വൈറ്റ് കോളർ കുറ്റകൃത്യങ്ങൾക്ക് മേൽ ചുമത്തുന്ന നിയമ നടപടികൾ, അമേരിക്കൻ സർക്കാർ ഒഴിവാക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൈക്കൂലി, പൊതുസംവിധാനങ്ങളിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളെയാണ് നിയമനടപടികളിൽ നിന്നും ഒഴിവാക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതായത് ബിസിനസ് നടപടികളെ നിയമപരമായി കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ, ഈ മാറ്റം നിലവിൽ യുഎസ് കോടതിയിൽ കൈക്കൂലി ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പിന്റെ ഉന്നത നേതാക്കൾക്ക് ഗുണം ചെയ്യുമെന്ന് വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിദേശ ബിസിനസ്സ് ഇടപാടുകൾക്കായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിന് അമേരിക്കക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നത് നിർത്തണമെന്ന് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ഒരു ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് ഈ മാറ്റം.
ഗൗതം അദാനിക്കും കൂട്ടർക്കും യുഎസിന്റെ പുതിയ നയം ആശ്വാസം നൽകുന്നതാണെന്ന് നിയമ വൃത്തങ്ങൾ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കും മറ്റ് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവുകൾക്കുമെതിരായി ചുമത്തപ്പെട്ടിരിക്കുന്ന കൈക്കൂലി കുറ്റം പിൻവലിക്കണമെന്ന് കോടതിയോട് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകർ അഭ്യർത്ഥിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൈക്കൂലി കുറ്റം പിൻവലിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നത്.
സൗരോര്‍ജ്ജ പദ്ധതികളുടെ കരാറുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2209 കോടി(265 മില്യണ്‍ ഡോളര്‍) കൈക്കൂലി നല്‍കിയെന്ന കേസിലാണ് ഗൗതം അദാനിക്കെതിരേ ന്യൂയോര്‍ക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയത്. അദാനിയെക്കൂടാതെ അദ്ദേഹത്തിന്റെ അനന്തിരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം.
ന്യൂജേഴ്‌സിയിലെ പുതിയ യുഎസ് അഭിഭാഷകയും ട്രംപിന്റെ മുൻ ഉപദേഷ്ടാവുമായ അലീന ഹബ്ബയാണ് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവുകൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ നീക്കം നടത്തിയത്. ഇതോടെ 1977 ലെ ഫോറിൻ കറപ്ട് പ്രാക്ടീസസ് ആക്ട് (FCPA) പ്രകാരമുള്ള മുൻ വിചാരണയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം നിർത്തിവെച്ചു. ഭാവിയിലെ എഫ്സിപിഎ അന്വേഷണങ്ങളും എൻഫോഴ്‌സ്‌മെന്റ് നടപടികളും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാകും നടപ്പിലാക്കുകയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
എഫ്‌സിപിഎ യുഎസ് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. യുഎസിന്റെ ബിസിനസ് നടപടികൾ ദേശീയ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും അമേരിക്കൻ കമ്പനികളെ മറ്റുള്ള കമ്പനികളുമായി മത്സരിക്കാൻ സഹായിക്കുന്നതിന് പ്രസിഡന്റ് ട്രംപ് കഠിനവും പ്രവചനാതീതവുമായ എഫ്‌സിപിഎ നടപ്പിലാക്കൽ അവസാനിപ്പിക്കുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2024 ൽ, നീതിന്യായ വകുപ്പും എസ്ഇസിയും വിദേശ അഴിമതി നടപടി നിയമത്തിന് (എഫ്‌സിപിഎ) കീഴിൽ 26 കേസുകൾ കണ്ടെത്തിയിരുന്നു. ഇതിൽ 31 കമ്പനികൾ ഇപ്പോഴും അന്വേഷണം നേരിടുന്നുണ്ട്. എന്നാൽ ട്രംപിന്റെ പുതിയ ഉത്തരവ് നിലവിലുള്ള നിരവധി കേസുകളെയും അന്വേഷണങ്ങളെയും ബാധിച്ചേക്കാമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
പുതിയ നയം മുന്നോട്ട് വെച്ചുകൊണ്ട് അന്വേഷണം നേരിടുന്ന നിരവധി കമ്പനി അഭിഭാഷകർ കേസുകൾ പിൻവലിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
നവംബറിൽ ട്രംപിന്റെ വിജയം പ്രവചിച്ച ഒരു ക്രിപ്‌റ്റോ പ്രവചന പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റിന്റെ അഭിഭാഷകർ കഴിഞ്ഞ വർഷത്തെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ ശിക്ഷിച്ച നിരവധി പേർക്ക് ട്രംപ് മാപ്പ് നൽകിയിട്ടുണ്ട്. മാർച്ചിൽ, കമ്പനിയുടെ സാങ്കേതികവിദ്യയെക്കുറിച്ച് നിക്ഷേപകരോട് കള്ളം പറഞ്ഞതിന് ശിക്ഷിക്കപ്പെട്ട ഇലക്ട്രിക് ട്രക്ക് കമ്പനിയായ നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽട്ടണിന് ട്രംപ് മാപ്പ് നൽകിയിരുന്നു.
Content Summary: Trump Administration’s Softer Stance on White-Collar Crime Could Benefit Adani Group
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.