വീടുറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഭാവി ഉറപ്പാക്കി
ഉത്തർപ്രദേശിൽ സ്ത്രീകൾ കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്. പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും സ്ഥിര വസതി നിർമ്മിക്കുന്നതിനുള്ള സഹായം നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ).
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള 11 സ്ത്രീകൾ പിഎംഎവൈ പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് 40,000 രൂപ ആദ്യ ഗഡുവാങ്ങുകയും, ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം ഒളിച്ചോടുകയുമായിരുന്നു. പങ്കാളികൾ ഇത്തരത്തിൽ പോയെന്ന് ഭർത്താക്കന്മാർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അടുത്തിടെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ 2,350 ഗുണഭോക്താക്കൾക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. തുത്തിബാരി, ശീത്‌ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മെധൗലി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഈ സംഭവവികാസങ്ങളെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പിഎംഎവൈ പദ്ധതി പ്രകാരം ദാരിദ്രമനുഭവിക്കുന്നവർക്കും ഇടത്തരം കുടുംബങ്ങൾക്കും വീട് നിർമിക്കാൻ സർക്കാരിൽ നിന്ന് സഹായം ലഭിക്കും. കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും നൽകുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ, ഗുണഭോക്താക്കളിൽ നിന്ന് അധികാരികൾക്ക് പണം തിരികെ ചോദിക്കാനും സാധിക്കും.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ പിഎംഎവൈ പദ്ധതി പ്രകാരം പണം കൈപ്പറ്റി വിവാഹിതരായ നാലു സ്ത്രീകൾ കാമുകൻമാർക്കൊപ്പം നാടുവിട്ടതിന് സമാനമായ സംഭവങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 50,000 രൂപ ഗ്രാൻ്റ് അവരുടെ ബാങ്ക് അക്കൗണ്ടിൽ വന്നയുടനെ നാല് സ്ത്രീകളും ഓടിപ്പോയതായാണ് റിപ്പോർട്ട്. വീടുകളുടെ നിർമാണം ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. നിർമാണം ഉടൻ തുടങ്ങാൻ നിർദേശം നൽകി നോട്ടീസ് അയച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.
content summary; 11 married women take money from Centre’s Awas Yojana, run away with lovers