UPDATES

വായിച്ചോ‌

1984ല്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തില്‍ ആര്‍എസ്എസിനും പങ്കുണ്ടോ?

രാജീവും ആര്‍എസ്എസ് തലവനും തമ്മില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതെന്നും റഷീദ് കിദ്വായി പറയുന്നു.

                       

ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു കക്ഷി നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ദിര ഗാന്ധിയുടെ വധത്തിന് ശേഷം 1984 ഡിസംബറില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയത്. 415 സീറ്റ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം. അതേസമയം ഈ വിജയത്തില്‍ ആര്‍എസ്എസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ‘Ballot: Ten Episodes that Shaped India’s Democracy’* എന്ന പുസ്തകത്തില്‍ റഷീദ് കിദ്വായ് പറയുന്നത്. 1984ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നതായി പുസ്തകത്തിലെ മൂന്നാം അധ്യായമായ The big tree and the sapling എന്ന ഭാഗത്ത് റഷീദ് കിദ്വായ് പറയുന്നു.

ഇന്ദിര ഗാന്ധിയുടെ വധത്തെക്കുറിച്ച് പറഞ്ഞാണ് പുസ്തകത്തിന്റെ മൂന്നാം അധ്യായം തുടങ്ങുന്നത്. രാജീവ് ഗാന്ധി ഡല്‍ഹിയില്‍ എത്തിയ ഉടന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിസി അലക്‌സാണ്ടര്‍ അടക്കമുള്ള ഇന്ദിരയുടെ വിശ്വസ്തര്‍ അദ്ദേഹത്തെ കണ്ടു. കേന്ദ്ര മന്ത്രിസഭയുടേയും കോണ്‍ഗ്രസിന്റേയും താല്‍പര്യം രാജീവ് പ്രധാനമന്ത്രിയാകുന്നതാണ് എന്ന് പിസി അലക്‌സാണ്ടര്‍ അറിയിച്ചു. സോണിയ ഗാന്ധിക്ക് ഇതൊട്ടും തന്നെ സമ്മതമായിരുന്നില്ല. എന്നാല്‍ തന്റെ കടമയാണ് ഇതെന്ന് രാജീവ് വിശ്വസിച്ചു.

ഡിസംബര്‍ 24നും 27നും ഇടയ്ക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തീവ്രമായ വര്‍ഗീയ ധ്രുവീകരണ സ്വഭാവമുള്ളതും ആക്രമണോത്സുകവുമായിരുന്നു രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. സിഖുകാര്‍ പ്രത്യേക രാജ്യത്തിനായി വാദിക്കുന്നു എന്ന പ്രശ്‌നത്തിന് അത് ഊന്നല്‍ കൊടുത്തു. രാജീവ് ഗാന്ധിയും കോണ്‍ഗ്രസും ആണ് തങ്ങളുടെ രക്ഷകരെന്ന് ഹിന്ദുക്കള്‍ക്ക് തോന്നണമെന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു പ്രചാരണം. അമ്മയുടെ മരണമുണ്ടാക്കുന്ന സഹതാപ തരംഗത്തിനൊപ്പം ഈ ഹിന്ദുത്വ ബ്രാന്‍ഡ്‌ രാജീവ് പരമാവധി ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി അന്നത്തെ ആര്‍എസ്എസ് സര്‍ സംഘചാലക് ബാലസാഹിബ് ദേവ്രസുമായി കൂടിക്കാഴ്ച നടത്താന്‍ രാജീവ് തീരുമാനിച്ചതായും റഷീദ് കിദ്വായ് പറയുന്നു.

രാജീവും ആര്‍എസ്എസ് തലവനും തമ്മില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതെന്നും റഷീദ് കിദ്വായി പറയുന്നു. അതേസമയം ബിജെപി ഇത് തള്ളിക്കളയുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും ഇത് തള്ളിക്കളഞ്ഞിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് എംപി ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണെന്നും കിദ്വായി അവകാശപ്പെടുന്നു. നാഗ്പൂരിലെ കോണ്‍ഗ്രസ് എംപിയായിരുന്ന ബന്‍വാരിലാല്‍ പുരോഹിത് ആണ് രാജീവും ദേവ്രസുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. രാമ ജന്മഭൂമിയെന്ന് സംഘപരിവാറും ഹിന്ദുത്വ സംഘടനകളും അവകാശപ്പെടുന്ന അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടത്താന്‍ അനുമതി നല്‍കാം എന്ന് ഉറപ്പ് നല്‍കിയാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്നാണ് രാജീവ് ഗാന്ധിക്ക് അറിയേണ്ടിയിരുന്നത്. 2007ലാണ് ബന്‍വാരിലാല്‍ പുരോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്.

വായനയ്ക്ക്: https://goo.gl/TFaZkV

(*’Ballot: Ten Episodes that Shaped India’s Democracy’ എന്നതിന് പകരം പുസ്തകത്തിന്‍റെ പേര് 24 akbar road: a short history of the people behind the fall and rise of the congress എന്നാണ് കൊടുത്തിരുന്നത്. ഇത് റഷീദ് കിദ്വായിയുടെ നേരത്തെ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകമാണ്. തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നു.)

Share on

മറ്റുവാര്‍ത്തകള്‍