ഹരിയാനയിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ കുടുംബങ്ങള്‍ നിന്നുള്ള നിരവധി പ്രമുഖന്മാര്‍ക്ക് കാലിടറിയ ദിവസം കൂടിയായിരുന്നു ചൊവ്വാഴ്ച്ച. ഭജന്‍ ലാല്‍, ദേവിലാല്‍, ബന്‍സി ലാല്‍ എന്നീ രാഷ്ട്രീയ അതികായന്മാരുടെ പിന്‍ഗാമികളെ ജനങ്ങള്‍ കൈവിടുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്.
2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം, കഴിഞ്ഞ ദശകത്തില്‍ ജാട്ട് സമുദായം സ്വാധീനം ചെലുത്തിയിരുന്ന ഹരിയാനയുടെ രാഷ്ട്രീയ ഭൂപ്രകൃതി കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെയും (ഐഎന്‍എല്‍ഡി) അതിന്റെ വിഘടിത വിഭാഗമായ ജനനായക് ജനതാ പാര്‍ട്ടിയുടെയും (ജെജെപി) തകര്‍ച്ചയും കാണിക്കുന്നത് ഇതേ മാറ്റമാണ്. ഒരുകാലത്ത് പ്രാദേശിക പാര്‍ട്ടികളുടെ പരമ്പരാഗത വോട്ട് ബാങ്കായിരുന്ന, 27% വരുന്ന ജാട്ടുകള്‍ തങ്ങളുടെ കൂറ് മാറ്റിയിരിക്കുന്നു എന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഐഎന്‍എല്‍ഡിക്കും ജെജെപിക്കും ദോഷമായി ബാധിച്ചതും ഇതാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ദുഷ്യന്ത് ചൗട്ടാലയെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ബന്ധുവായ അര്‍ജുന്‍ ചൗട്ടാല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് നിയമസഭാംഗവുമായ രഞ്ജിത് സിങ്ങിനെ പരാജയപ്പെടുത്തിയത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.
അഭയ് സിംഗ് ചൗട്ടാല (ഐഎന്‍എല്‍ഡി), ദുഷ്യന്ത് ചൗട്ടാല (ജെജെപി) എന്നീ പ്രധാന നേതാക്കളുടെ തോല്‍വി, പാരമ്പര്യമായി ജനങ്ങള്‍ക്കിടയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന രണ്ട് പ്രാദേശിക പാര്‍ട്ടികളുടെയും പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ അവരുടെ സ്വാധീനം നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്.
സുരക്ഷിത കോട്ടയായി കരുതിയിരുന്ന എല്ലനാബാദില്‍ അഭയ് ചൗട്ടാലയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭരത് സിംഗ് ബെനിവാളാണ് പരാജയപ്പെടുത്തിയത്. ജാട്ട് ആധിപത്യമുള്ള ഉച്ചന കലന്‍ മണ്ഡലത്തില്‍ ദുഷ്യന്ത് ആറാം സ്ഥാനത്താണ് എത്തിയത്. അവിടെ ബിജെപിയുടെ ദേവേന്ദര്‍ അത്ത്രിയാണ് വിജയിക്കൊടി പാറിച്ചത്.
നിലവിലെ ബിജെപി സര്‍ക്കാരുമായി രാഷ്ട്രീയ സഖ്യത്തില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ജെജെപി. മുറിവ് കെട്ടി, പഴയപോലെ വീണ്ടും സഖ്യത്തിലെത്തി സീറ്റുകള്‍ ഉറപ്പാക്കുന്നതിനോ, തങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിനോ പാര്‍ട്ടിക്ക് സാധിച്ചില്ല എന്നതും അവരുടെ പരാജയത്തിന്റെ ആഴം കൂട്ടുന്നു. അതേസമയം, റാനിയയില്‍ രഞ്ജിത് സിങ്ങിനെ 6,507 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച അര്‍ജുന്‍ ചൗട്ടാലയുടെ വിജയം സൂചിപ്പിക്കുന്നത് ഐഎന്‍എല്‍ഡി പൂര്‍ണമായും അസ്തമിച്ചിട്ടിട്ടില്ല എന്നു തന്നെയാണ്.
സംസ്ഥാന ജനസംഖ്യയുടെ 21% വരുന്ന ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ജെജെപി ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു. മറുവശത്ത് ഐഎന്‍എല്‍ഡി ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുമായി കൈകോര്‍ത്തു. ഐഎന്‍എല്‍ഡി-ബിഎസ്പി സഖ്യത്തിലെ ധാരണയനുസരിച്ച് ഐഎന്‍എല്‍ഡി 53 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ബിഎസ്പി 37 സീറ്റുകളിലാണ് അവരുടെ സ്ഥാനാര്‍ത്ഥികളെ ഇറക്കിയത്. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും യുവാക്കളുടെതായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു ജെജെപി-ആസാദ് സമാജ് പാര്‍ട്ടി സഖ്യത്തിന്റെ രൂപീകരണ വേളയിലെ പ്രഖ്യാപനം. 36 വയസുള്ളവരാണ് രണ്ടു പാര്‍ട്ടികളുടെ നേതാക്കളായ ദുഷ്യന്ത് ചൗട്ടാലയും ചന്ദ്രശേഖറും. എന്നിട്ടും ജനം ജെജെപിയെയും ഐഎന്‍എല്‍ഡിയെയും കൈവിട്ടു. ദുഷ്യന്തിന്റെ സഹോദരന്‍ ദിഗ്വിജയ സിംഗ് ചൗട്ടാല സിര്‍സയിലെ ദബ്വാലി മണ്ഡലത്തില്‍ പരാജയം നേരിട്ടപ്പോള്‍, ഐഎന്‍എല്‍ഡിയിലെ സുനൈന ചൗട്ടാല ഫത്തേഹാബാദില്‍ പരാജയപ്പെട്ടു.
ഒരു കാലത്ത് ഹരിയാന രാഷ്ട്രീയത്തില്‍ പ്രബലമായിരുന്ന ഐഎന്‍എല്‍ഡി 19 അംഗങ്ങളുമായി നിയമസഭയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു. എന്നാല്‍ 2014 ന് ശേഷം അവര്‍ നിലനില്‍പ്പിനായി പോരാടുകയാണ്. പക്ഷേ, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അവരെ കൂടുതല്‍ തകര്‍ത്തിരിക്കുകയാണ്. അര്‍ജുന്‍ ചൗട്ടാല മാത്രമാണ്, അവര്‍ക്കിനി ആകെ പറയാനുള്ള നിയമസഭാംഗം.
ഭജന്‍ലാല്‍ കുടുംബത്തിന്റെ കോട്ടയായി ദീര്‍ഘകാലമായി കരുതപ്പെട്ട ഹിസാറിലെ ആദംപൂര്‍ സീറ്റിലെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. മുന്‍ മുഖ്യമന്ത്രിയായ ഭജന്‍ ലാലിന്റെ ചെറുമകന്‍ ഭവ്യ ബിഷ്ണോയി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചന്ദര്‍ പ്രകാശിനോട് 1,268 വോട്ടിന്റെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. അതേസമയം ഭവ്യയുടെ അമ്മാവന്‍ ചന്ദര്‍ മോഹന് പഞ്ച്കുള മണ്ഡലത്തില്‍ ബിജെപിയുടെ എംഎല്‍എ ജിയാന്‍ ചന്ദ് ഗുപ്തക്കെതിരെ വിജയിക്കനായി.
തോഷം നിയമസഭാ സീറ്റില്‍ ബന്‍സി ലാലിന്റെ രണ്ട് പേരക്കുട്ടികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ആ ഏറ്റുമുട്ടലില്‍ ബിജെപി പ്രതിനിധീകരിച്ച ശ്രുതി ചൗധരി തന്റെ ബന്ധുവായ അനിരുദ്ധ് ചൗധരിയെ പരാജയപ്പെടുത്തി. ബിജെപി നേതാവ് കിരണ്‍ ചൗധരിയുടെയും ബന്‍സി ലാലിന്റെ മകന്‍ സുരേന്ദര്‍ സിംഗിന്റെയും മകളാണ് ശ്രുതി.
സിര്‍സയില്‍, ദേവി ലാലിന്റെ ചെറുമക്കളില്‍ ഒരാളായ അഭയ് സിംഗ് ചൗട്ടാല എല്ലനാബാദ് സീറ്റില്‍ പരാജയപ്പെട്ടപ്പോള്‍, മറ്റൊരു ചെറുമകന്‍ ആദിത്യ ദബ്വാലിയില്‍ നിന്ന് വിജയിച്ചു. അടുത്തിടെയാണ് ആദിത്യ ബിജെപിയില്‍ നിന്ന് ഐഎന്‍എല്‍ഡിയിലേക്ക് മാറിയത്. ജെജെപിയിലെ മറ്റൊരു പ്രമുഖനായ ചെറുമകന്‍ ദിഗ് വിജയ് സിംഗ് ചൗട്ടാലയും പരാജയം രുചിക്കുകയാണുണ്ടായത്.
റാനിയ മണ്ഡലത്തില്‍ ദേവിലാലിന്റെ മകനും മുന്‍ മന്ത്രിയുമായ രഞ്ജിത് സിംഗ് ചൗട്ടാലയെ കാത്തിരുന്നതും പരാജയമായിരുന്നു. ബിജെപി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് രഞ്ജിത്ത് സിംഗ് ഇത്തവണ മത്സരിച്ചത്.
ഉച്ചന്‍ കലന്‍ മണ്ഡലത്തില്‍ ബിജെപിയുടെ ദേവേന്ദര്‍ അത്ത്രി കേവലം 32 വോട്ടുകള്‍ക്കാണ് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയത്. മഹേന്ദ്രഗഡിലെ അറ്റേലിയില്‍ നിന്നുള്ള ബിജെപി നേതാവ് റാവു ഇന്ദര്‍ജിത് സിങ്ങിന്റെ മകള്‍ ആരതി റാവു, കൈതലില്‍ വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ മകന്‍ ആദിത്യ സുര്‍ജേവാല എന്നിവര്‍ ഇത്തവ ശ്രദ്ധേയമായ വിജയം നേടിയവരാണ്.
എല്ലാത്തിനുമൊടുവില്‍ 48 സീറ്റുകള്‍ നേടി ബിജെപി ഹരിയാനയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയപ്പോള്‍, പ്രതീക്ഷകളെല്ലാം തകര്‍ന്ന് കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. The famous Jat votes and political decline of Bhajan Lal, Bansi Lal, and Devi Lal families
Content Summary; The famous Jat votes and political decline of Bhajan Lal, Bansi Lal, and Devi Lal families