March 26, 2025 |

മലയാളി മുതല്‍ ഗുജറാത്തി വരെ

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ‘ ഇന്ത്യക്കാര്‍’

യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ് കെയർ സ്റ്റാർമർ. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനക് തന്റെ തോൽവി സമ്മതിച്ചിരുന്നു. നഷ്ടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തോട്
അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. സുനക് നോർത്ത് ഇംഗ്ലണ്ട് സീറ്റിൽ വിജയിച്ചെങ്കിലും 378 സീറ്റുകൾ നേടി വിജയകുതിപ്പ് നടത്തിയ ലേബർ പാർട്ടിക്കു മുമ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ, 680 സീറ്റുകളിലേക്ക് 107 ബ്രിട്ടീഷ്-ഇന്ത്യൻ വംശജരാണ് മത്സരിച്ചിരുന്നത്. പുതിയ ഹൗസ് ഓഫ് കോമൺസിൽ സ്ഥാനമൊഴിയുന്നതിനേക്കാൾ കൂടുതൽ ഇന്ത്യൻ എംപിമാർ ഇത്തവണ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയിച്ച ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ ആരാണെന്ന് പരിശോധിക്കാം.

ഋഷി സുനക്

ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രി എന്ന ഖ്യാതിയോടെയാണ് അദ്ദേഹം പദവിലെത്തിയത്. ബോറിസ് ജോൺസൻ്റെ കീഴിൽ 2020 മുതൽ 2022 വരെ ചാൻസലർ ഓഫ് ദി എക്‌സ്‌ചീക്കർ ഉൾപ്പെടെ രണ്ട് കാബിനറ്റ് പദവികൾ സുനക് വഹിച്ചിരുന്നു. 2015 മുതൽ 2024 വരെ റിച്ച്‌മണ്ടിൻ്റെ (യോർക്ക്) പാർലമെൻ്റ് അംഗമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ റിച്ച്മണ്ട് കൂടാതെ, നോർത്തല്ലെർട്ടണിന്റെയും എംപിയാണ് അദ്ദേഹം.

സോജൻ ജോസഫ്

ആഷ്‌ഫോർഡിൽ നിന്ന് ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 49 കാരനായ സോജൻ ജോസഫ് കോട്ടയം സ്വദേശിയാണ്. കഴിഞ്ഞ 139 വർഷമായി കൺസർവേറ്റീവ് പാർട്ടിയാണ് ആഷ്‌ഫോർഡ് നിയന്ത്രിക്കുന്നത്.  74,000 വോട്ടർമാരുള്ള മണ്ഡലത്തിൽ മറ്റ് അഞ്ച് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് സോജന്റെ വിജയം

ശിവാനി രാജ

മുൻ എംപിമാരായ ക്ലോഡ് വെബ്, സ്വതന്ത്രരായി മത്സരിച്ച കീത്ത് വാസ് എന്നിവരെ പരാജയപ്പെടുത്തിയാണ് കൺസർവേറ്റീവ് പാർട്ടി നേതാവായ ശിവാനി രാജ ലെസ്റ്റർ ഈസ്റ്റിൽ വിജയം ഉറപ്പിച്ചത്. ലെസ്റ്ററിൽ ജനിച്ച രാജ, ഹെറിക് പ്രൈമറി, സോർ വാലി കോളേജ്, വിഗ്‌സ്റ്റൺ ആൻഡ് ക്വീൻ എലിസബത്ത് II കോളേജ് എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം പൂർത്തിയാക്കിയത്. ഡി മോണ്ട്‌ഫോർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോസ്‌മെറ്റിക് സയൻസിൽ ഫസ്റ്റ് ക്ലാസ് ഓണേഴ്‌സോടെ ബിരുദവും നേടിയിട്ടുണ്ട്.

പ്രീത് കൗർ ഗിൽ


ലേബർ പാർട്ടി അംഗമായ പ്രീത് കൗർ ഗിൽ ബർമിംഗ്ഹാം എഡ്ജ്ബാസ്റ്റണിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ പ്രാഥമിക ശുശ്രൂഷയുടെയും പൊതുജനാരോഗ്യത്തിൻ്റെയും ഷാഡോ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കനിഷ്ക നാരായണൻ


ലേബർ പാർട്ടിയുടെ നേതാവായ കനിഷ്ക നാരായണൻ, ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ള വെൽഷ് വംശജനായ ആദ്യ എംപിയായി ചരിത്രം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിൽ മുൻ വെൽഷ് സെക്രട്ടറി അലൻ കെയിൻസിനെയാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയിൽ ജനിച്ച നാരായൺ 12-ആം വയസ്സിലാണ് കാർഡിഫിലേക്ക് താമസം മാറുന്നത്. “പഴയ എറ്റോണിയൻ സ്കോളർഷിപ്പ് സ്വീകർത്താവും ഗ്ലാമോർഗനിലെ ഉദ്യോഗസ്ഥനും” എന്നാണ് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഒരു സുപ്രധാന നാഴികക്കല്ലായാണ് കണക്കാക്കുന്നത്.

പ്രീതി പട്ടേൽ


മുൻ ആഭ്യന്തര സെക്രട്ടറികൂടിയായ പ്രീതി പട്ടേൽ എസെക്സിലെ വിതാമിൽ 37.2 ശതമാനം വോട്ട് നേടി. ലേബർ പാർട്ടി സ്ഥാനാർത്ഥിയെ രണ്ടാം സ്ഥാനത്തെക്ക് പിന്തള്ളി ഉജ്വല വിജയമാണ് നേടിയത്. ഗുജറാത്തിൽ നിന്നുള്ള പ്രീതി, 2019 മുതൽ 2022 വരെ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 2010 മുതൽ കൺസർവേറ്റീവ് പാർട്ടി അംഗവും വിതാമിൻ്റെ എംപിയുമാണ്.

സുല്ല ബ്രാവർമാൻ

കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സുല്ല ബ്രാവർമാൻ ഫെയർഹാം, വാട്ടർലൂവിൽ സീറ്റിൽ നിന്നാണ് വിജയിച്ചത്. പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ ക്യാബിനറ്റിലെ ഏറ്റവും പുതിയ മാറ്റങ്ങളിൽ ഇന്ത്യൻ പൈതൃകമുള്ള ബ്രാവർമാനെ മാറ്റി ജെയിംസ് ക്ലെവർലി ആഭ്യന്തര മന്ത്രിയാക്കിയിരുന്നു. വെല്ലുവിളിച്ചതിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്നും അവരെ പുറത്താക്കുകയും ചെയ്തു.

ഗഗൻ മൊഹീന്ദ്ര


പഞ്ചാബി ഹിന്ദു കുടുംബത്തിൽ ജനിച്ചതും കൺസർവേറ്റീവ് പാർട്ടി അംഗവുമായ ഗഗൻ മൊഹീന്ദ്ര യുകെ പൊതുതെരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് ഹെർട്‌സിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 16,458 വോട്ടുകൾക്ക് അദ്ദേഹം വിജയിച്ചപ്പോൾ ലിബറൽ ഡെമോക്രാറ്റ് സാലി സിമിംഗ്ടൺ 12,002 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മൊഹീന്ദ്രയുടെ മാതാപിതാക്കൾ പഞ്ചാബിൽ നിന്ന് യുകെയിലേക്ക് കുടിയേറിയവരാണ്, അദ്ദേഹത്തിൻ്റെ മുത്തശ്ശൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചുച്ചിട്ടുണ്ട്.

നവേന്ദു മിശ്ര


ലേബർ പാർട്ടി അംഗമായ നവേന്ദു മിശ്ര സ്റ്റോക്ക്‌പോർട്ട് മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം നേരത്തെ സീറ്റ് ഉറപ്പിച്ചിരുന്നു. മിശ്രയുടെ അമ്മ ഗോരഖ്പൂർ സ്വദേശിയും പിതാവ് ഉത്തർപ്രദേശിലെ കാൺപൂരുമാണ്. 21,787 വോട്ടുകൾക്കാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റോക്ക്‌പോർട്ട് മണ്ഡലം 1992 മുതൽ തുടർച്ചയായി ലേബർ പാർട്ടിയുടെ കോട്ടയാണ്.

ലിസ നന്തി


ലേബർ പാർട്ടി അംഗമായ ലിസ നന്തി 19,401 വോട്ടുകൾക്കാണ് വിഗാൻ സീറ്റിൽ അനായാസം വിജയിച്ചത്. 2010 മുതൽ അവർ ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നുണ്ട്. റിഫോം യുകെയിൽ നിന്നുള്ള ആൻഡി ഡോബർ ആണ് 9,852 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. കൺസർവേറ്റീവ് സ്ഥാനാർത്ഥി ഹെൻറി മിറ്റ്സൺ 4,310 വോട്ടുകളും നേടി. കൺസർവേറ്റീവ് പാർട്ടിക്ക് ഈ പരാജയം കനത്ത തിരിച്ചടിയായിരുന്നു. ബ്രിട്ടനിലെ വംശീയ ബന്ധങ്ങളിൽ പ്രവർത്തനത്തിലൂടെ പ്രശസ്തനായ കൊൽക്കത്തയിൽ നിന്നുള്ള അക്കാദമിക് ദീപക് നന്തിയുടെ മകളാണ് ലിസ.

Content summary; UK Elections 2024 British Indians elected in House Of Commons

×