UPDATES

പതിനഞ്ചാമത്തെ ഓവറില്‍ ബുമ്ര എറിഞ്ഞിട്ട വിജയം

ഒറ്റയ്ക്ക് പൊരുതിയ പന്ത്

                       

ഇന്ത്യക്കൊപ്പം ബ്രുമ്ര ഉണ്ടായിരുന്നു, ഋഷഭ് പന്തും. പാകിസ്താനില്ലാതെ പോയത് അങ്ങനെ രണ്ടു കളിക്കാരാണ്. ലോകകപ്പ് വേദികളില്‍ ഏറ്റുമുട്ടുമ്പോഴെല്ലാം പാകിസ്താനെ ജയിക്കാന്‍ അനുവദിക്കാത്ത പോരാട്ട വീര്യം ഒരിക്കല്‍ കൂടി ടീം ഇന്ത്യ പുറത്തെടുത്തപ്പോള്‍ ടി-20 ലോകകപ്പില്‍ എ ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.T20 world cup, india-pakistan match,Jasprit Bumrah, rishabh pant

നിസാരമായ സ്‌കോറിന് മുന്നില്‍ വിഖ്യാതമായ പാക് ബാറ്റിംഗ് നിര തകര്‍ന്നു പോയത് ഇന്ത്യയുടെ ടീം മികവിലാണെങ്കിലും ജസ്പ്രിത് ബുമ്രയെ കുറിച്ച് പ്രത്യേകം പറയണം. സുഗമമായി വിജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചിടത്തു നിന്ന് പാക് സ്വപ്‌നങ്ങള്‍ തകരുന്നത് 15 മത്തെ ഓവറിലാണ്. ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ പാകിസ്താനെ മുന്നോട്ടു കൊണ്ടു പോവുകയാണ്. അയാള്‍ കടന്നാക്രമിക്കാനൊന്നും പോകുന്നില്ല, വളരെ സംയമനത്തോടെ വിവേക പൂര്‍ണമായ ബാറ്റിംഗാണ്. 44 പന്തില്‍ നേടിയിരിക്കുന്നത് 31 റണ്‍സാണ്. ഓരോ സിക്‌സും ഫോറും മാത്രം. ട്വന്റി-20യില്‍ കാണിക്കേണ്ട ആവേശമല്ല, പിച്ചും എതിരാളികളെയും മനസിലാക്കിയുള്ള സെന്‍സിബിള്‍ ക്രിക്കറ്റാണ് അയാള്‍ കളിക്കുന്നത്. പൊതുവില്‍, ശാന്തനാണ് റിസ്വാന്‍. സ്‌കോര്‍ പിന്തുടരേണ്ട ഘട്ടത്തിലെല്ലാം റിസ്വാവന്റെ ശാന്ത സ്വഭാവം പാകിസ്താനെ പലയവസരങ്ങളിലും സഹായിച്ചിട്ടുണ്ട്. അതേ പ്രതീക്ഷകള്‍ തന്നെയായിരുന്നു ടീമിനും ആരാധാകര്‍ക്കും. പക്ഷേ, എല്ലാ പ്രതീക്ഷകളും രോഹിത് പതിനഞ്ചാം ഓവര്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറെ ഏല്‍പ്പിക്കും വരെ മാത്രമായിരുന്നു.

പതിനഞ്ചാമത്തെ ഓവറിലെ ആദ്യ ബോള്‍. മൂന്ന് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന്‍. ജയിക്കാന്‍ ഇനി വേണ്ടത് 40 റണ്‍സ് മാത്രം. ക്രീസില്‍ നിലയുറപ്പിച്ച് റിസ്വാന്‍ ഉള്ളത് തന്നെയായിരുന്നു പാകിസ്താന്റെ ആശ്വാസം. ബുമ്രയുടെ കൈയില്‍ നിന്നും പാഞ്ഞെത്തിയ പന്തിനെ മുട്ടുകുത്തിയിരുന്ന് അതിര്‍ത്തിയിലേക്ക് പായിക്കാനായിരുന്നു റിസ്വാന്റെ ഉദ്ദേശം. പക്ഷേ, അത് ബുമ്രയായിരുന്നു. റിസ്വാന്റെ വിക്കറ്റ് തെറിക്കുമ്പോള്‍ ടീം ഇന്ത്യ മാത്രമല്ല, അതിന്റെ കോടിക്കണക്കിന് ആരാധകരും ഒരു ദീര്‍ഘനിശ്വാസമെടുത്തു. അവിടെ നിന്നാണ് കളി ഇന്ത്യയുടെതായി മാറിയത്.

ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ബുമ്ര സ്വന്തമാക്കിയത്. നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബുമ്രയാണ് മാന്‍ ഓഫ് ദ മാച്ച്. നാലോവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ പിന്തുണയും വലുതായിരുന്നു. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും ഈ വിജയത്തില്‍ അവരുടെതായ പങ്ക് വഹിച്ചിട്ടുണ്ട്.

ബുമ്രയ്‌ക്കൊപ്പം തന്നെ ഇന്ത്യന്‍ വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ഋഷഭ് പന്തിനാണ്. വലിയൊരു അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും തിരികെ വന്ന പന്ത് ഇന്നലെ അസാമാന്യ പ്രകടനമാണ് വിക്കറ്റിന് പിന്നിലും മുന്നിലും നടത്തിയത്. രോഹിതും കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയതോടെ ക്രീസില്‍ എത്തിയ പന്ത് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ രക്ഷിച്ചത്. 31 പന്തില്‍ 42 റണ്‍സ് നേടിയ പന്ത് തന്നെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പന്തിന്റെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ നൂറ് കടക്കുന്നത് സംശയമായിരുന്നു.

18 പന്തുകള്‍ക്കുള്ളില്‍ വെറും ഏഴ് റണ്‍സ് നേടി നാല് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പവലയിനലിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ എത്രദൂരം മുന്നോട്ടു പോകുമെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നു. വിക്കറ്റുകള്‍ വീഴുന്നത് കണ്ടിട്ടും ധൈര്യം കൈവിടാതെയുള്ള പോരാട്ടമായിരുന്നു പന്ത് നടത്തിയത്. പാക് ബൗളര്‍ നിസ്സഹായരായി പോയത് പന്തിന് മുന്നില്‍ മാത്രമാണ്. ചെറു പുഞ്ചിരിയോടെ കോപ്പി ബുക്ക് ശൈലികളൊന്നും പിന്തുടരാതെ, തന്റെ ശരീരം യഥേഷ്ടം ഉപയോഗിച്ച് അയാള്‍ സ്‌കോര്‍ കണ്ടെത്തിക്കൊണ്ടിരുന്നു. തിരിച്ചു വരവില്‍ കൂടുതല്‍ കരുത്തനാണ് താനെന്ന് എല്ലാവരെക്കൊണ്ട് വിശ്വസിപ്പിക്കും വിധമായിരുന്നു പന്തിന്റെ പ്രകടനം. വിക്കറ്റിന് പിന്നിലേക്ക് വന്നപ്പോഴും അയാള്‍ അത്ഭുതപ്പെടുത്തുകയായിരുന്നു. ഷദാബ് ഖാന്റെ ടോപ് എഡ്ജില്‍ കൊണ്ടു പറന്ന ബോള്‍ കൈയിലൊതുക്കിയ പന്തിന്റെ ക്യാച്ച് അവിസ്മരണീയമാണ്. പാണ്ഡ്യയുടെ പന്തില്‍ ഫക്തര്‍ സമാന്റെ ക്യാച്ച് എടുത്തതും അതിഗംഭീരമായിരുന്നു.

അക്‌സര്‍ പട്ടേലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(13 റണ്‍സ്) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ഇതില്‍ 20 റണ്‍സ് എടുത്ത അക്‌സര്‍ ആണ് പന്ത് കഴിഞ്ഞാല്‍ രണ്ടാമത്. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 39 റണ്‍സ് ഏറെ നിര്‍ണായകമായിരുന്നു. പിന്നാലെ വന്ന ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സുര്യകുമാര്‍ യാദവ് ഏഴ് റണ്‍സിനും ശിവം ദുബെ മൂന്ന് റണ്‍സിനും പുറത്തായപ്പോള്‍, വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാനായില്ല. 12 പന്തില്‍ ഏഴ് റണ്‍സായിരുന്നു സമ്പാദ്യം. രവീന്ദ്ര ജഡേജ ആദ്യ പന്തില്‍ തന്നെ പുറത്തായി.

ഞായറാഴ്ച്ചത്തെ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതായപ്പോള്‍, രണ്ട് തോല്‍വിയുമായി പാകിസ്താന്റെ നില പരുങ്ങലിലായി. നേരത്ത യുഎസ്എയോടും പാകിസ്താന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. യുഎസ്എ അയര്‍ലണ്ടിനെ തോല്‍പ്പിച്ചാല്‍ അവര്‍ സൂപ്പര്‍ സിക്‌സില്‍ കടക്കാന്‍ സാധ്യതയേറയാണ്. അങ്ങനെയെങ്കില്‍ പാകിസ്താന് നാണം കെട്ട് മടങ്ങേണ്ടി വരും.

Content Summary;  T20 world cup, india-pakistan match,Jasprit Bumrah, rishabh pant performance helps india

Share on

മറ്റുവാര്‍ത്തകള്‍