ചെറുപ്പം മുതലേ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന പി. രാജന്‍ എഴുപതുകളില്‍ എം.എ.ജോണിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ പരിവര്‍ത്തനവാദി പ്രസ്ഥാനം രൂപമെടുത്തപ്പോള്‍ അതിന്റെ പ്രധാന ബുദ്ധികേന്ദ്രമായി. സംഘടന മുഖപ്രസിദ്ധീകരണമായ ‘നിര്‍ണയ’ ത്തില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ മൗലിക ചിന്തയും ഉള്‍ക്കാഴ്ചയും പ്രസരിപ്പിക്കുന്നവയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ പത്രപ്രവര്‍ത്തകനാണ് രാജന്‍. രാഷ്ട്രീയലേഖകനായും നിയമകാര്യലേഖകനായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും അറിയാനുള്ള അവകാശങ്ങളും മൂടിക്കെട്ടിയ ആ കാലത്തെ ഓര്‍മകള്‍ അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷം അഴിമുഖത്തോട് പങ്കുവയ്ക്കുന്നു.
നാടകീയതയുടെ അടിയന്തരാവസ്ഥക്കാലം
ജനനത്തീയതി പോലും എനിക്കൊന്ന് ഓര്‍ക്കാതെ പറയാന്‍ പറ്റുന്നതല്ല. പക്ഷേ അടിയന്തരാവസ്ഥ കാലത്ത് എന്റെ കൈകളില്‍ വിലങ്ങ് വച്ച തീയതി ഞാന്‍ ഒരിക്കലും മറക്കില്ല. കാരണം അത് തികച്ചും നാടകീയമായ സംഭവമായിരുന്നു. വിലങ്ങ് വച്ചപ്പോള്‍ എന്റെ വലത് കൈയില്‍ തന്നെ വയ്ക്കണമെന്ന് പോലീസിനെ ഞാന്‍ നിര്‍ബന്ധിച്ചു. ‘നാവടക്കൂ പണിയെടുക്കൂ’ എന്നായിരുന്നല്ലോ അടിയന്തരാവസ്ഥയുടെ ആപ്തവാക്യം. നാവടക്കിയിരിക്കാന്‍ എനിക്ക് പറ്റിയില്ല. ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്ന് കരുതാനുമായില്ല. ‘ഇന്ദിരയുടെ അടിയന്തിരം’ എന്ന പേരില്‍ ലഘുലേഖ എഴുതി പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു എന്റെ അറസ്റ്റ്. അതുകൊണ്ട് തന്നെ വിലങ്ങ് വയ്ക്കുകയാണെങ്കില്‍ എഴുതിയ കൈകളില്‍ തന്നെ വയ്ക്കണമെന്നത് എനിക്ക് നിര്‍ബന്ധമായിരുന്നു. 1975 ജൂലൈ 20 ന് എന്നെ അറസ്റ്റ് ചെയ്ത്, ബസില്‍ മട്ടാഞ്ചേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് മട്ടാഞ്ചേരിയില്‍ നിന്ന് കൈവിലങ്ങുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജോലി ചെയ്തു എന്ന കുറ്റത്തിന് മാത്രമായിരുന്നു കേസ്. രണ്ട് തരത്തിലായിരുന്നു അന്ന് അറസ്റ്റ് നടന്നിരുന്നത്. ഒന്ന് അടിയന്തരാവസ്ഥയെ എതിര്‍ത്ത് ജാഥകളും മറ്റും നടത്തിയിരുന്നവരും മറ്റൊന്ന് കരുതല്‍ തടങ്കലുമായിരുന്നു. അതായത് കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ തടങ്കലില്‍ ആകുന്നവര്‍. അക്കൂട്ടത്തിലായിരുന്നു പിണറായി വിജയനൊക്കെ അറസ്റ്റിലായത്. കൂടാതെ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ അക്കാലത്ത് ആര്‍എസ്എസ്, ജമാ അത്ത് ഇസ്ലാമി എന്നീ രണ്ട് സംഘടനകളെയും നിരോധിച്ചിരുന്നു.
കോണ്‍ഗ്രസിലെ ഒരു റാഡിക്കല്‍ വിഭാഗം എംഎ ജോണിന്റെ പത്രാധിപത്യത്തിന് കീഴില്‍ ‘നിര്‍ണയം’ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചു. അതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ദിരയുടെ അടിയന്തരം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസുകാരോടും ജനാധിപത്യ വാദികളോടും റിബല്‍ ചെയ്യാന്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത് എഴുതിയതായിരുന്നു ഈ ലഘുലേഖ. ഇന്ദിരാഗാന്ധി സ്വന്തം സ്ഥാനം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത് വ്യക്തമാക്കുന്നതായിരുന്നു ലഘുലേഖ. അന്നത്തെ നിയമമനുസരിച്ച് അങ്ങനെ എഴുതുന്നത് നിയമവിരുദ്ധവുമായിരുന്നു. ബാഹ്യമായ ആക്രമണത്തിന്റെ പേരില്‍ ഒരു അടിയന്തരാവസ്ഥ ആദ്യം നിലവിലുണ്ടായിരുന്നു. ആഭ്യന്തര സുരക്ഷിതത്വം അപകടത്തില്‍ എന്ന പേരില്‍ ആണ് രണ്ടാമത്തെ അടിയന്തരാവസ്ഥ 1975 ല്‍ പ്രഖ്യാപിക്കുന്നത്.
ഈ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പ് രാജ്യത്ത് ഒരു പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. അതില്‍ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. പിന്നെ റെയില്‍വേയുടെ ഒരു പണിമുടക്കും നടന്നു. അതിലും അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്ന ഒന്നും നടന്നിരുന്നില്ല. എന്നാല്‍ 1971 ലെ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ ഇന്ദിര ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന രാജ് നാരായണ്‍ നല്‍കിയ ഹര്‍ജിയായിരുന്നു അടിയന്തരാവസ്ഥയിലേക്ക് ഇന്ദിരയെ എത്തിച്ചത്. ക്രമക്കേടും ജനപ്രാതിനിധ്യ നിയമം 1951-ന്റെ ലംഘനവും ആരോപിച്ചായിരുന്നു ഹര്‍ജി. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1975 ജൂണ്‍ 12 ന് ആറ് വര്‍ഷത്തേക്ക് അലഹബാദ് ഹൈക്കോടതി ഇന്ദിരയെ ലോക്‌സഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും അയോഗ്യയാക്കി.
സോവിയറ്റ് പക്ഷവും ഇന്ദിരാ പക്ഷവും
അടിയന്തരാവസ്ഥക്കാലത്ത് സിപിഐ യും, സിപിഎം ഉം രണ്ട് ചേരിക്കാരായിരുന്നു. സിപിഐ ഉള്‍പ്പെടെ ഇന്ദിര ഗാന്ധിയുടെ വിരുദ്ധ ചേരിയിലായിരുന്നു. അന്ന് സോവിയറ്റ് യൂണിയന്റെ പിന്തുണക്കാരായിരുന്നു സിപിഐ. സോവിയറ്റ് യൂണിയന്റെ കൂടി താല്പര്യത്തിന് അനുസരിച്ചായിരുന്നു അടിയന്തരാവസ്ഥ നടന്നത്. സോവിയറ്റ് യൂണിയനിലേക്ക് എങ്ങനെയെങ്കിലും തിരികെ ചേരണമെന്ന ആഗ്രഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്ന കാലത്തായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും അക്കാലത്ത് ഇഎംഎസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇഎംഎസ് പാര്‍ട്ടിക്കാരെ മുഴുവന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അനുകൂലമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു.
ഞാന്‍ അക്കാലത്ത് അടിയന്തരാവസ്ഥയ്ക്ക് വിരുദ്ധമായ, എംഎ ജോണ്‍ അനുകൂലിക്കുന്ന റാഡിക്കല്‍ ഗ്രൂപ്പിനെയാണ് അനുകൂലിച്ചത്. ഇവര്‍ ജനസംഘര്‍ഷ നഗറിലായിരുന്നു സമ്മേളനങ്ങള്‍ പോലും നടത്തിയത്. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ ജനസംഘ
സമിതി എന്ന പേരിലായിരുന്നു സമരം നടത്തിയിരുന്നത്. അതിനെ അനുസ്മരിച്ചുകൊണ്ടും അതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഞാന്‍ നിന്നു. അതുകൊണ്ട് തന്നെ അവരുടെ ലഘുലേഖ പ്രസിദ്ധീകരിക്കാതിരിക്കാനുള്ള യാതൊരു കാരണവും ഉണ്ടായിരുന്നില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പത്രാധിപരായിരുന്ന എംഎ ജോണിന്റെ ഗ്രൂപ്പിനെ ആന്റണി ഗ്രൂപ്പിന് എതിരായി വളര്‍ത്തിക്കൊണ്ടുവരാന്‍ കരുണാകരനും ഉമ്മന്‍ചാണ്ടിയും അടിയന്തരാവസ്ഥാ കാലഘട്ടം ഉപയോഗിച്ചു. റിബലായുള്ള ചെറുപ്പക്കാരുടെ ഗ്രൂപ്പ് ജോണിന് അനുകൂലമായി ഉണ്ടായിരുന്നു. അതിന്റെ തിയററ്റിക്കലായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത് ഞാനായിരുന്നു. അതിനാല്‍ നിര്‍ണയം മാസികയില്‍ പരസ്യമൊന്നും സ്വീകരിക്കാതെ തന്നെ ആശയപ്രചരണമായിരുന്നു ഞങ്ങള്‍ നടത്തിയിരുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുക എന്നതായിരുന്നു ഞങ്ങളുടെ നയം.
ലഘുലേഖ ഞങ്ങള്‍ കോണ്‍ഗ്രസിന് അയച്ചുകൊടുത്തു. അത് കെപിസിസിയില്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ കരുണാകരന്റെ ഭരണത്തിന്റെ ദൗര്‍ബല്യമാണെന്ന രീതിയില്‍ കരുണാകരനെ കുറ്റപ്പെടുത്താന്‍ പോലും, പിന്നീട് തങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നുവെന്ന് വാദിച്ച ആന്റണി ഗ്രൂപ്പ് തയ്യാറായി. ആ സൈക്കോളജി മുതലാക്കിക്കൊണ്ട് ഞങ്ങളൊരു വ്യാജ രേഖ പോലീസ് റെയ്ഡ് നടത്തിയാല്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കി വച്ചിരുന്നു. അതായത് അറസ്റ്റ് നടന്നാല്‍ കരുണാകരനെയും പോലീസിനെയും മാത്രമേ കുറ്റപ്പെടുത്താവൂവെന്നും ആന്റണി നമുക്ക് രഹസ്യമായി സഹായം ചെയ്യുമെന്നും, വായിച്ച് കഴിഞ്ഞാല്‍ കത്ത് കത്തിച്ചുകളയണമെന്നുമായിരുന്നു ആ വ്യാജ രേഖയില്‍ ഉണ്ടായിരുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് മാത്രമേ ഇത് അയയ്ക്കുന്നുള്ളൂവെന്നും എല്ലാവരെയും ഇത് അറിയിക്കണമെന്നുമായിരുന്നു പോലീസുകാരെ ചുറ്റിക്കാനായി ഞങ്ങള്‍ തയ്യാറാക്കി വച്ചത്. പിന്നീട് ഞാന്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് പോലീസ് മെഡല്‍ ലഭിച്ച ബാലകൃഷ്ണപിള്ള പോലും സത്യമറിഞ്ഞത്.
ജയിലില്‍ വച്ച് സംസ്ഥാന പോലീസ് രണ്ട് തവണയും കേന്ദ്ര പോലീസ് മൂന്ന് തവണയും ഞങ്ങളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പോലീസ് റെയ്ഡ് നടത്തിയപ്പോഴാകട്ടെ ഈ വ്യാജ രേഖ ലഭിച്ചതുമില്ല. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ വായിച്ച് കഴിഞ്ഞാല്‍ കത്തിക്കണമെന്ന് പറഞ്ഞത് കൊണ്ട് അവനെടുത്ത് കുളിമുറിയിലേക്ക് മാറ്റിവച്ചു. പിന്നെ എന്നെ ഫോണ്‍ വിളിച്ചശേഷം അത് ഇരുന്നിടത്ത് തന്നെ വച്ചു. ഇത്തരം ഒരു രേഖ ഇറക്കിയ വിവരം ഞങ്ങള്‍ കരുണാകരനെ മറ്റൊരാള്‍ വഴി അറിയിച്ചു. കരുണാകരന് ആ കത്ത് കിട്ടണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. കാരണം അത് ആന്റണിയെ താറടിക്കാന്‍ കിട്ടുന്ന ഒരവസരമായിരുന്നല്ലോ. ഭാഗ്യവശാല്‍ കരുണാകരന്‍ അന്നത്തെ ഡിജിപി ആയിരുന്ന കുമാരസ്വാമിയെ വിളിച്ച് നിങ്ങള്‍ പോയി നന്നായി പരിശോധിക്കാന്‍ പറഞ്ഞുവിട്ടു. അങ്ങനെ രണ്ടാമത് റെയ്ഡ് നടത്തിയപ്പോള്‍ സംഗതി കിട്ടി. ജൂലൈ 20 ന് വൈകുന്നേരം, ഇത് ഞാന്‍ തന്നെയാണ് എഴുതിയതെന്ന് ഉറപ്പുവരുത്തുന്നതിനായി മാതൃഭൂമിയുടെ ഓഫീസില്‍ ചെന്ന് എന്റെ കൈയ്യക്ഷരമാണെന്ന് കണ്ടെത്തി എന്നെയും ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന സെക്രട്ടറി ദേവസിക്കുട്ടിയെയും ഓഫീസ് സെക്രട്ടറി ശങ്കരനെയും അറസ്റ്റ് ചെയ്തു. പത്രാധിപരായ എംഎ ജോണിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പേ അയാള്‍ ഒളിവില്‍ പോയി.
പിന്നീട് നടന്ന ഒരു യോഗത്തില്‍ കെഎം ചാണ്ടിയും കരുണാകരനും ജോണില്‍ സമ്മര്‍ദം ചെലുത്തി തിരികെ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പുരോഗമന ഗ്രൂപ്പിനെ അടിയന്തരാവസ്ഥ ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പിന്നെ ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം വരികയും ആ ലഘുലേഖ പ്രസിദ്ധീകരിക്കണ്ട എന്ന തീരുമാനത്തിലേക്ക് ജോണ്‍ പതിയെ നീങ്ങുകയും ചെയ്തു. എന്നാല്‍ ഞാനതിനെ ശക്തമായി എതിര്‍ത്തു. കാരണം നിര്‍ണയം എന്ന മാസികയ്ക്ക് ഒരു പേരുണ്ടായിരുന്നു. ആ സമയത്ത് അടിയന്തരാവസ്ഥയെ പേടിച്ച് പിന്‍മാറുക എന്നത് ലജ്ജാകരമായിരുന്നു. ജോണ്‍ പിന്നീട് നിര്‍ബന്ധവശാല്‍ മദ്രാസിലേക്ക് ഒളിവില്‍ പോയി.
കേരള കോണ്‍ഗ്രസ് വര്‍ഗീയ വാദികള്‍
അടിയന്തരാവസ്ഥക്കാലത്ത് പ്രസംഗിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും എതിര്‍ത്ത് കൊണ്ട് അന്ന് പ്രസംഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പിന്നീട് പരിവര്‍ത്തനവാദികളും നിര്‍ണയവും രണ്ടായി. പരിവര്‍ത്തനവാദികള്‍ പിന്നീട് പ്രകൃതിസംരക്ഷണം, അയിത്തോച്ഛാടനം, ഗ്രാമീണവികസനം തുടങ്ങിയ ഗാന്ധി മാര്‍ഗങ്ങളുമായി മുന്നോട്ടുനീങ്ങി. പക്ഷേ നിര്‍ണയം ഗ്രൂപ്പ് അടിയന്തരാവസ്ഥയെ എതിര്‍ത്ത് കൊണ്ട് തന്നെ മുന്നേറി. പിന്നെ പരിവര്‍ത്തനവാദികളെ പ്രതിപക്ഷത്തിന്റെ ഏകോപനസമിതിയില്‍ അംഗവുമാക്കി. അതുവരെ പരിവര്‍ത്തനവാദികളെ കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെന്ന നിലയില്‍ അകറ്റിനിര്‍ത്തിയിരുന്നു. കേരള കോണ്‍ഗ്രസ് വര്‍ഗീയവാദികളാണെന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെയും ഞങ്ങള്‍ എതിര്‍ക്കും. കോണ്‍ഗ്രസിനെയും സിപിഐഎയും എതിര്‍ക്കില്ലെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ ഇതിനെ ഇഎംഎസ് അംഗീകരിച്ചില്ല. കാരണം അത് സിപിഐയുടെ നിലപാടാകുമെന്നും കോണ്‍ഗ്രസില്‍ പുരോഗമനവാദികള്‍ ഉണ്ടെന്നത് സമ്മതിക്കലാകുമെന്നും പറഞ്ഞായിരുന്നു ഇഎംഎസ് എതിര്‍ത്തത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ആര്‍എസ്എസിന്റെ വളന്റിയര്‍മാരെയൊക്കെ ഞങ്ങള്‍ സംഘടിപ്പിച്ചു. അങ്ങനെ പ്രകടനം നടത്തിയവരെയൊക്കെ ജയിലില്‍ അടച്ചതോടെ അത് പൊളിഞ്ഞു. ആര്‍എസ്എസിന്റെ കെ രാമന്‍പിള്ള, ജന്മഭൂമിയിലെ നാരായണന്‍ എന്നിവര്‍ അന്ന് ഒളിവിലായിരുന്നു. അവര്‍ക്കും മൂന്ന് ലഘുലേഖകള്‍ അടിച്ചുകൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാടുചെയ്ത് കൊടുത്തിരുന്നു. അങ്ങനെ ഇന്ദിരയുടെ അടിയന്തരം എന്ന പരമ്പരയില്‍ ആകെ അഞ്ച് ലഘുലേഖകളാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ഇതുപോലെ വേറെ ആരും തന്നെ ചെയ്തിരുന്നില്ല.
ആന്റണിയോട് ചെയ്തത് വലിയ തെറ്റ്
പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ മാന്യത സംരക്ഷിച്ചു എന്നതാണ് ഈ 50-ാം വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നത്. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് പോലും സെന്‍സര്‍ഷിപ്പ് എന്ന രീതി ഇന്ത്യയില്‍ ഇത്രയധികം ഉണ്ടായിട്ടില്ല. സത്യം അറിഞ്ഞ് കൊണ്ട് സകലരും നുണയ്ക്ക് കൂട്ടുനിന്ന കാലമായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട യാതൊരു സാഹചര്യവും രാജ്യത്ത് ഇല്ലായിരുന്നുവെന്ന് പറഞ്ഞ് ഞങ്ങള്‍ ലഘുലേഖ പ്രസിദ്ധീകരിച്ചതിന് പുറമെ ചുമരെഴുത്തും പല സ്ഥലങ്ങളിലും നടത്തിയിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പരിവര്‍ത്തനവാദികള്‍ എഴുതിയ ആ ചുവരെഴുത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പലയിടങ്ങളിലും കാണാന്‍ കഴിയും. എന്നാല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ഈ ചുവരെഴുത്തുകള്‍ക്കൊക്കെ പിന്നില്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസുകാരും, എന്തോ ചെയ്തുവെന്ന് വരുത്താന്‍ മാക്സിസ്റ്റ് പാര്‍ട്ടിക്കാരും രംഗത്തുവന്നു.
ആഭ്യന്തര സുരക്ഷിതത്വം അപകടത്തില്‍ എന്ന പേരില്‍ ജൂണ്‍ 25 ന് അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ജൂണ്‍ 30 നായിരുന്നു ആഭ്യന്തര സോഷ്യലിസ്റ്റ് നിയമം ബാധകമാക്കിയത്. എന്നാല്‍ ജൂണ്‍ 28 ന് ലഘുലേഖ പ്രസിദ്ധീകരിച്ചുവെന്നായിരുന്നു കേസ്. നിയമം ബാധകമാക്കിയതിന് മുമ്പുള്ള കേസാണെങ്കില്‍ പരിരക്ഷ നല്‍കണമെന്ന വ്യവസ്ഥ ഞങ്ങള്‍ക്ക് അനുകൂലമായി വന്നു. ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ അച്ഛനോട് അത് സംബന്ധിച്ച ആക്ട് വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് അത്തരമൊരു വ്യവസ്ഥ കാണുന്നത്.
രണ്ട് മാസം ഞങ്ങള്‍ ജയിലില്‍ കിടന്നു. നിയമം നിലവില്‍ വരുന്നതിന് മുമ്പാണ് ലഘുലേഖ ഇറക്കിയതെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞതോടെ പോലീസിന് കേസ് ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വന്നു. അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ നരനായാട്ടിന്റെ കാലമായിരുന്നുവെങ്കിലും ഞങ്ങളോട് മാന്യമായാണ് പെരുമാറിയിരുന്നത്. അതിന് കാരണം ഒന്ന് പറയാന്‍ തക്ക ഒരു ലേബല്‍ ഉള്ളത് കൊണ്ടും മറ്റൊന്ന് അവരുടെ ഏമാനായ കരുണാകരനെ അനുകൂലിക്കുന്നവരാണെന്ന് കരുതിയിരുന്നതിനാലും. അന്ന് പരിവര്‍ത്തനവാദികളായ എല്ലാവരോടും ഞങ്ങള്‍ പറഞ്ഞത് കരുണാകരന്റെ ആളാണെന്ന രീതിയില്‍ സംസാരിക്കാന്‍ ആയിരുന്നു. ഞങ്ങളുടെ ലക്ഷ്യം ആന്റണിയുടെ, ഇന്ദിരാഗാന്ധിയിലെ വിശ്വാസം നശിപ്പിക്കുകയായിരുന്നു. പിന്നെ ഒരിക്കലും കരുണാകരന്റെ സ്ഥാനത്ത് ആന്റണിക്ക് കയറാന്‍ പറ്റിയില്ല. കരുണാകരന്‍ ആ കാലത്ത് വാശിയില്‍ അടിയന്തരാവസ്ഥയെ സപ്പോര്‍ട്ട് ചെയ്തു. സുധീരന്‍ ഉള്‍പ്പെടെ അങ്ങനെയായിരുന്നു.
ആന്റണിക്കെതിരായി തെറ്റ് ചെയ്തല്ലോ എന്നത് ഇന്നും എന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ കാര്യത്തോടെയാണ് ആന്റണിക്ക് കരുണാകരനെ എതിര്‍ക്കാനുള്ള ശക്തിയില്ലാതെയായത്. ഇന്ദിരാഗാന്ധിയുടെ തെറ്റിനെ തുറന്ന് കാണിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനമാണെങ്കിലും ഞാന്‍ ചെയ്തത് നുണയായിരുന്നു.
സോവിയറ്റ് പക്ഷവാദികളായ ആളുകളും ഇന്ദിര ഭക്തന്മാരും അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ജനാധിപത്യത്തിന്റെ വക്താവായ ഇന്ദിരാഗാന്ധിയെ അട്ടിമറിക്കാന്‍ വേണ്ടി അടിയന്തരാവസ്ഥ കൊണ്ടുവന്നതാണെന്ന് പ്രചരിപ്പിച്ചു. ആ പ്രചരണം അടിസ്ഥാനരഹിതമായിരുന്നു. ഇന്ദിരാഗാന്ധിക്ക് രാജിവയ്ക്കേണ്ടി വന്നതിന്റെ തലേദിവസം അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മൗലികാവകാശങ്ങളെല്ലാം പിന്‍വലിച്ചു. ഇന്ന് രാജ്യത്ത് മൗലികാവകാശങ്ങള്‍ ഇല്ലെന്നത് വ്യാജപ്രചരണമാണ്. മോദി അത്തരമൊരു നയം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇന്ന് വേണമെങ്കില്‍ മോദിയെ എതിര്‍ക്കാം. ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പറഞ്ഞ് പരത്തുന്നത്. ഇന്നത്തെ മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത എന്നൊന്നില്ല.
അടിയന്തരാവസ്ഥ കാലത്ത് ഒരു റോഡ് അപകടം പോലും എഴുതാന്‍ പറ്റില്ലായിരുന്നു. ഇന്ദിരാഗാന്ധിയുടെ വചനങ്ങളൊക്കെയായിരുന്നു പത്രങ്ങള്‍ ഭൂരിഭാഗവും എഴുതിപ്പിടിപ്പിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ് മാത്രമായിരുന്നു അതും ഗോയങ്കയാണ് അടിയന്തരാവസ്ഥയെ എതിര്‍ത്ത് കൊണ്ട് എഴുതിയത്. ആദ്യത്തെ രണ്ട് ദിവസം ദേശാഭിമാനിയും മലയാളം എക്സ്പ്രസും എഡിറ്റോറിയല്‍ ഒഴിച്ചിട്ടു. പിന്നെ സെന്‍സറിങിന്റെ ഭാഗമായി അത് എതിര്‍ക്കപ്പെട്ടു. റോഡില്‍ ഒരാളെ പട്ടി കടിച്ചാല്‍ പോലും ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പറ്റാത്ത കാലമായിരുന്നു. കാരണം അത് ഭരണത്തിലെ കുറവായി കാണുമെന്നതായിരുന്നു. അതുപോലെ റോഡില്‍ എല്ലാവരും കാണ്‍കെ നടന്ന കൊലപാതകം പോലും സെന്‍സര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
പി രാജന്റെ തിരോധാനം
പി രാജന്‍ തിരോധാന സമയത്ത് ഒളിവില്‍ ഉണ്ടായിരുന്ന കെ വേണുവിന്റെ അഭിമുഖം മാതൃഭൂമിയില്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മാതൃഭൂമി എഡിഷന്‍ തുടങ്ങുന്ന ദിവസമായിരുന്നു അത്. അന്ന് വേണു കുമ്പളം കേസില്‍ പ്രതികൂടിയായിരുന്നു. മലയാള പത്രങ്ങളും, ബുദ്ധിജീവികളെന്ന് പറയുന്ന സാഹിത്യകാരന്മാരുമൊക്കെ ഭൂരിപക്ഷവും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ അനുകൂലിക്കുന്ന ഇന്ദിരാഗാന്ധിയുടെ നിലപാട് തന്നെയാണ് എടുത്തിരുന്നത്. സെന്‍ഷര്‍ഷിപ്പ് കാരണം പത്രങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയെയോ അടിയന്തരാവസ്ഥയെയോ എതിര്‍ത്ത് എഴുതാന്‍ കഴിയുമായിരുന്നില്ല. കരുതല്‍ തടങ്കലില്‍ അക്കാലത്ത് അറസ്റ്റിലായ ആളായിരുന്നു എംഎല്‍എ ആയിരുന്ന പിണറായി വിജയന്‍. കുറ്റം ചെയ്യാതെ തന്നെ. അന്ന് കണ്ണൂര്‍ ഡിവൈഎസ്പി അടിച്ച് കാല് പൊട്ടിച്ചു. അതിനെ തുടര്‍ന്ന് പിണറായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഈ ജനപ്രതിയുടെ ആരോപണം ശരിയാണെങ്കില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു. ഈ വാചകം ലീഡ് ആക്കി മാതൃഭൂമിയിലെ ന്യൂസ് എഡിറ്റര്‍ക്ക് കൊടുത്തെങ്കിലും പ്രസിദ്ധീകരിച്ചില്ല. തുടര്‍ന്ന് ഞാനത് ദേശാഭിമാനിയില്‍ കയറി സുഹൃത്ത് കൂടിയായ പി ഗോവിന്ദപിള്ളയ്ക്ക് കൊടുത്തു. പക്ഷേ എന്റെ കൈപ്പടയില്‍ ഞാന്‍ എഴുതിയ ആ ന്യൂസ് പ്രസിദ്ധീകരിക്കപ്പെട്ടില്ല. സെന്‍സര്‍ഷിപ്പ് പ്രകാരം കേസ് വരുമായിരുന്നു. ഇതായിരുന്നു അവസ്ഥ. അതുകൊണ്ട് തന്നെ പത്രങ്ങളെ കുറ്റപ്പെടുത്താനും കഴിയില്ല.
അടിയന്തരാവസ്ഥ കാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്‍ പോലും പി രാജനെ ഉരുട്ടിക്കൊന്നു എന്ന് വിശ്വസിച്ചിരുന്നില്ല. ഹേബിയസ് കോര്‍പ്പസ് കൊടുക്കണമെങ്കില്‍ അയാള്‍ ജീവിച്ചിരിക്കെ തട്ടിക്കൊണ്ടുപോയെന്ന് പറയണം. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ എന്റെ ഹിന്ദി പ്രൊഫസര്‍ ആയിരുന്നു. അക്കാലത്ത് മറൈന്‍ഡ്രൈവിലെ പ്രസംഗവേദിയില്‍ വന്ന് സംസാരിച്ചിരുന്ന അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിട്ടുണ്ട്, രാജന്റെ കാര്യത്തില്‍ അരുതാത്തത് എന്തേലും സംഭവിച്ചതായി കരുതുന്നുണ്ടോയെന്ന്. പക്ഷേ അപ്പോഴും ആ മനുഷ്യന്‍ പറയുന്നത്, ‘ഇല്ലടോ… അവന്‍ ജീവിച്ചിരിപ്പുണ്ട്. അവനെ എനിക്ക് കാണിച്ച് തരാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു. ജയറാം പടിക്കല്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി കരുണാകരനെ വരെ പറ്റിച്ചു. രാജന്റെ മൃതദേഹം പോലീസ് കത്തിച്ച് കളഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു എന്ന് പറയുകയായിരുന്നു. കരുണാകരന്‍ അത് വിശ്വസിച്ചു. ഈച്ചരവാര്യര്‍ പോലും അത് തന്നെയായിരുന്നു വിശ്വസിച്ചത്. രാജനോട് നക്‌സലൈറ്റുകളുടെ കൂടെ നിന്ന് പോലീസിന്റെ ഒറ്റുകാരനായി പ്രവര്‍ത്തിക്കണമെന്ന് ഈച്ചരവാര്യര്‍ പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു പോലീസ് അദ്ദേഹത്തെ പോലും പറഞ്ഞ് വിശ്വസിപ്പിച്ചത്. പക്ഷേ, രാജന്‍ ആ സമയം മരിച്ചിരുന്നു.
1977 മാര്‍ച്ച് 21, അടിയന്തരാവസ്ഥ പിന്‍വലിച്ചു. രോഷം അണപൊട്ടിയൊഴുകുന്നതിന്റെ ആഘോഷമാണ് പിന്നെ കണ്ടതും കേട്ടതും. ചവിട്ടിയരയ്ക്കപ്പെട്ട മാധ്യമങ്ങള്‍ പുത്തനുണര്‍വ്വോടെ ആഞ്ഞുവീശി. ലഘുലേഖയുടെ അവസാന വാചകം ‘ഇന്ദിര നശിക്കും, ജനത ജയിക്കും’… അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അമിതാധികാപ്രയോഗത്തിന് ഇന്ത്യന്‍ ജനത മറുപടിയും നല്‍കി.The first journalist to be arrested in India during the Emergency was P. Rajan
Content Summary: The first journalist to be arrested in India during the Emergency was P. Rajan