Continue reading “സ്റ്റുഡന്റ്‌സ്  ബിനാലെ രണ്ടാം ലക്കത്തിന് മട്ടാഞ്ചേരിയില്‍ തുടക്കമായി”

" /> Continue reading “സ്റ്റുഡന്റ്‌സ്  ബിനാലെ രണ്ടാം ലക്കത്തിന് മട്ടാഞ്ചേരിയില്‍ തുടക്കമായി”

">

UPDATES

വായന/സംസ്കാരം

സ്റ്റുഡന്റ്‌സ്  ബിനാലെ രണ്ടാം ലക്കത്തിന് മട്ടാഞ്ചേരിയില്‍ തുടക്കമായി

                       

കൊച്ചി ബിനാലെയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട് കൊച്ചിയിലെ കബ്രാള്‍ യാര്‍ഡില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം സ്റ്റുഡന്റ്‌സ് ബിനാലെ ഉദ്ഘാടനം ചെയ്തു.

ബിനാലെ രണ്ടാം ലക്കം മുതലാണ് സ്റ്റുഡന്റസ് ബിനാലെ എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. ഇക്കുറി രാജ്യത്തെ 55 എയിഡഡ് ആര്‍ട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 465 വിദ്യാര്‍ത്ഥികള്‍ ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. 15 മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ് ബിനാലെയുടെ ക്യൂറേറ്റര്‍മാരായത്.

കലയുടെ ലോകത്ത് കലാ  വിദ്യാര്‍ത്ഥികള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് സ്റ്റുഡന്റ്‌സ് ബിനാലെയെന്ന് വിവാന്‍ സുന്ദരം പറഞ്ഞു. വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അന്താരാഷ്ട്രവേദിയില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് അസോസിയേഷന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരി ജ്യൂ ടൗണ്‍ ബസാര്‍ റോഡിലെ ഏഴു സ്ഥലങ്ങളിലാണ് വിദ്യാര്‍ത്ഥികളുടെ ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ 55 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന കൂടിയാലോചനകള്‍, ശില്പശാലകള്‍ എന്നിവയുടെ ആകെത്തുകയായാണ് സ്റ്റുഡന്റ്‌സ് ബിനാലെ നിര്‍മ്മിതികള്‍.

ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം മികച്ചതായിരുന്നുവെന്ന് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂററ്റോറിയല്‍ ഉപദേശകയായിരുന്ന വിദ്യ ശിവദാസ് പറഞ്ഞു. ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികളും ക്യൂറേറ്റര്‍മാരും ബിനാലെയെ സമീപിച്ചത്. അതിന്റെ ഫലം പ്രദര്‍ശനത്തില്‍ കാണാമെന്നും അവര്‍ പറഞ്ഞു.

കേവലം കാഴ്ചക്കാരാകാതെ ബിനാലെയോടൊപ്പം ഈ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതെന്ന് ബിനാലെ പ്രോഗ്രാം ഡയറക്ടറും ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ റിയാസ് കോമു പറഞ്ഞു. ഇതില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച താത്പര്യം സമകാലീന കലയുടെ ശോഭനമായ ഭാവിയെ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്റ് ബിനാലെ തന്റെ പഠനകാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പണ്ട് വളരെ ചെറിയ പ്രദര്‍ശനങ്ങളും ആര്‍ട്ട് ഗാലറികളും മാത്രമാണുണ്ടായിരുന്നത്. ഇന്ന് അന്താരാഷ്ട്ര തലത്തിലെ പ്രഗല്‍ഭന്മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ബിനാലെയിലൂടെ കൈവന്നിരിക്കുന്നുവെന്നും ബോസ് ചൂണ്ടിക്കാട്ടി.

ബിനാലെ സിഇഒ മഞ്ജു സാറ രാജന്‍, ടാറ്റാ ട്രസ്റ്റ് പ്രതിനിധി ദീപിക സൊറാബ്ജി, വിദ്യാര്‍ത്ഥി ക്യൂറേറ്റര്‍മാരായ അദ്വൈത് സിംഗ്, ആര്യന്‍, അജിത് കുമാര്‍, ഫൈസ ഹസന്‍, സി.പി.കൃഷ്ണപ്രിയ, ഹര്‍ഷിത ബത്വാള്‍, നവീന്‍ മഹന്തേഷ്, നൊമന്‍ അമൗരി, പരിബര്‍ത്തന മൊഹന്തി, രാജ്യശ്രീ ഗൂഡി, സരോജിം ലെവിസ്, ശതവിഷ മസ്താന്‍, ശ്രുതി രാംലിംഗ, സുമിത്ര സുന്ദര്‍, വിവേക് ചൊക്കലിംഗ എന്നിവരും പങ്കെടുത്തു.

Share on

മറ്റുവാര്‍ത്തകള്‍