ശിക്ഷ കലാവധി നാല് വര്‍ഷം മാത്രം പിന്നിട്ടപ്പോഴാണ് മോചനം കൊടുക്കുന്നത് കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി മുന്‍ എംഎഎല്‍എയെ നേരത്തെ പുറത്തിറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബാര മുന്‍ എംഎല്‍എ ആയ ഉദയ്ഭന്‍ കര്‍വാരിയയ്ക്കാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സഹായം. ഉദയ് ഭാനിന്റെ അപേക്ഷയില്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. 1996-ല്‍ സമാജ് വാദ് പാര്‍ട്ടി എംഎല്‍എയെ കൊലപ്പെടുത്തിയതിനാണ് നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കാര്‍വാരിയയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഉദയ്ഭാന്‍ കര്‍വാരിയയുടെ ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ദയഹര്‍ജി സമതി, ജില്ല മജിസ്‌ട്രേറ്റ്, പ്രയാഗ്‌രാജ് എസ്എസ്പി എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബിജെപി എംഎല്‍എയെ ശിക്ഷ കാലാവധിക്ക് മുമ്പ് മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ജൂലൈ 19 ന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. 2023 ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം കാര്‍വാരിയ എട്ടു വര്‍ഷവും ഒമ്പത് മാസവും 11 ദിവസവും ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളൊന്നും എംഎല്‍എയ്‌ക്കെതിരേ ഇല്ലാത്തപക്ഷം അദ്ദേഹത്തെ ജയില്‍ േേമാചിതനാക്കും.
മധുമിത ശുക്ല വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി സംസ്ഥാന മന്ത്രി അമര്‍മണി ത്രിപാഠിയെയും ഭാര്യ മധുമണി ത്രിപാഠിയെയും മോചിപ്പിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് കൊലക്കേസ് പ്രതിയായ മറ്റൊരു ബിജെപി നേതാവിനെയും യോഗി സര്‍ക്കാര്‍ മോചിപ്പിക്കാനൊരുങ്ങുന്നത്.
2019 നവംബര്‍ നാലിനാണ് പ്രയാഗ്‌രാജ് കോടതി 55 കാരനായ ഉദയ്ഭാന്‍ കര്‍വാരിയ, സഹോദരന്മാരായ സൂരജ് ഭാന്‍, കപില്‍ മുനി, ഇവരുടെ അമ്മാവനായ രാം ചന്ദ്ര എന്നിവരെ ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഇവരില്‍ സൂരജ് ഭാന്‍ ബിഎസ്പിയുടെ മുന്‍ എംഎല്‍സിയും, കപില്‍ മുനി ബിഎസ്പിയുടെ മുന്‍ എംപിയുമാണ്. പ്രയാഗ് രാജിലെ നയ്‌നി സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് എല്ലാവരും. സമാജ് വാദി നേതാവും എംഎല്‍എയുമായ ജവഹര്‍ യാദവ് എന്ന ജവഹര്‍ പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കുറ്റത്തിനായിരുന്നു ശിക്ഷ. 2018 ല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ആവശ്യം കോടതി തള്ളുകയായിരുന്നു.
ഉദയ് ഭാന്‍ കാര്‍വാരിയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വിടുതല്‍ ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് നയ്‌നി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജുംഗ് ബഹദൂര്‍ സിംഗ് പ്രതികരിച്ചത്. മോചനത്തിനു മുന്നോടിയായി ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും അടയ്ക്കണമെന്ന് സര്‍ക്കാര്‍ ഉദയ് ഭാനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
1996 ലാണ് പ്രയാഗ് രാജ് സിവില്‍ ലൈന്‍ ഏരിയയില്‍ വച്ച് എസ്പി എംഎല്‍എ ആയിരുന്ന ജവഹര്‍ പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ വാഹനം വളഞ്ഞ് ഒരു സംഘം എ കെ 47 തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചു കൊന്നത്. എംഎല്‍എയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ-ബിസിനസ് ശത്രുതയായിരുന്നു കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2002ലും 2007 ലും പ്രയാഗ് രാജിലെ ബാര മണ്ഡലത്തില്‍ നിന്നും ഉദയ് ഭാനു ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദയ് ഭാനിനെ മോചിപ്പിക്കാന്‍ എടുത്ത തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നാണ് കൊല്ലപ്പെട്ട ജവഹര്‍ പണ്ഡിറ്റിന്റെ ഭാര്യയും നാല് തവണ എംഎല്‍എയും ആയിരുന്ന വിജയ്മ യാദവ് പ്രതികരിച്ചത്. uttar pradesh government has ordered to premature release of former bjp mla uday bhan karwariya who was sentenced for life imprisonment
Content Summary; uttar pradesh government has ordered to premature release of former bjp mla uday bhan karwariya who was sentenced for life imprisonment