ടോമിനും ഹക്കിനും വയസ്സ് 150 !
അമേരിക്കയിലെ മിസ്സിസിപ്പി നദിയുടെ പശ്ചാത്തലത്തിൽ മാർക്ക് ട്വയിൻ എന്ന അമേരിക്കൻ സാഹിത്യകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങളായ ടോം സോയര്‍, ഹക്കിൾബറി ഫിൻ എന്നീ സാഹസിക – ബാല കഥാപാത്രങ്ങൾ ജനിച്ചിട്ട് ഇന്നേക്ക് 150 വര്‍ഷം.
1876 ജൂൺ ഒമ്പതിന് പ്രസിദ്ധീകരിച്ച ‘Adventures of Tom Sawyer’ എന്ന കൃതിയിലൂടെ ലോക പ്രസിദ്ധിയാർജ്ജിച്ച ടോം സോയറും ഹക്കിൾബറി ഫിന്നും.. തങ്ങളുടെ വീരസാഹസിക കൃത്യങ്ങളിലൂടെ ലോകസാഹിത്യത്തിൽ അനശ്വര കഥാപാത്രങ്ങളായി അവര്‍ മാറി. യുവത്വത്തിൻ്റെ മുഴുവൻ വീര്യവും, സാഹസികതയും പ്രകടപ്പിക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളും കുട്ടികള്‍ക്കും മുതിർന്നവർക്കും എക്കാലത്തും പ്രിയപ്പെട്ടവരാണ്.

സാമുവൽ ലാംഗ് ഹോൺ ക്ലമൻസ് എന്നായിരുന്നു മാർക്ക് ട്വയിന്റെ യഥാർത്ഥ പേര്. വടക്കേ അമേരിക്കയിൽ, കാലിഫോർണിയ സ്റ്റേറ്റിലെ ഫ്ളോറിഡാ നഗരത്തിൽ 1835 നവംബർ 30-നാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ജോൺ മാർഷൽ, അമ്മ ക്ലാര ക്ലമൻസ്, അവരുടെ മൂന്നു മക്കളിൽ ഇളയവനായിരുന്നു സാമുവൽ.
ഒരു സ്റ്റോർകീപ്പറായിരുന്ന മാർഷലിൻ്റെ സാമ്പത്തിക നില ഒട്ടും മെച്ചപ്പെട്ട തായിരുന്നില്ല. നഗരത്തിലെ ജീവിതച്ചെലവ് താങ്ങാനാവാതായപ്പോൾ മാർഷൽ കുടുംബവുമായി മിസ്സിസിപ്പി നദിക്കടുത്ത ഹാനിബാൾ എന്ന ഗ്രാമപ്രദേശത്തേക്ക് കുടുംബം കുടിയേറി. സാമുവലിന് നാലുവയസ്സുള്ളപ്പോഴായിരുന്നു ഈ കൂടുമാറ്റം. ഹാനിബാളിലെ വൈവിദ്ധ്യമാർന്ന ജീവിത സാഹചര്യം സാമുവലിന്റെ ബാല്യകാലം ഉല്ലാസപ്രദവും ഔത്സുക്യഭരിതവുമാക്കി. മിസ്സിസിപ്പി നദി സാമുവലിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. കൂട്ടുകാരോടൊത്ത് നദിയിൽ ചൂണ്ടയിട്ടും നീന്തിത്തുടിച്ചും തീരങ്ങളിലെ പൂഴിത്തട്ടുകളിൽ കളിച്ചു തിമിർത്തും കഴിഞ്ഞുപോയ കുട്ടിക്കാലം സാമുവലിന്റെ ജീവിതത്തിലെന്നെന്നും നിർവൃതി പകർന്ന ബാല്യസ്മൃതികളായിരുന്നു.

നദിയെ മുറിച്ച് ഒഴുകിപ്പോകുന്ന നാടൻ തോണികളും ശബ്ദത്തോടെ തുഴഞ്ഞു പോകുന്ന കടത്തുവഞ്ചികളും ഇടമുറിയാത്ത അലർച്ചയുമായി അതിവേഗം കുതിച്ചുപായുന്ന ആവിയെഞ്ചിൻ ബോട്ടുകളും നദീമദ്ധ്യത്തിലെ പച്ചത്തുരുത്തുകളും തെളിവെള്ളത്തിൽ കളിച്ചുപുളയ്ക്കുന്ന മത്സ്യങ്ങളു മെല്ലാം സാമുവലിൻ്റെ കുരുന്നു മനസ്സിൽ പതിഞ്ഞ നിറം മങ്ങാത്ത വിസ്മയ ങ്ങളായിരുന്നു. മിസ്സിസിപ്പിയുമായുള്ള ഈ ആത്മബന്ധം പിൽക്കാലത്ത് മാർക്ക് ട്വയിനിൻ്റെ രചനകളിൽ ശക്തമായ സ്വാധീനം ചെലുത്തി.
അദ്ദേഹത്തിൻ്റെ എഴുത്ത് പേര് തന്നെ മിസ്സിസിപ്പി നദിയുമായുള്ള ആത്മബന്ധം ഉറപ്പിക്കുന്നതാണ് . മിസ്സിസിപ്പിയിലൂടെ ആവിയെഞ്ചിൻ ബോട്ട് ഓടിച്ചു പോകുന്ന പൈലറ്റുമാർ പരമ്പരാഗതമായി ഉപയോഗിച്ചു പോന്നിരുന്ന ഒരു വാക്കാണ് മാർക്ക് ട്വയിൻ. നദിയുടെ ആഴത്തെ സൂചിപ്പിക്കുന്നതാണ് ആ പദം. മാർക്ക് ട്വയ്ൻ എന്നാൽ ‘രണ്ടു കാതം’ എന്നർത്ഥം.

അമേരിക്കയുടെ ചരിത്രത്തിലും മിസ്സിസിപ്പി നദി വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിൽ ആദ്യമായി ആവിക്കപ്പലുകൾ ഓടാൻ തുടങ്ങിയപ്പോൾ മിസ്സിസിപ്പിയിലെ ജലപാത അമേരിക്കയിലെ മുഖ്യ ഗതാഗത-വാണിജ്യ മാർഗമായി മാറി.
ഈ നദിയിലൂടെ പായുന്ന ആവിയെഞ്ചിൻ ബോട്ടിൻ്റെ പൈലറ്റാവുക, അതായിരുന്നു കുഞ്ഞ് സാമുവലിന്റെ മോഹം. അതിനായി അവന് പരിശീലനം നേടി ബോട്ട് പൈലറ്റായി. ആയിടെ സാമുവലിൻ്റെ ജ്യേഷ്ഠൻ ഒരു പ്രാദേശിക ദിനപ്പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ജ്യേഷ്ഠൻ സാമുവലിനെ ഒരു പത്രലേഖകൻ്റെ ജോലിയേൽപ്പിച്ചു.
ഗ്രാമത്തിൽ ചുറ്റിനടന്ന് വാർത്തകൾ ശേഖരിക്കുക അതായിരുന്നു അവന്റെ പണി. ഈ ജോലി സാമുവലിന് അങ്ങേയറ്റം സന്തോഷവും സംതൃപ്തിയുമുള്ളതായിരുന്നു. കടലാസും പെൻസിലുമായി സാമുവൽ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചു. ജനങ്ങളുമായി ഇടപഴകി. സമൂഹത്തിലെ വിവിധ തട്ടുകളിലെ മനുഷ്യരുമായി അടുത്ത ബന്ധം പുലർത്താൻ ഇതിലൂടെ സാമുവലിന് കഴിഞ്ഞു. അവരുടെ ജീവിതത്തിന്റെ താളലയങ്ങളും ഉൾത്തുടിപ്പുകളും നേരിട്ടറിഞ്ഞു. അവയോരോന്നും വളച്ചു കെട്ടില്ലാതെ ലളിതമായ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിലാണ് തനിക്കിഷ്ടപ്പെട്ട തൂലികാ നാമം സാമുവൽ സ്വീകരിച്ചത്. അന്ന് മുതൽ സാമുവല്‍ മാർക്ക് ട്വയിൻ എന്നറിയപ്പെടാൻ തുടങ്ങി.
മാർക്ക് ട്വയിന്റെ ലളിതമായ ഭാഷയും നർമ്മം കലർന്ന അസാധാരണ ശൈലിയും വായനക്കാർക്ക് നന്നേ ഇഷ്ടപ്പെട്ടു. ലേഖനങ്ങളിലൂടെ മാർക്ക് ട്വയിൻ പ്രശസ്തനായി. പിന്നീട് മറ്റു പല പത്രങ്ങളും അദ്ദേഹത്തിൻ്റെ ഫീച്ചറുകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു തുടങ്ങി.
മിസ്സിസിപ്പി നദിയുടെ പശ്ചാത്തലത്തിൽ മാർക്ക് ട്വയിൻ രചിച്ച ടോം സായറുടേയും ഹക്കിൾബറി ഫിന്നിൻ്റെയും കഥകൾ രണ്ട് നൂറ്റാണ്ട് മുമ്പുള്ള അമേരിക്കൻ ജീവിതത്തിന്റെ സത്യസന്ധമായ ചിത്രമാണ് നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ഒടുങ്ങാത്ത സ്വാതന്ത്ര്യദാഹവും സാഹസിക മനോഭാവവും അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാനുള്ള ശ്രമങ്ങളും എല്ലാം ആ കാലഘട്ടത്തിലെ അമേരിക്കൻ ജീവിതത്തിൻ്റെ മുഖമുദ്രകളാണ്.
അനശ്വരമായ ക്ലാസിക്കുകളാണ് മാർക്ക് ട്വയിനിൻ്റെ ഈ രണ്ട് മിസ്സിസിപ്പി കൃതികളും. ടോം സോയറിന്റെ (1876) രണ്ടാം ഭാഗമായാണ് പിന്നീട് എട്ടുവർഷങ്ങൾക്കു ശേഷം, ഹക്കിൾബറി ഫിൻ അദ്ദേഹം എഴുതിയത്. രണ്ടും പ്രശസ്തി നേടിയെങ്കിലും ഹക്കിൾബറിയുടെ സാഹസികതകളാണ് മാർക്ക് ട്വയിൻ്റെ ‘മാസ്റ്റർപീസ്’ ആയി കണക്കാക്കുന്നത് . ഇതേ പശ്ചാത്തലത്തിൽ ലൈഫ് ഓൺ ദി മിസ്സിസിപ്പി (1883) എന്നൊരു അത്മകഥാംശമുള്ല കൃതിയും അദ്ദേഹം എഴുതിയിട്ടുണ്ട്.

അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ കുട്ടികൾക്കുള്ള പുസ്തകമാണെങ്കിലും ഹൃദയത്തിൽ ശൈശവം സൂക്ഷിക്കുന്ന മുതിർന്നവർക്കും മികച്ച് വായനാനുഭവം തന്നെയാണ്. വായനയ്ക്കിടയില്‍ ഒരിക്കലും വിരസതയനുഭവപ്പെടുത്താത്ത, വളരെ രസകരവും ചിലപ്പോൾ വേദനാജനകവുമായ, ഈ കൃതി ക്ലാസിക് ആയില്ലെങ്കിലല്ലേ അത്ഭുതമുള്ലൂ..
മിസ്സിസിപ്പി നദി, ഈ നദീതീരത്തുള്ള ‘ഹാനിബാൾ എന്ന ചെറുപട്ടണത്തിൽ തൻ്റെ ചെറുപ്പകാലം ചെലവഴിച്ച പശ്ചാത്തലത്തിൽ നിന്ന് അദ്ദേഹം ജന്മം നൽകിയ കഥാപാത്രങ്ങളാണ് ടോം സായറും ഹക്കിൾ ബറി ഫിന്നും. യഥാർത്ഥത്തിൽ ടോം സോയർ ഹാനി ബാൾ പട്ടത്തിലെ ഒരു ലോക്കല്‍ ഹീറോ ആയിരുന്നു. ഒരു കപ്പല്തകര്ച്ചയില് നിന്ന് 90 യാത്രക്കാരെ രക്ഷിച്ചതിലൂടെ അയാള്‍ നാട്ടില്‍ പ്രശസ്തനായി. സാൻ ഫ്രാൻസിസ്കോയിൽ മൂന്ന് വർഷം താമസിച്ച സമയത്ത് മാർക്ക് ട്വയിൻ അയാളുമായി സൗഹാർദ്ദത്തിലായി. അയാളുടെ സ്വഭാവവിശേഷങ്ങൾ ചിത്രീകരിച്ച പ്രതിരൂപം തന്നെയാണ് ടോം സോയർ.

മിസ്സിസിപ്പി നദിയുടെ തീരത്ത് തന്റെ അമ്മായി പോളിയോടൊപ്പം താമസിക്കുന്ന ഒരു 12 വയസുകാരന്, ടോം സോയർ . പലപ്പോഴും കുഴപ്പത്തിൽ അകപ്പെടുന്ന അവൻ ഒരു ദിവസം ഒരു വഴക്കിൽ പെട്ട് സ്കൂളിൽ നിന്ന് പുറത്തായി. അമ്മായി ശിക്ഷയായി ടോമിന് ഒരു വേലി വെള്ള പൂശാനുള്ള ജോലി കൊടുത്തു. അവന് ആ ശിക്ഷയെ ഒരു വിനോദമാക്കി മാറ്റുകയും ഈ ജോലി ഒരു വലിയ ബഹുമതിയാണെന്ന് അവൻ ആൺകുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു..മറ്റ് ആൺകുട്ടികളെ പ്രലോഭിപ്പിച്ച് ഈ ജോലി അവരെക്കൊണ്ട് ചെയ്യിപ്പിച്ച് പൂർത്തിയാക്കുകയും ചെയ്യുന്നു.
ഈ സമയത്ത്, ബെക്കി താച്ചർ എന്ന പെൺകുട്ടിയായി ടോം പ്രണയത്തിലാകുന്നു. ആമി ലോറൻസുമായുള്ള ടോമിന്റെ മുൻ പ്രേമത്തെക്കുറിച്ചറിഞ്ഞ ബെക്കി ടോമിനെ ഒഴിവാക്കുന്നു. അപമാനിതനായ ടോം നാട്ടിൽ നിന്ന് ഓടിപ്പോകാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.
ഈ സമയത്താണ് ടോം, നോവലിലെ പ്രധാന കഥാപാത്രമായ ഹക്കിൾബറി ഫിന്നിനെ കണ്ടുമുട്ടുന്നത്. അരിമ്പാറയ്ക്ക് ചികിത്സിക്കുന്നതിനുള്ള ഒരു പദ്ധതി പരീക്ഷിക്കുന്നതിനായി അർദ്ധരാത്രിയിൽ ശ്മശാനത്തിൽ പോകാൻ ഹക്കും ടോമും തീരുമാനിക്കുന്നു.
ഇരുവരു രാത്രിയിൽ ശ്മശാനത്തിൽ എത്തിയപ്പോൾ ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്നു. ഇൻജുൻ ജോ എന്നയാൾ ശ്മശാനത്തിൽ നിന്ന് ശവശരീരം തട്ടിയെടുക്കാനായി വന്ന ഡോ. റോബിൻസണെ കൊല്ലുകയും കൂടെയുണ്ടായിരുന്ന മദ്യപിച്ച് ലക്കുകെട്ട മഫ് പോർട്ടറുടെ മേൽ ഈ കുറ്റം ചുമത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ടോമും ഹക്കും താൻ ചെയ്ത കുറ്റത്തിന് ദൃക്സാക്ഷികളാണെന്ന് ഇൻജുൻ ജോ അറിയുന്നുമില്ല.
അനന്തരഫലങ്ങളെ ഭയന്ന്, ടോമും ഹക്കും സത്യം പുറത്ത് പറയില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്നിരുന്നാലും, റോബിൻസണ്‍ന്റെ കൊലപാതകത്തിന് നിരപരാധിയായ മഫ് ജയിലിലേക്ക് പോകുമ്പോൾ ടോം കടുത്ത സമർദ്ദത്തിലാവുന്നു. ബെക്കി താച്ചറിൽ നിന്ന് വീണ്ടും അപമാനം നേരിട്ട ടോമും ഹക്കും അവരുടെ സുഹൃത്ത് ജോ ഹാർപ്പറിനൊപ്പം നാട്ടിൽ നിന്ന് ഓടിപ്പോകുന്നു. മോഷ്ടിച്ച കുറച്ച് ഭക്ഷണവുമായി അവര്‍ ജാക്സൺസ് ദ്വീപിലേക്കാണ് പോകുന്നത്. അവർ മുങ്ങി മരിച്ചതായി എല്ലാരും കരുതി. പക്ഷേ കുടുംബങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്തുകൊണ്ട് അവർ പിന്നീട് പള്ളിയിൽ പ്രത്യക്ഷപ്പെടുന്നു.
മഫ് പോട്ടറിന്റെ വിചാരണയിൽ ടോം കോടതിയിൽ സത്യം തുറന്ന് പറയുന്നു. റോബിൻസണ്‍ന്റെ കൊലപാതകത്തിൽ നിന്ന് മഫിനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നു. മഫ് പോട്ടർ മോചിതനാകുന്നു. കോടതിമുറിയിലെ ജനാലയിലൂടെ കുറ്റവാളിയായ ഇൻജുൻ ജോ രക്ഷപെടുന്നു.
അവസാന ഭാഗത്ത്, ടോമും ബെക്കിയും ഒരു ഗുഹയിൽ പെട്ട് പോവുകയും പുറത്തേകുള്ള വഴിയറിയാതെ അലയുകയും ചെയ്യുന്നു. ടോം തന്റെ മുഖ്യശത്രുവായ ഇൻജുൻ ജോയുടെ പിടിയിൽ നിന്ന് രക്ഷപെടാനും പുറത്തേക്കുള്ള വഴി കണ്ടെത്താനും ശ്രമിക്കുന്നു. ഇൻജുൻ ജോയെ അകത്ത് ഉപേക്ഷിച്ച് ഗുഹയിൽ നിന്ന് അവര്‍ രക്ഷപ്പെടുന്നു. പിന്നീട് പട്ടണത്തിലെ ജഡ്ജി താച്ചർ ആ ഗുഹയുടെ പ്രവേശന കവാടം അടച്ചുപൂട്ടുന്നു, ഗുഹയിൽ കുടുങ്ങിയ ഇൻജുൻ ജോ അവിടെ പട്ടിണി കിടന്ന് മരിച്ചു.
ആ ഗുഹയിൽ സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ടോമും ഹക്കും ഗുഹയിലേക്ക് മടങ്ങുകയും ഇൻജുൻ ജോയുടെ നിധി വിജയകരമായി വീണ്ടെടുക്കുകയും ചെയ്യുന്നു. ഈ സമ്പത്ത് രണ്ട് ആൺകുട്ടികളെയും പ്രാദേശിക വീരന്മാരാക്കുകയും അവര്‍ പ്രശസ്തരാവുകയും ചെയ്യുന്ന. വിധവയായ ഡഗ്ലസ്, ഹക്കിൾ ബറി ഫിന്നിനെ മകനായി ദത്ത് എടുത്ത് കൊണ്ടുപോകുന്നതോടെ നോവൽ അവസാനിക്കുന്നു.

നോവലിൻ്റെ ആദ്യപതിപ്പിൻ്റെ ആമുഖത്തിൽ മാർക് ട്വയിന് ഈ നോവലിൻ്റെ പശ്ചാത്തലത്തെക്കുറിച്ച് എഴുതി,
“ ഈ നോവലിലെ എല്ലാ സംഭവങ്ങളും യഥാർത്ഥത്തില്‍ നടന്നതാണ്. രണ്ടോ മൂന്നോ എണ്ണം എന്റെ സ്വന്തം അനുഭവങ്ങളുമാണ്. ബാക്കിയുള്ളവ എൻ്റെ അന്നത്തെ കളിക്കൂട്ടുകാരുടേത്.
ഇതിലെ ഹക്കിൾബറിയും ടോം സായറും അവരിൽ ചിലരുടെ സ്വഭാവവും പ്രകൃതവും ക്രോഢീകരിച്ചുകൊണ്ട് ഞാൻ രൂപകല്പന ചെയ്തതാണ്.
കഥയിൽ അതിവിചിത്രങ്ങളായ ചില വിശ്വാസങ്ങളെപ്പറ്റി സൂചനയുണ്ട്, അത് എൻ്റെ സങ്കല്പ സൃഷ്ടിയല്ല. അക്കാലത്തെ കുട്ടികൾക്കിടയിലും അടിമവർഗ്ഗങ്ങൾക്കിടയിലും പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങളായിരുന്നു.
കുട്ടികളെ രസിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഈ നോവൽ രചിച്ചതെങ്കിലും മുതിർന്നവർ ഇത് അവഗണിക്കേണ്ടതില്ല. കുട്ടികളായിരുന്ന കാലത്ത് അവർ കാട്ടിക്കൂട്ടിയ കൗതുകകരമായ ബാലചാപല്യങ്ങളെക്കുറിച്ചും കുസൃതിത്തരങ്ങളെപ്പറ്റിയുമുള്ള ഓർമ്മ പുതുക്കാൻ ഈ പുസ്തകം തീർച്ചയായും പ്രയോജനപ്പെടും.”
ഈ നോവലിൽ ഉദ്വേഗജനകമായ അന്തരീക്ഷം നിലനിറുത്തുന്നതിൽ മാർക് ട്വയിന് വലിയ വിജയം നേടിയെന്നതില്‍ സംശയമില്ല. നിർദോഷമായ ഫലിതത്തിന് ഈ കൃതിയിലുള്ള സ്ഥാനം പ്രത്യേകം ശ്രദ്ധേയമാണ്. പക്ഷേ, വെറും ഒരു ഫലിതമാത്രകൃതിയല്ല ഇത്.
കറുത്ത വംശജനായ ജിമ്മും ടോമും ഹക്കും തമ്മിലുള്ള ബന്ധം മനുഷ്യവർഗത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. കറുത്ത വർഗക്കാരനായതിനാൽ ജിമ്മിനു വന്നുചേരുന്ന കഷ്ടതകൾ, അതെല്ലാം മാനുഷികമായ ഒരു സമീപനത്തോടെ കാണാൻ വായനക്കാരെ സഹായിക്കുന്ന ഒരു കൃതിയാണു ടോം സായറിൻ്റെ സാഹസികതകൾ.
ജീവിതത്തിൻ്റെ സജീവചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആൽബമാണ് ഈ നോവൽ. മിസ്സിസിപ്പി നദിയുടെ ആത്മകഥയായി പല എഴുത്തുകാരും ഇതിനെ നിർവ്വചിച്ചിട്ടുണ്ട്. മാർക്ക്ട്വയിന്റെ ബാല്യകാല ലോകമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് അവിടെ അയാള്‍ ജീവിച്ചതുപോലെ വായനക്കാരനും ഭാവനയിൽ ജീവിക്കാൻ സഹായിക്കുന്ന ഒരു കൃതി കൂടിയാണിത്. ഇത്രമാത്രം അനുഭവസാക്ഷാത്കാരം നേടിയിട്ടുള്ള കൃതികൾ വിശ്വസാഹിത്യത്തിൽ തന്നെ അപൂർവമാണ് എന്ന് പല നിരൂപകരും വിലയിരുത്തുന്നു.
മലയാളത്തിൽ സ്കൂൾ ഉപപാഠപുസ്തകം വരെയായി മാറിയ മാർക്ക് ട്വയിന്റെ ‘ടോം സായറുടെ സാഹസികതകൾ’ പല തവണ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കെ.തായാട്ടി (1996) ന്റേതാണ് ഇതിൻ്റെ ശ്രദ്ധേയമായ മലയാള വിവർത്തനം.

ഈ നോവൽ ‘ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ’ (1938): എന്ന പേരിൽ ടെക്നിക്കളറിൽ സിനിമയായി. പിന്നീട് ഡിസ്നിയുൾപ്പടെ പലരും ഇത് ചലച്ചിത്രമാക്കിയിട്ടുണ്ട്.

കൗമാര സാഹസികതയുടെ ഏറ്റവും മികച്ച ചിത്രീകരണമുള്ള കൃതികളായി മാർക്ക് ട്വയിൻ്റെ ഈ രണ്ടു രചനകളും ലോകസാഹിത്യത്തിൽ അനശ്വരമായി ഇന്നും നിലനിൽക്കുന്നു.
Content summary ; Tom Sawyer Huckleberry Finn 150 years Mark Twain 1876