സിനിമ സമൂഹത്തെ സ്വാധീനിക്കുകയില്ല എന്ന വിചിത്രമായ വാദമാണ് നടന്‍ ജഗദീഷ് റിപ്പോര്‍ട്ടര്‍ ന്യൂസില്‍ ഉന്നയിച്ചിരിക്കുന്നത്. ‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്‌ളുവന്‍സ്ഡ് ആകും, നന്മ കണ്ടാല്‍ ഇന്‍ഫ്‌ളുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ?violence in students; movies are also influence children
നല്ല കാര്യങ്ങള്‍ സിനിമകള്‍ നിരവധി പറഞ്ഞിട്ടും ആളുകള്‍ അത് ഏറ്റെടുക്കുന്നില്ല എന്നതാണ് നടന്‍ ജഗദീഷിന്റെ പരാതി. സത്യത്തില്‍ ‘ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ തന്നെ അറിയുന്നില്ല ‘എന്നൊരു ബൈബിള്‍ വാക്യമുള്ളത് പാപം സംബന്ധിച്ചാണ്. സമാനമായി ഇവര്‍ ചെയ്യുന്ന സിനിമ എന്താണ് സമൂഹത്തില്‍ ചെയ്യുന്നത് എന്ന കാര്യം ഇവര്‍ തന്നെ അറിയുന്നില്ല എന്നത് കഷ്ടമാണ്. സ്വന്തം കരിയര്‍ ഫീല്‍ഡിനെ സംബന്ധിക്കുന്ന കുറച്ചെങ്കിലും കാര്യം മനസ്സിലാക്കാന്‍ സിനിമാരംഗത്തുള്ളവര്‍ക്കെങ്കിലും കഴിയേണ്ടതില്ലേ?
കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍, മാരത്തോണ്‍ പ്രസംഗമായി മമ്മൂട്ടിയുടെ സരോജ്കുമാര്‍ എന്ന കഥാപാത്രവും സിനിമയും കലകളും സമൂഹത്തെ സ്വാധീനിക്കുകയില്ല എന്ന് ഘോരഘോരം പ്രഘോഷണം നടത്തുന്ന രംഗമുണ്ട്. പറയുന്ന കാര്യം ശുദ്ധഅസംബന്ധമാണെങ്കിലും സിനിമയെന്നകലയുടെ അപാരമായശേഷികൊണ്ടും മമ്മൂട്ടിയെന്ന സിനിമാ നടന്റെ താരപദവിയാലും അത്തരം നുണപ്രഘോഷണം പൊതുജനങ്ങള്‍ സത്യവാക്കായി ഏറ്റെടുത്തിരിക്കുന്നു. അതാണ് കലയുടെ വിജയം. നുണപോലും സത്യമായി സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ അതിന് മാരകമായ ശേഷിയുണ്ട്.
മാമ്പഴം എന്ന കവിത വൈലോപ്പിള്ളി എഴുതുമ്പോള്‍ അമ്മമാര്‍ കുട്ടികളെ തല്ലരുത് എന്ന ഗുണപാഠം നല്‍കണമെന്ന് ലക്ഷ്യമിട്ടിരുന്നു എന്ന് ഒരു നുണ സിനിമാറ്റിക്ക് സ്യൂഡോന്യായം കണ്ടുപിടിക്കുകയും, പിന്നീടും കുട്ടികളെ അമ്മമാര്‍ തല്ലിയിട്ടുള്ളതിനാല്‍ കവിത ലക്ഷ്യമിട്ട ഗുണപാഠം നിറവേറിയില്ല എന്നൊക്കെയാണ് മമ്മൂട്ടി ആ സിനിമയില്‍ ഡയലോഗ് കാച്ചുന്നത്.
മാമ്പഴം എന്ന കവിത അമ്മമാര്‍ കുട്ടികളെ തല്ലരുത് എന്ന ആശയത്തില്‍ രചിച്ചു എന്നത് സിനിമാക്കാരുടെ മാത്രം കണ്ടുപിടുത്തമാണ്. ആ കവിതയ്ക്ക് അങ്ങനെയൊരു ഗുണപാഠം ലക്ഷ്യമുള്ളതായി ലോകത്ത് മറ്റൊരാള്‍ക്കും അറിയുകയുമില്ല.
അമ്മയ്ക്ക് മകനോടുള്ള വാത്സല്യത്തെയും മകന്‍ നഷ്ടപ്പെടുമ്പോള്‍ ഉള്ള തീരാനൊമ്പരത്തെയും ആണ് മാമ്പഴം എന്ന കവിത ലക്ഷ്യമിട്ടിട്ടുള്ളത്. സിനിമ ആരെയും സ്വാധീനിക്കില്ല എന്നത് സ്ഥാപിക്കാന്‍ നടത്തുന്ന ഒരു സര്‍ക്കസ് ആയിട്ടാണ് ആ രംഗത്തെ കാണേണ്ടത്.
സിനിമ സമൂഹത്തെ സ്വാധീനിക്കുന്നില്ല എന്ന് വിശ്വസിക്കുകയും ആ വിശ്വാസത്തെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ജഗദീഷ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകരോടാണ് ചോദ്യം… സിനിമയെ ഒരു കലാരൂപമായിട്ടാണോ നിങ്ങള്‍ കാണുന്നത്?
ഒരു കലാരൂപമായി സിനിമയെ നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍, സാമൂഹിക ജീവിതത്തില്‍ കലാരൂപങ്ങളുടെ ധര്‍മ്മം എന്താണെന്ന് അറിയേണ്ടതുണ്ട്. കലകള്‍ സംബന്ധിച്ച് (കാവ്യപ്രയോജനം) കാലാകാലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. അവയിലെ മിനിമം കാര്യങ്ങളെങ്കിലും കലാപ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് സിനിമയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
കവിത (കലകള്‍) വികാരങ്ങളെ അനിയന്ത്രിതമാക്കുന്നു. അതിനാല്‍ കലയ്ക്കും സാഹിത്യത്തിനും പ്ലേറ്റോ എന്ന തത്വചിന്തകന്‍ അദ്ദേഹത്തിന്റെ ആദര്‍ശ റിപ്പബ്ലിക്കില്‍ സ്ഥാനം നല്‍കുന്നില്ല. മറ്റെന്തിനേക്കാളും കലാരൂപങ്ങള്‍ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നതാണ് എല്ലാത്തരം കലാപഠനങ്ങളും മുന്നോട്ടുവെക്കുന്ന തത്വവിചാരം.
പൗര സമൂഹത്തെ സ്വാധീനിക്കാനും അവരെ വഴിതെറ്റിക്കാനുള്ള കലകളുടെ അപാരമായ സ്വാധീനശേഷിയെ മനസ്സിലാക്കിയത് കൊണ്ടാണ് പ്ലേറ്റോ കലകള്‍ക്കെതിരെ നിലപാടെടുക്കുന്നത്.
സാമൂഹിക ജീവിതത്തിന്റെ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മ്മാതാക്കളാണ് കലാകാരന്മാര്‍ എന്നും പടിഞ്ഞാറന്‍ സൗന്ദര്യശാസ്ത്രങ്ങള്‍ പറഞ്ഞുവെക്കുന്നു. ചുരുക്കത്തില്‍ കലകള്‍ പറഞ്ഞുവെക്കുന്ന ആദര്‍ശലോകം പിന്നീട് ഭരണക്രമമായി മാറുന്നു എന്ന് പറയാം.
പൗരസ്ത്യ ലോകത്തും നിരവധി സിദ്ധാന്തങ്ങളും അവയുടെ ചര്‍ച്ചകളും കലാപ്രയോജനം സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ആ ചര്‍ച്ചകളുണ്ടായ കാലത്ത് സിനിമയെന്ന കലാരൂപം പിറവികൊണ്ടില്ലായിരുന്നു. നാടകം, കാവ്യം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കലകളെ സംബന്ധിക്കുന്ന പൗരസ്ത്യ നിലപാടുകള്‍ രൂപപ്പെട്ടത്. ആ നിലപാടുകള്‍ കലാരൂപം എന്ന നിലയ്ക്ക് സിനിമയ്ക്കും ബാധകമാണ് എന്ന സത്യമാണ് സിനിമാലോകത്തുള്ള പലരും ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത്.
ലോകത്തുള്ള മുഴുവന്‍ സമൂഹങ്ങളെയും വന്‍തോതില്‍ സ്വാധീനിക്കുന്ന മഹാ കലാരൂപമാണ് സിനിമ. എല്ലാത്തരം കലാരൂപങ്ങളും സിനിമയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ജനമനസ്സുകളില്‍ രാഷ്ട്ര നേതാക്കളെക്കാള്‍ ഉന്നതസ്ഥാനം കൈയടക്കിയ സിനിമാതാരങ്ങളും നിരവധിയായി ലോകത്തുണ്ട്. ചാര്‍ലി ചാപ്ലിന്‍ ലോകോത്തര താരമായി മാറിയത് സിനിമയുടെയും സിനിമാഭിനയത്തിന്റെയും ദേശാതിര്‍ത്തികള്‍ മറികടക്കുന്ന സ്വാധീനത്തെ തന്നെയാണ് വ്യക്തമാക്കുന്നത്.
സത്യമെന്ന് ധരിച്ചേക്കാവുന്ന നുണയാണ് കല എന്നൊരു നിര്‍വചനമുണ്ട്. യാഥാര്‍ത്ഥ്യത്തിനും മുകളിലെ യാഥാര്‍ത്ഥ്യമായി കലകള്‍ നിലനില്‍ക്കുന്നു. ജീവിതത്തെ അനുകരിച്ച് കലകള്‍ ഉണ്ടാവുന്നതുപോലെ കലകളെ അനുകരിച്ച് ജീവിതക്രമവും രൂപംകൊള്ളാറുണ്ട്. മാലയോഗം എന്ന സിനിമയ്ക്ക് ടാക്‌സ് ഇളവ് നല്‍കിയത് കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത് കൊണ്ടാണ്. സിനിമയുടെ സ്വാധീനമാണ് അവിടെ പരിഗണിക്കപ്പെട്ടത്.
‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ അടുക്കളത്തോട്ട നിര്‍മ്മാണത്തിന് മലയാളിയെ പ്രേരിപ്പിച്ചു എന്ന സങ്കല്‍പ്പത്തില്‍ നിന്നാവണമല്ലോ മഞ്ജു വാര്യര്‍ക്ക് കൃഷിയുടെ അംബാസിഡര്‍ എന്ന സര്‍ക്കാര്‍ പദവി അക്കാലത്ത് നല്‍കിയത്. അതിര്‍ത്തിയില്‍ പോയി മോഹന്‍ലാല്‍ യുദ്ധം ചെയ്തതായി അറിയില്ല. സിനിമ സ്വാധീനിക്കില്ല എങ്കില്‍ നടന്‍ മോഹന്‍ലാലിന് എന്തിനാണ് മേജര്‍ പദവി നല്‍കിയത്.
സിനിമകളും സിനിമാ താരങ്ങളും മിത്തിക്കല്‍ പരിവേഷത്തോടെയാണ് എക്കാലത്തും സമൂഹത്തെ സ്വാധീനിച്ചിട്ടുള്ളത്. മിത്തുകളെ മാറ്റിമറിക്കുന്നതിനും സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ മനസ്സില്‍ ഫോക്ലോര്‍ വഴി വീര നായികയായിരുന്ന ഉണ്ണിയാര്‍ച്ചയെ ചതിയത്തി പെണ്ണായി മാറ്റിയതും വടക്കന്‍ പാട്ടുവഴി മലയാള മനസ്സില്‍ ചതിയനായി വെറുത്തിരുന്ന ചന്തുവിനെ സ്തുതിയന്‍ ചന്തുവായി പുനര്‍ നിര്‍മ്മിച്ചതിലും സിനിമ എന്ന കലാരൂപത്തിന്റെയും മമ്മൂട്ടിയെന്ന താര ശരീരത്തിന്റെയും സ്വാധീനം തന്നെയാണ് വ്യക്തമാവുന്നത്. പുഴു എന്ന സിനിമയില്‍ മമ്മൂട്ടിഎന്ന താരശരീരം ബ്രാഹ്‌മണ കഥാപാത്രത്തെ കൊലപാതകിയായ വില്ലനായി അവതരിപ്പിച്ചപ്പോള്‍ മലയാളത്തിലെ അഭിജാതസമൂഹം അസ്വസ്ഥപ്പെട്ടതിലും ഈ സ്വാധീനത്തിന്റെ ഭയം തന്നെയാണ് വ്യക്തമായത്.
ദൃശ്യം എന്ന സിനിമയിലെ ജോര്‍ജുകുട്ടി വളഞ്ഞ വഴികള്‍ കണ്ടുപിടിക്കുന്നത് അയാള്‍ കണ്ട സിനിമകളുടെ സ്വാധീനത്താല്‍ ആന്നെന്ന് സിനിമയില്‍ സൂചനയുണ്ട്. ആ സിനിമ ഇറങ്ങിയതിനു ശേഷം ദൃശ്യം മോഡലില്‍ കൊലപാതകം മറച്ചുവെക്കല്‍ നടന്നു എന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ദേവാലയങ്ങളെ മാത്രമല്ല ദൈവങ്ങളെയും പുരസ്‌കരിച്ചതില്‍ സിനിമയ്ക്കും സിനിമാ പാട്ടുകള്‍ക്കും ചെറുതല്ലാത്ത സ്വാധീനമുണ്ട്. സ്വാമി അയ്യപ്പന്‍ എന്ന സിനിമയിലെ ഹരിവരാസനം എന്ന ഗാനം പിന്നീട് മന്ത്രം എന്ന പദവിയിലേക്ക് പോലും മാറുന്നത് നമുക്കറിയാം. കേരളത്തില്‍ ഇന്ന് കാണുന്ന വലതുപക്ഷ വല്‍ക്കരണവും ഭൂതകാലാഭിരതിയും ഫ്യൂഡല്‍ തറവാട്ട് ജീവിതത്തോടുള്ള അദമ്യമായ ആരാധനയുമൊക്കെ നിര്‍മ്മിച്ചതില്‍ സിനിമയുടെ സ്വാധീനം ചെറുതല്ല.
പുതിയ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വയലന്‍സ് സര്‍വ്വസാധാരണമായതില്‍, വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളുടെ അപ്രമാദിത്വവും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നായകന്റെ ചെയ്തികളെ അപ്പാടെ അനുകരിക്കുന്നത് ഹീറോ വര്‍ഷിപ്പിന്റെ തുടര്‍രൂപമാണ്. ആളുകള്‍ക്കിഷ്ടപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങളെയാണ് അവര്‍ ആരാധിക്കുന്നത്. ഹീറോ വര്‍ഷിപ്പില്‍ കഥാപാത്രങ്ങളില്‍ നിന്നും സ്വതന്ത്രമായ നടനോ നടിയോ ഇല്ല എന്നതാണ് സത്യം.
‘ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ടുനില്‍ക്കുന്നത്. ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെയാണോ അതോ ജഗദീഷിനെയാണോ?’ എന്ന ചോദ്യത്തിന് ടോണി ഐസക്കിനെ അവതരിപ്പിച്ച ജഗദീഷിനെ ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതാണ് മറുപടി. ടോണി ഐസക്കിനെയും അപ്പുക്കുട്ടനെയും ഒന്നും അവതരിപ്പിച്ചില്ലായിരുന്നെങ്കില്‍, പ്രേക്ഷകര്‍ എന്ന സവിശേഷ സമൂഹം ജഗദീഷിനെ അറിയുകയോ ഇഷ്ടപ്പെടുകയോ ചെയ്യുമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും ഇതോട് ചേര്‍ത്തുതന്നെ വായിക്കണം.
‘കാവ്യം യശസേര്‍ത്ഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ: പരനിര്‍വൃതയേ
കാന്താസമ്മിതതയോപദേശയുജേ’
എന്ന കാവ്യപ്രയോജനം സംബന്ധിച്ച ശ്ലോകം സിനിമാ വിശകലനത്തിനായി ചില തിരുത്തലുകളോടെ ചേര്‍ക്കുന്നു. സിനിമയും പ്രയോജനം സംബന്ധിച്ച ചിന്തകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് കരുതുന്നു.
കാവ്യം യശസേര്‍ത്ഥകൃതേ:-
കാവ്യം (സിനിമ) പണവും പ്രശസ്തിയും നേടിക്കൊടുക്കുന്നു
100 കോടി ക്ലബ്ബില്‍ എത്തിച്ച് നടന്റെയും നിര്‍മാതാവിന്റെയും ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് ചുരുക്കം.
‘കാന്താസമ്മിത തയോപദേശയുജേ’
എന്ന വാക്യമാണ് ഏറ്റവും പ്രധാനം
വശീകരണ ചാതുരിയുള്ളപെണ്ണിന്റെ മധുരമായ ഉപദേശങ്ങള്‍ ഒരാളെ കൊണ്ട് എന്തെല്ലാം ചെയ്യിക്കുമോ അതെല്ലാം കലകളും (സിനിമയും) ഒരാളെക്കൊണ്ട് ചെയ്യിക്കുന്നു. (പഴയ കൃതികള്‍ പുരുഷനെ മാത്രമാണ് അഡ്രസ് ചെയ്യുന്നത് അത് മറ്റൊരു വിഷയമാണ്) ഹണി ട്രാപ്പില്‍ വീണുപോയ പുരുഷനെപ്പോലെ കലാസ്വാദനത്തില്‍ വീണുപോയ ആള്‍ വശംവദനാകുന്നു എന്ന് സാരം.
മറ്റൊരാളെ ഉപദ്രവിക്കുന്നത്, അപരന്റെ ചോര പൊടിയുന്നത്, തല്ലിനെയും കൊലപാതകങ്ങളെയും ആഘോഷമാക്കുന്നത്, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് സാധാരണ വല്‍ക്കരിക്കുന്നത്, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത്, അധ്യാപകരോടും രക്ഷിതാക്കളോടും മുതിര്‍ന്നവരോടും തട്ടിക്കയറുന്നതിന് ആഘോഷമാക്കുന്നത് ഈ വക കാര്യങ്ങള്‍ സിനിമകള്‍ ആഘോഷമാക്കുകയോ നോര്‍മലൈസ് ചെയ്യുകയോ ചെയ്തിട്ടുള്ളത് കുട്ടികളുടെ മനോഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അതിപ്പോള്‍ സിനിമാലോകം അംഗീകരിച്ചാലും നിരാകരിച്ചാലും സത്യമതാണ്.violence in students; movies are also influence children
Content Summary: violence in students; movies are also influence children