ഇന്ത്യൻ ഗുസ്തി താരവും ഹരിയാന എംഎൽഎയുമായ വിനേഷ് ഫോഗട്ടിന് മുമ്പിൽ ഹരിയാന സർക്കാർ വച്ച മൂന്ന് വാഗ്ദാനങ്ങളിൽ നാലു കോടി രൂപയുടെ പാരിതോഷികം സ്വീകരിച്ച് താരം. കായിക താരങ്ങള്‍ക്ക് ഹരിയാന സർക്കാർ നൽകുന്ന മൂന്ന് ആനുകൂല്യങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാൻ സർക്കാർ അറിയിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നാലു കോടി രൂപയുടെ പാരിതോഷികം വിനേഷ് സ്വീകരിക്കുന്നത്.
മാർച്ച് 25ന് നടന്ന കാബിനറ്റ് യോഗത്തിന്റെ തീരുമാന പ്രകാരമാണ് നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ്, ഹരിയാന ഷഹരി വികാസ് പ്രധികരൺ പദ്ധതിക്ക് കീഴില്‍ ഒരു പ്ലോട്ട്, ഗ്രൂപ്പ് എ സര്‍ക്കാര്‍ ജോലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിലവിൽ കോൺഗ്രസ് എംഎൽഎ കൂടിയായ വിനേഷിനോട് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത്. വിനേഷിന്റെ തീരുമാനം കായിക വകുപ്പിനെ അറിയിക്കാൻ കത്തയച്ചതായി വിനേഷിന്റെ കുടുംബാംഗം മാധ്യമങ്ങളോട് വ്യക്തമാക്കി. സ്പോർട്സ് പോളിസി പ്രകാരം കായിക വകുപ്പിൽ ഒളിമ്പ്യൻമാർ ഉൾപ്പെടെയുള്ള കായികതാരങ്ങൾക്ക് ഒരു തസ്തിക വാഗ്ദാനം ചെയ്യാൻ സർക്കാരിന് സാധിക്കും. എന്നാൽ, നിലവിൽ നിയമസഭാംഗമായതിനാൽ വിനേഷിന് സർക്കാർ ജോലി തിരഞ്ഞെടുക്കാൻ സാധിക്കില്ല. എന്നാൽ പണം സ്വീകരിക്കുന്നതോടെ ഇഷ്ടപ്രകാരം സ്ഥലം വാങ്ങാൻ സാധിക്കുമെന്ന് വിനേഷിന്റെ കുടുംബാഗം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജുലാനയിലെ എംഎല്‍എ കൂടിയായ വിനേഷ് ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മുഖ്യമന്ത്രി നയാബ് സിംഗ് സേനിയുടെ അധ്യക്ഷതയിൽ ചേർന്ന ഹരിയാന മന്ത്രി സഭയുടേത് ആയിരുന്നു ആനുകൂല്യങ്ങൾ നൽകുന്നത് സംബന്ധിച്ച തീരുമാനം. ‘വിനേഷ് ഫോഗട്ട് ഈ വിഷയം വിധാന്‍ സഭയില്‍ ഉന്നയിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അവരുടെ വിഷയം ഒരു പ്രത്യേക കേസായി കണക്കാക്കുകയും കായിക നയത്തിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി പരിഗണിക്കുകയും ചെയ്തു’ ഹരിയാണ മുഖ്യമന്ത്രി നയാബ് സെയ്‌നി കാബിനറ്റ് യോഗത്തിന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ കായിക നയം അനുസരിച്ച് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവിന് നല്‍കുന്ന ആനുകൂല്യമാണ് ഈ മൂന്നും. 2024ൽ പ പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ചു കൊണ്ട് വിനേഷ് ഫൈനൽ പ്രവേശനം നേടിയിരുന്നു. എന്നാൽ, ഗുസ്തി 50 കിലോ വിഭാഗത്തില്‍ മത്സരിച്ച് ഫൈനലിലെത്തിയ വിനേഷ് ഭാരപരിശോധനയില്‍ 100 ഗ്രാം അധികം തൂക്കം വന്നതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിച്ച് വിനേഷ് കോൺഗ്രസിൽ ചേരുകയും തുടർന്ന് ഹരിയാനയിൽ മത്സരിക്കാൻ ഇറങ്ങുകയും ചെയ്തു.
content summary: Vinesh Phogat chooses four crore cash award from the Haryana government over a government job or land allotment