രാജ്യവ്യാപകമായ പ്രതിഷേധത്തിനും തന്റെ സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയായി മാറിയൊരു ഫോണ്‍ കോളിന്റെ പേരില്‍ ഒടുവില്‍ പരസ്യമായി മാപ്പ് അപേക്ഷിച്ച് തായ്‌ലാന്‍ഡ് പ്രധാമന്ത്രി പെയ്‌തോങ്താന്‍ ഷിനവാത്ര. സമ്മര്‍ദ്ദം ശക്തമായതോടെ വ്യാഴാഴ്ച സൈനിക മേധാവികള്‍ക്കും, അവരുടെ ഫ്യൂ തായ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം ഒരു വാര്‍ത്താ സമ്മേളനം നടത്തിയാണ് പെയ്‌തോങ്താന്‍ ക്ഷമാപണം നടത്തിയത്.
‘ഒരു കംബോഡിയന്‍ നേതാവുമായുള്ള എന്റെ സംഭാഷണത്തിന്റെ ഓഡിയോ ചോര്‍ന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇത് പൊതുജനങ്ങളുടെ നീരസത്തിന് കാരണമായി,” തന്റെ ക്ഷമാപണത്തില്‍ മാധ്യമപ്രവര്‍ത്തകരോടായി പെയ്‌തോങ്താന്‍ പറഞ്ഞു.
കോംബോഡിയന്‍ മുന്‍ ഭരണത്തലവന്‍ ഹുന്‍ സെന്നുമായി പെയ്‌തോങ്താന്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. ഹുന്‍ 2023 ല്‍ കംബോഡിയന്‍ അധികാരത്തില്‍ നിന്നും പുറത്തായ ആളാണ്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ ഹുന്‍ മാനെറ്റാണ് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ ഹുന്‍ സെന്നിന് ഇപ്പോഴും കംബോഡിയന്‍ ഭരണകൂടത്തില്‍ വലിയ സ്വാധീനം ഉണ്ടെന്നാണ് വിമര്‍ശനം. ഔദ്യോഗികകമായി അധികാരത്തില്‍ ഇല്ലാത്ത ഹുന്‍ സെന്നുമായി അതിര്‍ത്തി തര്‍ക്കും ചര്‍ച്ച ചെയ്തു എന്നാണ് പെയ്‌തോങ്താനിനെതിരായ വിമര്‍ശനത്തിന് കാരണം. അവര്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് ജനങ്ങളെല്ലാം അറിഞ്ഞത്.
അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു എന്നതല്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നമായത്. ആ സംഭാഷണത്തിലെ പരാമര്‍ശങ്ങളാണ്. സംസാരത്തിനിടയില്‍ പെയ്തോങ്താന്‍ കംബോഡിയന്‍ നേതാവിനെ ‘അങ്കിള്‍’ എന്നാണ് അഭിസംബോധന ചെയ്തത്. മാത്രമല്ല രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ തായ് ആര്‍മി കമാന്‍ഡറെ എതിരാളി എന്നവര്‍ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത വിമര്‍ശനത്തിന് കാരണമായത്.
ഫോണ്‍ കോള്‍ ചോര്‍ന്നതിനെക്കുറിച്ച് പരാതിപ്പെട്ട് തായ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച കംബോഡിയന്‍ അംബാസഡറെ വിളിച്ചുവരുത്തി കത്ത് നല്‍കിയിരുന്നു.
ഫോണ്‍ കോള്‍ ചോര്‍ന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷി രാജിവച്ചത് സാഹചര്യങ്ങള്‍ രൂക്ഷമാക്കി. പെയ്‌തോങ്താന്‍ രാജിവച്ച് അധികാരത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും അല്ലെങ്കില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താണം എന്നൊക്കെയുള്ള ആഹ്വാനങ്ങള്‍ രാജ്യത്തുയര്‍ന്നു. ഫോണ്‍ വിവാദം തായ്‌ലാന്‍ഡിനെ പുതിയൊരു രാഷ്ട്രീയ അസ്ഥിരതയിലേക്ക് തള്ളിവിട്ടു. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപാര താരിഫുകള്‍ ഒഴിവാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് പെയ്‌തോങ്താന്‍ സ്വന്തം രാജ്യത്ത് നിന്നു തന്നെ രാഷ്ട്രീയ തിരിച്ചടി നേരിടുന്നത്.
ചോര്‍ന്ന ഫോണ്‍ കോളിലെ പെയ്‌തോങ്താനിന്റെ പെരുമാറ്റം രാജ്യത്തിനും സൈന്യത്തിനും മുറിവേല്‍പ്പിച്ചുവെന്ന് ആരോപിച്ചാണ് യാഥാസ്ഥിതികരായ ഭുംജൈതായ് പാര്‍ട്ടി ബുധനാഴ്ച സര്‍ക്കാരില്‍ നിന്നും പിന്മാറിയത്. സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭയം ഇതോടെ ഉടലെടുത്തുവെങ്കിലും വൈകിട്ടോടെ മറ്റ് സഖ്യകക്ഷികളില്‍ നിന്നു കിട്ടിയ പിന്തുണ പെയ്‌തോങ്താന്‍ സര്‍ക്കാരിന്റെ ആയുസ് നീട്ടി. മറ്റ് സഖ്യകക്ഷികളായ ചാര്‍ട്ട് തായ് പറ്റ്റ്റാന, യുണൈറ്റഡ് തായ് നേഷന്‍, ഡെമോക്രാറ്റ് പാര്‍ട്ടി എന്നിവരുടെ നേതാക്കള്‍ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് പ്രതിസന്ധിയെക്കുറിച്ച് അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാര്‍ട്ട് തായ് പറ്റ്റ്റാന നേതാവ് വറാവൂത് സില്‍പ-അര്‍ച്ച തന്റെ പാര്‍ട്ടി സര്‍ക്കാരില്‍ തുടരുമെന്നും എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ പെയ്‌തോങ്താനുമായി സംസാരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് സര്‍ക്കാരിന് ആശ്വാസമായത്. ഒരു സഖ്യകൂടി പിന്മാറിയിരുന്നുവെങ്കില്‍ സര്‍ക്കാരിന്റെ അവസാനത്തിനോ, ഒരു തിരഞ്ഞെടുപ്പിനോ അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ പുതിയ സഖ്യം കെട്ടിപ്പടുക്കുന്നതിനോ കാരണമാകുമായിരുന്നു.
തായ്‌ലാന്‍ഡ് സൈനിക നേതൃത്വം കടുത്ത തീരുമാനങ്ങളൊന്നും എടുത്തില്ലെന്നതും പ്രധാനമന്ത്രിക്ക് തുണയായി. ‘ജനാധിപത്യ തത്വങ്ങളോടും ദേശീയ പരമാധികാര സംരക്ഷണത്തോടുമുള്ള പ്രതിബദ്ധത’ പുലര്‍ത്തുന്നു എന്നാണ് കരസേനാ മേധാവി ജനറല്‍ പാന ക്ലേവ്പ്ലോഡിനൈ ഉദ്ധരിച്ച് സൈന്യം പ്രസ്താവനയിറക്കിയത്. ‘ദേശീയ പരമാധികാരം കൂട്ടായി സംരക്ഷിക്കുന്നതില്‍ തായ് ജനത ഐക്യത്തോടെ നില്‍ക്കേണ്ടത്’ പരമപ്രധാനമാണെന്നും സൈനിക മേധാവി ഊന്നിപ്പറഞ്ഞതായി സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
തായ്ലന്‍ഡിലെ സായുധ സേന വളരെക്കാലമായി രാജ്യത്തിന്റെ ഭരണത്തില്‍ ശക്തമായ ഇടപെട്ടിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ സാധാരണയായി അവരെ എതിര്‍ക്കാതിരിക്കാനാണ് ശ്രദ്ധിക്കാറുണ്ട്. 1932-ല്‍ സമ്പൂര്‍ണ്ണ രാജവാഴ്ച അവസാനിച്ചതിനുശേഷം തായ്ലന്‍ഡില്‍ ഒരു ഡസന്‍ അട്ടിമറികള്‍ ഉണ്ടായിട്ടുണ്ട്. നിലവിലെ പ്രതിസന്ധി അനിവാര്യമായും മറ്റൊന്ന് വരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.
സൈന്യം അധികാരം പിടിച്ചാല്‍ അത് പെയ്‌തോങ്താന് തന്റെ അമ്മായിക്കും പിതാവിനും ശേഷം നേരിടേണ്ടി വരുന്ന തിരിച്ചടിയാകും. മറ്റ് രണ്ടു പേരെയും സൈന്യമാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയത്. അമ്മായി യിങ്ലക്കിനെയും പിതാവ് തക്സിനെയും സൈന്യമാണ് അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. 2024 ഓഗസ്റ്റിലാണ് പെയ്‌തോങ്താന്‍ ഷിനവത്ര അധികാരമേല്‍ക്കുന്നത്. Thai PM Paetongtarn Shinawatra apologises to the country over a leaked phone call
Content Summary; Thai PM Paetongtarn Shinawatra apologises to the country over a leaked phone call
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.