സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തതിൽ കാരണം വ്യക്തമാക്കി ഐഎൻടിയുസി.
ഐഎൻടിയുസിയുമായി കൂടിയാലോചിക്കാതെയാണ് സമരം തീരുമാനിച്ചതെന്നും ഓണറേറിയം പിച്ചക്കാശ് വാങ്ങാനുള്ള സമരത്തിനോട് യോജിക്കില്ലെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്‍ അഴിമുഖത്തോട് പറഞ്ഞു.
‘സമരങ്ങൾക്ക് ഞങ്ങൾ എതിരല്ല. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആശ വർക്കർമാർ ഇപ്പോൾ നടത്തുന്ന സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങളോട് യോജിക്കാൻ ഐഎൻടിയുസിക്ക് കഴിയില്ല. അതുകൊണ്ടാണ് സമരത്തിൽ ഭാഗമാകാത്തത്.
ഓരോ യൂണിയനും പ്രവർത്തിക്കുന്നത് അവരുടേതായ രീതിയിലാണ്. എസ്.യു.സി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള സംഘടനയാണ് ആശ വർക്കർമാരുടെ നിലവിലെ സമരത്തിന് പിന്നിൽ. ഇക്കാലമത്രയും കോൺഗ്രസിനെതിരായി നിന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ് എസ്.യു.സി.ഐ. 2019ലും 2024ലും എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. അവരുടെ ലക്ഷ്യമെന്താണെന്ന് നമുക്ക് അറിയില്ല.
ആശ വർക്കർമാരെ സഹായിക്കാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ എടുത്ത് ചാടി സമരം ചെയ്യുകയും ഓണറേറിയം കൂട്ടി ചോദിക്കുകയുമല്ല അവർ ചെയ്യേണ്ടത്. അഞ്ച് വർഷം തുടർച്ചയായി കേന്ദ്ര പദ്ധതിയിൽ ജോലി ചെയ്താൽ, അതായത് ഇടവേളകളില്ലാതെ കൃത്യമായി ജോലി ചെയ്യുന്ന മേഖലയാണെങ്കിൽ അവരെ ആരോഗ്യ വകുപ്പിലെ ഏറ്റവും താഴെ തട്ടിലുള്ള ഒരു അറ്റന്റർ ഗ്രേഡിലെങ്കിലും നിയമിക്കണം. ഇപ്പോൾ 11ാം ശമ്പള കമ്മീഷൻ റിപ്പോർട്ടാണ് നടപ്പാക്കിയിട്ടുള്ളത്. അതിൽ പറയുന്ന മിനിമം വേതനം എന്നത് 23000 രൂപയാണ്. ആ രൂപയും ആനുകൂല്യങ്ങളും റിട്ടയർമെന്റ് പെൻഷൻ അടക്കമുള്ളവ നൽകണം. ഇതാണ് വിഷയത്തിൽ ഐ.എൻ.ടി.യു.സിയുടെ നിലപാട്.
കേന്ദ്ര പദ്ധതിയാണെങ്കിൽ കൂടി അവരുടെ ജോലി നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാന സർക്കാരാണ് ഇതിന് ഓണറേറിയം നിശ്ചയിക്കുന്നത്. ആശ വർക്കർമാരുടെ സേവനം ജനങ്ങൾക്ക് എല്ലാ കാലത്തും ആവശ്യമായതാണ്. അത് ചെയ്യാൻ മറ്റ് ആളുകളില്ല. അങ്ങനെയാണെങ്കിൽ അവരെ സ്ഥിരപ്പെടുത്തുകയാണ് വേണ്ടത്.
ആശ വർക്കർമാരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശമാണ്. അവരിലേക്ക് 14 ഇനം ജോലികളാണ് സംസ്ഥാന സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്. അവരുടെ ജീവിതം ദുരിതത്തിലാണ്. പക്ഷേ അതിന് ഇതല്ലല്ലോ മാർഗം.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സമരം ചെയ്യുന്നവരെ കാണാനെത്തിയിരുന്നു. എന്നാൽ അക്രമാസക്തമായ സമരം ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞ് ഇവരെ ആക്ഷേപിക്കുകയാണ് ചെയ്തത്.
കേന്ദ്ര ട്രേഡ് യൂണിയനുകളിൽ ഉൾപ്പെട്ട ഒരു സംഘടനയാണ് എസ്.യു.സി.ഐയും. ആശമാരെ സഹായിക്കാനായിരുന്നുവെങ്കിൽ ഐഎൻടിയിസിയുമായി കൂടിയാലോചിച്ച് സമരം വേണമെന്ന് ആവശ്യപ്പെടണമായിരുന്നു. നിയമനം സ്ഥിരപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ ഐ.എൻ.ടി.യു.സി അവരോടൊപ്പം നിൽക്കും. എന്നാൽ ഓണറേറിയം പിച്ചക്കാശ് വാങ്ങാനുള്ള സമരത്തിനോട് ഞങ്ങൾ യോജിക്കുന്നില്ല, ആർ.ചന്ദ്രശേഖരന്‍ അഴിമുഖത്തോട് പറഞ്ഞു
ഫെബ്രുവരി 10 മുതലാണ് ആശ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, മൂന്നു മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സമരം തുടങ്ങിയത്.
Content Summary: Unconsulted strike; demands for permanent appointments instead of honorariums INTUC on ASHA workers’ strike