന് മനസിലാക്കാം. വാടക കൊടുക്കാത്തതുകൊണ്ട് ഇറക്കി വിടുമെന്നാണ് കെട്ടിടമുടമയുടെ ഭീഷണി. അതിനെക്കാള്‍ അവളെ നിരാശപ്പെടുത്തുന്നത്, സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ പണം അടക്കാത്തതുകൊണ്ട് മകളെ ടീച്ചര്‍ ക്ലാസില്‍ വച്ച് അപമാനിച്ചതാണ്.
ഒരു ദിവസം അരിയയുടെ സ്‌കൂളില്‍ നിന്നും വരുന്നൊരു ഫോണ്‍ കോളാണ് ജനിയയുടെ ജീവിതം ആകെ തകിടം മറിക്കുന്നത്. പിന്നീട് നടക്കുന്ന കാര്യങ്ങളൊന്നും തന്നെ അവളുടെ നിയന്ത്രണത്തിലായിരുന്നില്ല. വിധിയുടെ കരുവെന്നപോല്‍ കളം മാറിക്കൊണ്ടിരുന്നു. അവളെ മനസിലാക്കുന്നവര്‍ക്കു പോലും സഹായിക്കാന്‍ കഴിയാത്തവണ്ണം കളിക്കൊടുവില്‍ ജനിയ തോറ്റു പോകുന്നു; കീഴടങ്ങുന്നു.
സ്‌ട്രോ, ജനിയ വില്‍ക്കിന്‍സണ്‍ എന്ന അമ്മയുടെ കഥ മാത്രമല്ല. ഒരു വ്യക്തിയിലൂടെ സമൂഹത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പെറി പറയുന്ന സാമൂഹിക പ്രശ്‌നം അമേരിക്കയിലേതായിരിക്കാം, എന്നാല്‍ അതിന് സര്‍വമാനമുണ്ട്. ഇതേ പ്രശ്‌നങ്ങള്‍ കേരളത്തിലും നടക്കും(നടന്നിട്ടുണ്ടാകാം). മനുഷ്യര്‍ ഇരയാക്കപ്പെടുക ഏതെങ്കിലും പ്രത്യേക സ്ഥലത്ത് മാത്രം സംഭവിക്കുന്നതല്ലല്ലോ. മകളാണ് തന്റെ ലോകം എന്ന് വിശ്വസിക്കുന്ന, ഇല്ലായ്മയിലും അപരനെ സഹായിക്കാന്‍ ശ്രമിക്കുന്ന, ആരോടും പരിഭവം പറയാത്ത, സ്വയം അധ്വാനിച്ച് ജീവിക്കാന്‍ തയ്യാറായ ഒരു സ്ത്രീ കൊലപാതകിയാകുന്നു, ബാങ്ക് മോഷ്ടാവാകുന്നു. അവളുടെ ജീവിതം കേള്‍ക്കുന്നതിനു മുമ്പ് വരെ എല്ലാവര്‍ക്കും അവളൊരു കൊടുംകുറ്റവാളിയാകുന്നു.
സ്‌ട്രോ, കണ്ടവര്‍ ചോദിക്കാം, കീഴടങ്ങിയതുകൊണ്ട് ജനിയയെ ദുര്‍ബലയായ സ്ത്രീയായി സ്ഥാപിക്കുകയാണോയെന്ന്. ജനിയ ദുര്‍ബലയല്ല, പോരാളിയാണ്. അവളുടെ ജീവിതം തന്നെയൊരു പോരാട്ടമാണ്. വീണ് പോകരുതെന്ന വാശിയാണ് അവസാനം വരെ അവള്‍ക്ക്. നിക്കോളിനെയും റെയ്മണ്ടിനെയും പോലുള്ളവര്‍, ജനിയ ബന്ദികളാക്കിയവര്‍ പോലും ആ സ്ത്രീയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ സിസ്റ്റം, സമൂഹം സെറ്റ് ചെയ്ത് വച്ചിരിക്കുന്ന സിസ്റ്റം ജനിയയെ മാത്രമല്ല, അവള്‍ക്കൊപ്പം നില്‍ക്കുന്നവരെ പോലും നിസ്സഹായരാക്കും. പൊലീസ് ഓഫിസറെ പോലെ, എഫ്ബിഐ ഏജന്റിനെ പോലെ, സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ പോലെ; ഒരു സാമൂഹിക ക്രമത്തെ നയിക്കുന്ന വംശ, വര്‍ഗ വ്യത്യാസത്തില്‍ മനുഷ്യരെ തരംതിരിക്കുന്നതുകൊണ്ടുണ്ടാകുന്ന വിപത്ത്. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും വീട്ടുടമയും കറുത്ത വര്‍ഗക്കാരാണ്, അവര്‍ക്ക് പോലും ജനിയയോട് സഹതാപമില്ല. അവര്‍ക്കിടയിലെ വേര്‍തിരിവ് വര്‍ഗപരമാണ്-തൊഴിലാളി, കുടിയാന്‍-വേര്‍തിരിവ്. അതേസമയം പൊലീസ് ഓഫിസറും എഫ്ബിഐ ഉദ്യോഗസ്ഥനും ഇനിയും മാറാത്ത വംശീതയുടെ വേര്‍തിരവാണ് കാണിക്കുന്നത്.
പരസ്പരം മനസിലാക്കേണ്ടവരാണ് മനുഷ്യര്‍. ഒരു മനുഷ്യന് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കൂ, വര്‍ഗമോ വംശമോ നോക്കാതെ കുറച്ച് സമയം അവനെ/ അവളെ ശ്രദ്ധിക്കൂ. പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞാല്‍ എത്രയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. നിക്കോള്‍, റെയ്മണ്ട്; രണ്ടു പേര്‍ക്കും എതിരാളിയാണ് ജനിയ. നിക്കോളിന്റെ ബാങ്കിലാണ് അവള്‍ ആയുധവുമായെത്തിയത്, നിക്കോളിനെയവള്‍ ബന്ദിയാക്കി. എന്നാല്‍ ഏറ്റവുമൊടുവില്‍ ജനിയയ്‌ക്കൊപ്പം മാത്രമാണ്, അപ്പോള്‍ മാത്രമാണ് നിക്കോള്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങുന്നത്. നിനക്കൊപ്പം ഞാനുണ്ടാകുമെന്ന വാക്കിന്റെ ഉറപ്പായിരുന്നുവത്. ജനിയയെ പിടിക്കുകയെന്നത് ഡിക്ടടീവ് റെയ്മണ്ടിന്റെ ഉത്തരവാദിത്തമാണ്. റെയ്മണ്ട് പറയുന്നുണ്ട്, എനിക്ക് നിന്നെ മനസിലാകും. നീ തന്നെയാണ് ഞാനും എന്നു പറയുന്ന വാചകം ഒരു നെഗോഷ്യേറ്ററുടെ തന്ത്രമായിരുന്നില്ല, അത് ജനിയയ്ക്കും മനസിലായതാണ്. ജനിയയ്ക്കായി നീതി നടപ്പിലാക്കുന്നുമുണ്ട് റെയ്മണ്ട്. ആ അടി, വെള്ളക്കാരന്‍ പൊലീസിന്റെ കരണത്ത് റെയ്മണ്ട് കൊടുക്കുന്ന അടി-വംശീയവെറി കൊണ്ടു നടക്കുന്ന ലോകത്തിനാണ് കൊള്ളുന്നത്.
സ്‌ട്രോ, നെഞ്ചില്‍ കൊണ്ടതിന് ടാരാജി ഹെന്‍സണ്‍(Taraji Henson) എന്ന അഭിനേത്രിയോട് നന്ദി പറയണം. ടാരാജി പ്രകടിപ്പിക്കുന്ന മനുഷ്യവികാരങ്ങള്‍ എത്ര കൃത്യമായാണ് പ്രേക്ഷക ഹൃദയങ്ങളോട് സംവേദിക്കുന്നത്. നിസഹായതയുടെയും നിരാശയുടെയും സങ്കടത്തിന്റെയും അലിവിന്റെയും അപേക്ഷയുടെയും, പ്രതിഷേധത്തിന്റെയും നോട്ടങ്ങള്‍. തന്റെ ജീവിതം എന്താണെന്ന് ജനിയ വിവരിക്കുന്ന രംഗം നിശബ്ദനായൊരു ശ്രോതാവാക്കി മാറ്റും കാണിയെ. ടാരാജിക്കൊപ്പം എടുത്തേണ്ട പറയേണ്ടവരാണ് നിക്കോളിനെ അവതരിപ്പിച്ച ഷെറി ഷെപ്പേര്‍ഡും, റെയ്മണ്ട് ആയ ടെയാന ടെയ്‌ലറും.
ആരും കാണാനില്ലാത്ത, ആരും ആശങ്കപ്പെടാനില്ലാത്ത, ഒരേപോലെ ആവര്‍ത്തിക്കുന്ന അനുഭവങ്ങള്‍ പേറുന്ന ജീവിതം; ജനിയ വില്‍ക്കിന്‍സണ്‍ നിരാശപ്പെടുന്നത് അവളെയോര്‍ത്ത് മാത്രമല്ല, ഈ സിനിമ അതിന്റെ ദൗത്യം നിര്‍വഹിക്കുന്നതും അക്കാര്യം ഓര്‍മപ്പെടുത്തിക്കൊണ്ടാണ്. Straw, 2025 movie review. Tyler Perry, Taraji Henson
Content Summary; Straw, 2025 movie review. Tyler Perry, Taraji Henson
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.