ഇന്ത്യയില്‍ ഒരു ഹിന്ദു ഭൂരിപക്ഷ ഭരണമുണ്ടായാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന് 1946 ല്‍ തന്നെ ഭാഭാ സാഹിബ് ഡോ. ബിആര്‍ അംബേദ്കര്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അന്നൊരുപക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന ഒരാള്‍ക്കും തോന്നാത്തവിധം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരതയെന്തെന്ന് വ്യക്തമായി മനസ്സിലാക്കിയ ആളായിരുന്നു അംബേദ്കര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഹിന്ദു സോഷ്യല്‍ ഓര്‍ഡറിനെയും അത് മുന്നോട്ടുവയ്ക്കുന്ന സാമൂഹിക രാഷ്ട്രീയ ധാര്‍മിക ദര്‍ശനങ്ങളെയും അതിനെ താങ്ങിനിര്‍ത്തുന്ന വേദ ഇതിഹാസ പാരമ്പര്യങ്ങളെയും നിരന്തരമായ വിമര്‍ശനത്തിന് വിധേയമാക്കിയ ജ്ഞാനിയായിരുന്നു ഭാഭാ സാഹിബ് അംബേദ്കര്‍.upper class oligarchy
എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഭാഭാ സാഹിബ് ഡോ. ബിആര്‍ അംബേദ്കറുടെ സാമൂഹിക ദര്‍ശനങ്ങളോ രാഷ്ട്രീയ ദര്‍ശനങ്ങളോ ബാധകമല്ല എന്ന് മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരായിട്ടാണ് അവരിപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഡോ. ബിആര്‍ അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന നിലയില്‍ അംഗീകരിക്കുവാനും ആദരിക്കുവാനും ഇന്ത്യയെന്ന ദേശരാഷ്ട്രം അതിന്റെ സ്വാതന്ത്ര്യാനന്തര കാലത്ത് ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നൊരു യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്. അത് മാത്രവുമല്ല അമേരിക്കന്‍ ഭരണഘടന കഴിഞ്ഞാല്‍ ലോകത്തിലെ വലിയ വിപ്ലവങ്ങളിലൊന്നാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ലോകം അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ മനുഷ്യര്‍ പഠിക്കേണ്ടതുണ്ടെന്ന് പോലും ഇന്ത്യയിലെ ഭരണാധികാരികള്‍ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണഘടന നമ്മുടെ പാഠപുസ്തകങ്ങളില്‍ നിന്നും എല്ലാ കാലത്തും പുറത്തായിരുന്നു. ഭരണഘടനയെ കുറിച്ച് നിരക്ഷരരായ ഒരു സമൂഹത്തെ നിലനിര്‍ത്തിക്കൊണ്ടും അത് എഴുതി തയ്യാറാക്കാന്‍ നേതൃത്വം കൊടുത്ത ഡോ. ബിആര്‍ അംബേദ്കറെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുമാണ് ഇന്ത്യയിലെ ഒളിഗാര്‍ക്കി സവര്‍ണ ന്യൂനപക്ഷ ഭരണം ഇവിടെ നിലനിന്നത് എന്നൊരു യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.
Indian Constitution
മറ്റൊരു പ്രധാനകാര്യം ഇന്ത്യയിലെ ബ്രാഹ്‌മണിക്കല്‍ പാട്രിയര്‍ക്കിയെ ഒരേ സമയം ജാതിമേധാവിത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും വാസനകള്‍ ഉള്‍ക്കൊള്ളുന്ന സാമൂഹിക ദര്‍ശനമായിട്ടുള്ള അസമത്വത്തിന്റെ തത്വശാസ്ത്രമെന്നായിരുന്നു ഡോ. ബിആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ചത്. ഈ ബ്രാഹ്‌മണിക്കല്‍ പാട്രിയര്‍ക്കി എല്ലാക്കാലത്തും അതിജീവിക്കുന്നത് അതിനെതിരെ ഉയര്‍ന്നുവരുന്ന എല്ലാ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്ന നാട്യത്തില്‍ അതിനെ നശിപ്പിച്ചുകൊണ്ടോ വേണ്ടിവന്നാല്‍ പ്രായോഗികമായി ആക്രമിച്ചുകൊണ്ടോ ആണ്.
ഇന്ത്യന്‍ പുരാണ വേദങ്ങളില്‍ ബ്രാഹ്‌മണര്‍ക്ക് നിഷിദ്ധമായതാണ് യഥാര്‍ത്ഥത്തില്‍ പൂജകള്‍. അതായത് ബിംബപൂജകള്‍ ബ്രാഹ്‌മണര്‍ ചെയ്യരുതെന്ന് മനുസ്മൃതിയില്‍ അനുശാസിച്ചിട്ടും അവര്‍ക്കത് ബാധകമല്ല. ഏത് ബിംബത്തെ പൂജിക്കാനും അവര്‍ തയ്യാറാണ് എന്ന തരത്തില്‍ അടിസ്ഥാനപരമായി അവരുടെ ദര്‍ശനം തന്നെ മനുഷ്യവിരുദ്ധമാണെന്നും വേദ ഇതിഹാസങ്ങള്‍ ഡയനാമിക് വച്ച് തകര്‍ക്കേണ്ടതാണെന്നും പ്രകോപിതനായി ജാതിനിര്‍മൂലനം എന്ന പുസ്തകത്തില്‍ ബിആര്‍ അംബേദ്കര്‍ എഴുതുന്നുണ്ട്. അങ്ങനെ ബ്രാഹ്‌മണിക്കല്‍ പാര്‍ട്രിയര്‍ക്കിയുടെ ലീലകളില്‍ നിന്നും പൂര്‍ണമായും വേറിട്ട് നില്‍ക്കുകയും ആലോചിക്കുകയും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ മറ്റൊരു സമൂഹത്തെ സ്വപ്‌നം കാണുകയും അതിനെ ശക്തിപ്പെടുത്തുന്ന ഭരണഘടനയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഡോ. ബിആര്‍ അംബേദ്കറെ നിരന്തരമായി ആക്രമിക്കുക എന്നതും നിര്‍വീര്യമാക്കുക എന്നതും ഹിന്ദുത്വ ശക്തികളുടെ പ്രധാനപ്പെട്ട അജണ്ടകളില്‍ ഒന്നായിട്ട് വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. എന്നാല്‍ ഡോ. ബിആര്‍ അംബേദ്കറെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുവച്ച സാമൂഹിക രാഷ്ട്രീയ ദര്‍ശനങ്ങളുടെ പ്രാധാന്യത്തെ മുന്നോട്ടുവച്ചുകൊണ്ട് പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷവും പരാജയമാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഈയൊരു സാഹചര്യത്തില്‍ വേണം അമിത് ഷായുടെ ഏറ്റവും വിമര്‍ശനവിധേയമാക്കേണ്ട അഭിപ്രായത്തെ നമ്മള്‍ കാണേണ്ടത്. അദ്ദേഹത്തനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കും നിസാരവത്കരിക്കാനും അപമാനിക്കുവാനും കഴിയുന്ന ഒരു പേരാണ് ഡോ. അംബേദ്കര്‍ എന്ന ഒരു മുന്‍വിധി അമിത് ഷായുടെ പ്രസ്താവനയില്‍ അടങ്ങിയിട്ടുണ്ട്. ഡോ. ബിആര്‍ അംബേദ്കറുടെ പേര് ആവര്‍ത്തിച്ച് പറയാതെ നിങ്ങള്‍ ദൈവത്തെ വിളിച്ചാല്‍ നിങ്ങള്‍ക്ക് മോക്ഷം കിട്ടുമെന്നാണ് കോണ്‍ഗ്രസുകാരോട് അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ഡോ. അംബേദ്കറുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഈ സവര്‍ണ അധികാരി എന്തിനാണിത്ര വിളറി പിടിക്കുന്നത് എന്ന ചോദ്യം നമ്മള്‍ ചോദിക്കാതിരുന്ന് കൂടാ. ആ ചോദ്യം ചോദിക്കുമ്പോഴാണ് അമിത് ഷാ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ശരിയായ അര്‍ത്ഥത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്ത്യയിലാകട്ടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കക്ഷിരാഷ്ട്രീയ മത്സരങ്ങളില്‍ ആര്‍ക്കും എടുത്ത് ഉപയോഗിക്കാവുന്ന ഒരു പേര് മാത്രമാണ് ബിആര്‍ അംബേദ്കര്‍ എന്ന ഇവരുടെ ജാതി അഹങ്കാരം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതൊരു സവര്‍ണ ജാത്യാഹങ്കാരത്തില്‍ നിന്നും വരുന്ന നിരുത്തരവാദപരമായ പ്രസ്താവനയായി വേണം നമ്മള്‍ അതിനെ മനസ്സിലാക്കാന്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി ഉള്‍ക്കൊള്ളുന്ന, കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റ് ഇന്ത്യന്‍ ഭരണഘടനയോട് ഒരു തരത്തിലും കൂറ് പുലര്‍ത്താത്ത, അതിനകത്ത് നിന്ന് കൊണ്ടുതന്നെ അതിനെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലോകത്തിലെ ക്രൂരരായിട്ടുള്ള സമഗ്രാധിപത്യവാദികളെല്ലാം ഹിറ്റ്‌ലറും മുസോളിനിയുമടക്കം തിരഞ്ഞെടുപ്പിലൂടെ തന്നെയാണ് അധികാരത്തില്‍ വന്നതെന്ന സത്യം നമ്മള്‍ മറന്നുകൂടാ. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടി എന്നത് മോദിക്കും അമിത് ഷായ്ക്കും അഹങ്കരിക്കാനുള്ള ഒരു കാര്യമായിട്ട് എടുക്കരുത്. ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഒരു രാഷ്ട്രീയകക്ഷിയെ അധികാരത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ 2014 മുതലുള്ള ഇന്ത്യയിലെ ഭരണത്തെ നമ്മള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഇവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ, അതിന്റെ പൗരത്വ സങ്കല്പത്തെ, ന്യൂനപക്ഷ സംരക്ഷണത്തെ, സംവരണസംരക്ഷണത്തെ തുടങ്ങി അടിസ്ഥാനപരമായി ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതും അവരുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതുമായ ഭരണഘടനാ തത്വങ്ങളെ അകത്തുനിന്ന് വെല്ലുവിളിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യന്‍ ജുഡീഷ്യറിയും ഹിന്ദുത്വശക്തികള്‍ക്ക് ഓശാന പാടുന്ന അതിദാരുണമായ സ്ഥിതിയാണ് നിലവിലുള്ളത്.
BR Ambedkar
ഈ സാഹചര്യത്തിലാണ് ഡോ. ബിആര്‍ അംബേദ്കറെ അപമാനിക്കുവാനും അവഹേളിക്കുവാനും അമിത് ഷാ തയ്യാറാകുന്നു എന്നതിലെ രാഷ്ട്രീയ പ്രാധാന്യം. അതുകൊണ്ട് ആ വിഷയം ഏറ്റെടുത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. കേവലമായ പ്രതിഷേധത്തിനപ്പുറം ഡോ. ബിആര്‍ അംബേദ്കറുടെ സാമൂഹിക രാഷ്ട്രീയ ദര്‍ശനങ്ങള്‍ സമകാലീന ഇന്ത്യയില്‍ എങ്ങനെ പ്രസക്തമായിരിക്കുന്നുവെന്ന് ആത്മാര്‍ത്ഥമായി മനസ്സിലാക്കിക്കൊണ്ടുള്ള പ്രായോഗികമായ ഇടപെടലാണ് ഇന്ത്യയില്‍ നടത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത്. അതല്ലാതെ വിവാദങ്ങളില്‍ അഭിരമിക്കുക എന്നത് ഇന്നത്തെ ഘട്ടത്തില്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യുന്ന കാര്യമല്ല എന്ന് പ്രതിപക്ഷവും മനസ്സിലാക്കുന്നത് നല്ല കാര്യമാണ്.
ഇന്ത്യയിലെ ഭരണാധികാരികള്‍ ദീര്‍ഘകാലമായി ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടും സ്വന്തം സാമൂഹിക രാഷ്ട്രീയ ദര്‍ശനങ്ങളുടെ ബലത്താല്‍ ചരിത്രത്തില്‍ മണ്‍മറഞ്ഞ് പോകാത്ത ബിംബമാണ് ബിആര്‍ അംബേദ്കറെന്ന് ബിജെപിയും മനസ്സിലാക്കിയാല്‍ നല്ലതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്കറെ കുറിച്ച് നടത്തിയ അപമാനകരമായ പ്രസ്താവന പിന്‍വലിച്ച് ഇന്ത്യയോട് മാപ്പുപറയണം. ഇത് ദളിതരുടെ മാത്രം കാര്യമല്ല. ഇന്ത്യയില്‍ ജനാധിപത്യം വേണമെന്നും ന്യൂനപക്ഷാവകാശങ്ങള്‍ നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യം കൂടിയാണ്.upper class oligarchy
Content Summary: upper class oligarchy keeping Ambedkar in the dark