ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം ഗുരതരമായ യുദ്ധ കുറ്റകൃത്യങ്ങള്‍ പലസ്തീനിലെ കുട്ടികകള്‍ക്കെതിരേ നടക്കുന്നു. ഗാസ, വെസ്റ്റ് ബാങ്ക്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കെതിരേ നടക്കുന്ന അവകാശ ലംഘനങ്ങളെക്കുറിച്ച് ഈയാഴ്ച്ച പുറത്തു വിടുന്ന ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടിലാണ് പറയുന്നത്. ഇസ്രയേല്‍ ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. violations against children gaza west bank israel un report
സായുധ സംഘട്ടനങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ദ ഗാര്‍ഡിയനാണ് പുറത്തു കൊണ്ടുവന്നത്. ഇസ്രയേലിലും, അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കുട്ടികള്‍ക്കെതിരായ യുദ്ധക്കുറ്റങ്ങളെക്കാള്‍ കൂടുതല്‍ കേസുകള്‍ ലോകത്ത് മറ്റൊരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരിക്കുന്നത്. സായുധ സംഘര്‍ഷങ്ങള്‍ തീവ്രമായ മ്യാന്‍മര്‍, കോംഗോ, സൊമാലിയ, നൈജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഈ കണക്കില്‍ പിന്നിലാണ്. ഇസ്രയേലിലും അധിനിവേശ പലസ്തീനിലും സമാനതകളില്ലാത്തതും, തീവ്രതയേറിയതുമായ അവകാശ ലംഘനങ്ങളാണ് കുട്ടികള്‍ക്കെതിരേ നടക്കുന്നതെന്ന്.
സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ് ഈയാഴ്ച്ച ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കുന്ന ഈ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഭരണകൂടങ്ങളുടെ പട്ടികയില്‍ ഇതാദ്യമായി ഇസ്രയേലും സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഎന്‍ റിപ്പോര്‍ട്ട് ഇസ്രയേലിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. ‘കൊലയാളികളായ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ ചരിത്രത്തിന്റെ കരിമ്പട്ടികയില്‍ സ്വയം പേരു ചേര്‍ത്തിരിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഒരു പ്രസ്താവനയിലൂടെ ഐക്യരാഷ്ട്ര സഭയ്‌ക്കെതിരേ നടത്തിയ ആക്ഷേപം.
ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍ക്ക് പരിശോധിച്ച് ഉറപ്പിക്കാന്‍ കഴിഞ്ഞ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ ആകെ കുട്ടികളുടെ കണക്കിന്റെ ഒരു ഭാഗം മാത്രമായിരിക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം.
ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലായി 4,360 കുട്ടികള്‍ക്കെതിരായ നടന്ന 8,009 കുറ്റകൃത്യങ്ങള്‍ യുഎന്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കോംഗോയിലെ കണക്കിന്റെ രണ്ടിരട്ടിയോളം വരുന്നുണ്ടിത്. മൊത്തം കേസില്‍ 4,247 എണ്ണവും റിപ്പോര്‍ട്ട് ചെയ്തത് പലസ്തീനിലാണ്. ഇസ്രയേലിലെ കണക്ക് 113 ആണ്. ആകെയുള്ള കേസുകളില്‍ 5,698 എണ്ണവും ഇസ്രയേല്‍ സായുധ-സുരക്ഷ വിഭാഗം നടത്തിയ അതിക്രമങ്ങളാണ്. 116 എണ്ണം ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സ് അദ്-ദിന്‍ അല്‍-ക്വാസം ബ്രിഗേഡിന്റെ ഭാഗത്ത് നിന്നുണ്ടായതും. പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ 51 കേസുകള്‍ക്ക് ഉത്തരവാദികളാണ്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ ഭാഗമായ അല്‍-ക്വദ്‌സ് ബ്രിഗേഡ് 21 കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയ 2023 ഒക്‌ടോബര്‍ എഴിനും ആ വര്‍ഷം ഡിസംബറിനും ഇടയില്‍ 2,051 പലസ്തീന്‍ കുട്ടികളാണ് കൊല്ലപ്പെട്ടത്. ജനവാസകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ സ്‌ഫോടനങ്ങളിലും വെടിവയ്പ്പുകളിലുമാണ് കൂടുതല്‍ കുട്ടികളും കൊല്ലപ്പെട്ടത്.
ഗാസയില്‍ സംഭവിച്ചതിന്റെ ചെറിയൊരു ചിത്രം മാത്രമാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കുട്ടികള്‍ക്കെതിരേ ഇസ്രയേല്‍ സേന നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 126 കുട്ടികള്‍ ഇവിടെ കൊല്ലപ്പെടുകയും 906 കുട്ടികള്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രയേല്‍ സൈന്യം അഞ്ചു കുട്ടികളെ വെസ്റ്റ്ബാങ്കില്‍ പ്രതിരോധ കവചമായി ഉപയോഗിച്ചുവെന്നും ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തിനു മുന്നോടിയായി ഹമാസും ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗവും ചേര്‍ന്ന് കുട്ടികള്‍ക്കായി സൈനിക പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും വിശദീകരിക്കുന്നൊരു വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിച്ചതിനെ കുറിച്ചും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുദ്ധത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞതുമായി ബന്ധപ്പെട്ട 23 പ്രത്യേക കേസുകളും യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആയുധങ്ങള്‍ കൂടാതെ, പട്ടിണിയും പോഷകാഹാരക്കുറവും കുട്ടികളെ മരണ മുഖത്ത് നിര്‍ത്തിയിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Summary; violations against children gaza west bank israel un report