UPDATES

‘മകളെ കൊന്നവരാക്കിയില്ലേ ഞങ്ങളെ, ആ വേദനയോളം വരുമോ വധശിക്ഷ? ‘

കോവളത്തെ കൊലയ്ക്ക് പിന്നിലും വിഴിഞ്ഞം കൊലക്കേസ് പ്രതികള്‍, കൊല്ലപ്പെട്ട 14കാരിയുടെ അമ്മ സംസാരിക്കുന്നു

                       

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്ന പ്രതികള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍മുകളില്‍ ഒളിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. Vizhinjam santhakumari murder case

വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികള്‍ വീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തിയപ്പോഴാണ് മച്ചില്‍ നിന്നും രക്തം പുറത്തേക്കൊഴുകുന്നത് കണ്ടത്. റഫീക്കയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാനില്ലെന്നും കൊല്ലപ്പെട്ടത് അവരാണെന്നും സ്ഥിരീകരിച്ചത്. വാടക വീടൊഴിഞ്ഞ് പോയവര്‍ക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണം കോഴിക്കോടേക്കുള്ള ഇവരുടെ യാത്രക്കിടയില്‍ ഫലം കണ്ടു. ചോദ്യം ചെയ്യലില്‍ ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം മോഷ്ടിക്കാനായി വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. വീട് വാടകയ്ക്കെടുത്തതും മോഷണം ലക്ഷ്യമിട്ടായിരുന്നു. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. 2022 ജനുവരി 14ന് നടന്ന ഈ അരുംകൊലയ്ക്ക് പിന്നിലെ പ്രതികളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താനായതും രണ്ട് വര്‍ഷവും നാല് മാസവും പത്ത് ദിവസവും പിന്നിട്ട ദിവസം ശിക്ഷിക്കാനായതും പോലീസിന്റെയും പ്രോസിക്യൂഷന്റെയും മികവാണ്. കുറ്റക്കാര്‍ക്കെതിരെ അങ്ങേയറ്റം വരെ പോകാന്‍ തയ്യാറായ ശാന്തകുമാരിയുടെ ബന്ധുക്കളുടെ നിശ്ചയദാര്‍ഢ്യവും അതിന് പിന്നിലുണ്ട്.

vizhinjam santhakumari murder case
വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഫീക്ക ബീവിയും മകന്‍ ഷഫീക്കും

ഞങ്ങള്‍ തിന്ന വേദനയോളം വരുമോ?
എന്നാല്‍ ശാന്തകുമാരി കൊലക്കേസ് രണ്ട് നിരപരാധികളുടെ മേല്‍ ചാര്‍ത്തപ്പെട്ട കേസിന് കൂടിയാണ് വഴിത്തിരിവായത്. 2021 ജനുവരി 14ന് കോവളം ആഴാകുളത്ത് പതിനാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിലും പ്രതികള്‍ റഫീക്കയും ഷഫീക്കുമാണെന്നാണ് തെളിഞ്ഞത്. ശാന്തകുമാരി കൊലക്കേസിലെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമയാണ് പോലീസിന് അതിനുള്ള സൂചന നല്‍കിയതെന്നാണ് അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഒരിക്കല്‍ അമ്മയും മകനും തമ്മിലുണ്ടായ വഴക്കിന് മധ്യസ്ഥത വഹിക്കാന്‍ ചെന്നപ്പോള്‍ ‘നീയല്ലേടാ ഒരു പെങ്കൊച്ചിന്റെ ആയുസ്സിനെ കെടുപ്പിച്ചത്’ എന്ന് റഫീക്ക മകനോട് ചോദിക്കുന്നത് കേട്ടുവെന്നാണ് വീട്ടുടമ പോലീസിന് നല്‍കിയ മൊഴി. ഇതനുസരിച്ചുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രതികളുടെ വധശിക്ഷയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഈ കേസിനെക്കുറിച്ചും പരാമര്‍ശമുണ്ടെങ്കിലും ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ് എന്നാണ് പറയുന്നത്. ‘ശാരീരിക പ്രശ്നങ്ങള്‍ക്ക് പെണ്‍കുട്ടി മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം നടന്നിരുന്നുവെന്ന് തെളിഞ്ഞെങ്കിലും പ്രതി ആരെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.’ ഇങ്ങനെ പോകുന്നു ആ കേസിനെക്കുറിച്ചുള്ള ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍. എന്നാല്‍ 2021 ജനുവരി 14നും 2022 ജനുവരി 14നുമിടയില്‍ പോലീസിന്റെയും നാട്ടുകാരുടെയും മുന്നില്‍ മകളുടെ കൊലയാളികളായി ജീവിക്കേണ്ടി വന്ന ഒരു അച്ഛനുമമ്മയും ഇപ്പോഴും ആഴാകുളത്ത് ജീവിക്കുന്നുണ്ട്. ആ ഒരു വര്‍ഷക്കാലം തങ്ങള്‍ അനുഭവിച്ചത് നോക്കുമ്പോള്‍ ഇപ്പോള്‍ റഫീക്കയ്ക്കും മകനും ലഭിച്ചിരിക്കുന്ന വധശിക്ഷ ഒരു ശിക്ഷയേ അല്ലെന്ന് പതിനാലുകാരിയുടെ അമ്മ ഗീത അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.

കുറ്റം സമ്മതിക്കാന്‍ മൂന്നാംമുറ
അത് സത്യമാണെന്ന് അവര്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് കേട്ടാല്‍ മനസ്സിലാകും. കേസിന്റെ തുടക്കം മുതലേ കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെയായിരുന്നു പോലീസിന്റെ അന്വേഷണം. കുട്ടി മരിച്ചതിന്റെ തലേദിവസം ആ വീട്ടില്‍ ബഹളം നടന്നുവെന്ന് അന്ന് അയല്‍പക്കത്ത് താമസിച്ചിരുന്ന റഫീക്ക നല്‍കിയ മൊഴിയാണ് പോലീസ് കണക്കിലെടുത്തത്. കോവളം പോലീസ് നടത്തിയ അന്വേഷണം പരിധിവിട്ട് മൂന്നാംമുറയിലേക്കും നീങ്ങി. കുട്ടിയുടെ അച്ഛന്‍ ആനന്ദന്‍ ചെട്ടിയാരെയും ഗീതയെയും പലതവണ പോലീസ് ചോദ്യം ചെയ്തു. ആനന്ദന്‍ ചെട്ടിയാരുടെ ഉള്ളംകാലില്‍ ചൂരലുകൊണ്ട് അടിച്ചു. വിവസ്ത്രനാക്കി നഖങ്ങള്‍ക്കിടയില്‍ സൂചി കുത്തിയിറക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ബന്ധുവായ ചെറുപ്പക്കാരനെ പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതോടെ ക്യാന്‍സര്‍ രോഗിയായ ഈ അമ്മയും കൂലിപ്പണിക്കാരനായ ഈ അച്ഛനും കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ആ ഒരുവര്‍ഷക്കാലം മകളുടെ ഘാതകരെന്ന ലേബലില്‍ ജീവിക്കേണ്ടി വന്ന വേദനയിലായിരുന്നു അവര്‍. ഇപ്പോള്‍ സത്യമെല്ലാം നാട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കിലും ദത്തെടുത്ത് വളര്‍ത്തിയ മകള്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലല്ലോയെന്ന സങ്കടം അതിലധികവും.

2021 ജനുവരി 14ന് വൈകിട്ട് മൂന്നരയായപ്പോള്‍ ഗീത സൊസൈറ്റി കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോയി. സാധാരണ ആറ് മണി വരെ അവിടെയിരിക്കാറുള്ള അവര്‍ മകള്‍ ഒറ്റയ്ക്കായതിനാല്‍ ഒരു മണിക്കൂറിന് ശേഷം തിരികെയെത്തി. പെണ്‍കുട്ടി കുളിച്ച് വൃത്തിയായിരുന്ന് പഠിക്കുകയായിരുന്നു അപ്പോള്‍. എന്നാല്‍ ആറ് മണിയായപ്പോഴേക്കും പനിക്കുന്നുവെന്ന് പറഞ്ഞു. കുറച്ചുകാലം മുമ്പ് ഒരു ഈച്ച കടിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കാലില്‍ മന്ത് പോലെ വന്നിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഇരുപത് ദിവസം അഡ്മിറ്റായി. അതിന് ശേഷം രണ്ട് മൂന്നാഴ്ച കൂടുമ്പോള്‍ പനി വരാറുള്ളതിനാല്‍ സാധാരണ കൊടുക്കുന്ന മരുന്ന് കൊടുത്തെങ്കിലും രാവിലെയായിട്ടും കുറയാതിരുന്നതിനെ തുടര്‍ന്നാണ് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കുട്ടിക്കാലം മുതല്‍ കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി 120 കിലോയായിരുന്നു കുട്ടിയുടെ ഭാരം. അതിനാല്‍ 108 ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കൊറോണ കാലമായതിനാല്‍ കൊറോണ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റിരുന്നതായി കണ്ടെത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് മകള്‍ തങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ലെന്ന് ഗീത പറഞ്ഞു.

‘കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഞങ്ങള്‍ അടിച്ചുകൊന്നെന്ന് വാര്‍ത്ത വന്നു. ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയി ട്രിപ്പ് കൊടുത്ത അവള്‍ വീട്ടില്‍ മരിച്ചുകിടക്കുകയായിരുന്നു എന്നൊക്കെയായിരുന്നു വാര്‍ത്ത. അവള് പനിച്ചുകിടന്നപ്പോള്‍ കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയിരുന്നു. ഞാന്‍ വീട്ടിലെത്തി ആ കിടക്ക കത്തിച്ച് കളഞ്ഞത് അവളുടെ ശരീരം കൊണ്ടുവന്ന് കിടത്തുമ്പോള്‍ വൃത്തിയുണ്ടായിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അത് തെളിവ് നശിപ്പിക്കാനാണെന്നാണ് പോലീസ് പറഞ്ഞത്.’ വീട്ടില്‍ തലേന്ന് വഴക്കുണ്ടായെന്നും കുട്ടിയെ അടിക്കുന്നതിന്റെയും തള്ളിയിടുന്നതിന്റെയും ശബ്ദം കേട്ടുവെന്നും ഗീത കിടക്ക കത്തിച്ച് കളയുന്നത് കണ്ടെന്നും റഫീക്ക നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ ആനന്ദന്‍ ചെട്ടിയാരെ പോലീസ് കൊണ്ടുപോയി. വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പിന്നീട് വിട്ടയച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഇരുവരെയും വീട്ടുവേഷത്തില്‍ തന്നെ വീണ്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പെന്ന പേരില്‍ കുട്ടിക്ക് ദോശ വാങ്ങിക്കൊടുത്ത കടയിലും മറ്റും എത്തിച്ചതോടെ ആനന്ദനും ഗീതയുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലേക്ക് നാട്ടുകാരുമെത്തി.

കാന്‍സര്‍ ചികിത്സയ്ക്കുപോലും പോകാന്‍ പറ്റാതെ
ക്യാന്‍സര്‍ രോഗിയായ ഗീതയ്ക്ക് നിരന്തരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടേണ്ടതുണ്ട്. എന്നാല്‍ മകളുടെ ഘാതകരായി ചിത്രീകരിക്കപ്പെട്ടതോടെ ഇവര്‍ക്ക് വീടിന് പുറത്ത് പോലും ഇറങ്ങാനാകാത്ത അവസ്ഥയായി. ജനങ്ങള്‍ അത്രമാത്രം ഇവര്‍ക്കെതിരായിരുന്നു. ഇതിനിടെ റഫീക്കയും മകനും ഈ പ്രദേശത്തുനിന്നും താമസം മാറുകയും ചെയ്തു. അപ്പോഴും നിരന്തരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുകൊണ്ടിരുന്നു. തന്നെ പോലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചില്ലെങ്കിലും വിളിച്ച ഓരോ ചീത്തയും തന്റെ ഹൃദയത്തിലാണ് തറച്ചതെന്ന് ഗീത പറഞ്ഞു. ‘നീയും നിന്റെ ഭര്‍ത്താവും കൂടി മോളെ വിറ്റതല്ലേടീ എന്ന് ചോദിച്ചപ്പോള്‍ ഒരു കുഞ്ഞിനെ അമ്മ വില്‍ക്കുമോ സാറേ എന്ന് ഞാന്‍ കരഞ്ഞ് ചോദിച്ചു. അപ്പോള്‍ അതിന് അത് നിന്റെ മോളല്ലല്ലോടീ എന്നായിരുന്നു അവരുടെ ചോദ്യം. വിറ്റവര്‍ക്ക് വഴങ്ങാന്‍ കുഞ്ഞ് സമ്മതിക്കാത്തതുകൊണ്ട് അതിനെ അടിച്ച് കൊന്നതല്ലേയെന്നൊക്കെ ചോദിച്ചു. അടിക്കാനോങ്ങുകയും വിരലുകള്‍ മേശവലിപ്പിനുള്ളില്‍ വച്ചിട്ട് അടയ്ക്കാന്‍ പോകുന്നത് പോലെ കാണിച്ച് പേടിപ്പിക്കുകയുമൊക്കെ ചെയ്തു. നഖത്തിനുള്ളില്‍ കയറ്റുമെന്ന് പറഞ്ഞ് മൊട്ടുസൂചിയും എടുത്തു. രാവിലെ പത്ത് മണിക്ക് കൊണ്ടുപോയി നിര്‍ത്തിയിട്ട് വൈകിട്ട് നാല് മണി വരെ ഇത് തുടര്‍ന്നു. ഇതിനിടെ കമ്മിഷണറും സി.ഐയും എസ്.ഐയുമൊക്കെ വന്നുപോയി.

kovalam murdered girl's parents
ആനന്ദന്‍ ചെട്ടിയാരും ഗീതയും

ബന്ധുവിനെ പ്രതിയാക്കുമെന്ന് ഭീഷണി
പന്ത്രണ്ട് കൊല്ലം മക്കളില്ലാതെ ജീവിച്ചവരാണ് ഞങ്ങള്‍. വയസ്സായപ്പോഴാണ് ഒരു കുഞ്ഞിനെ ദത്തെടുത്തത്. ഈ പ്രായത്തില്‍ എന്തിനാണ് കുഞ്ഞിനെ ദത്തെടുത്തവരെന്ന് ചോദിച്ചവരുണ്ട്. ഞങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടമെങ്കിലുമുണ്ട്. ആരുമില്ലാത്ത പെണ്‍കുട്ടിക്ക് ഞങ്ങളുടെ കാലം കഴിയുമ്പോള്‍ ഒരു ജീവിതമുണ്ടാകുമല്ലോയെന്നാണ് ചന്തിച്ചത്. ഇതൊക്കെ പറഞ്ഞിട്ടും പോലീസുകാര്‍ വിശ്വസിച്ചില്ല. ഒടുവില്‍ എന്റെ സഹോദരന്റെ മകനായിരിക്കും കൊന്നതെന്നും അവനെയും പ്രതിചേര്‍ക്കാന്‍ പോകുകയാണെന്നും പറഞ്ഞപ്പോഴാണ് ഞാന്‍ കുറ്റം സമ്മതിച്ചത്. എന്റെ സഹോദരന്റെ മക്കളാരും അത്തരക്കാരല്ല. അവരെല്ലാം അവളെ സ്വന്തം അനിയത്തിയെ പോലെയാണ് കണ്ടിരുന്നത്. അവര്‍ പ്രതിചേര്‍ക്കാന്‍ ശ്രമിച്ച മോന് ഒരു കുഞ്ഞ് ജനിച്ചിട്ട് അധികം ദിവസം പോലുമായിരുന്നില്ല. അവനെയും ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും അനുവദിക്കാതെ കൊണ്ടുപോയി ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളാക്കിയപ്പോള്‍ അവന്റെ ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചാണ് എന്റെ മോള്‍ പഠിച്ചത്. അത്ര കാര്യമായിരുന്നു അവര്‍ക്കെല്ലാം അവളെ. അവനെ കുറ്റവാളിയാക്കാന്‍ ശ്രമിച്ചപ്പോള്‍ സാറിന് ഒരു കുറ്റവാളിയെയല്ലേ വേണ്ടത് ഞാനേറ്റോളാം എന്ന് പറഞ്ഞത്. ഞങ്ങളെപ്പോലെ ഗതിയില്ലാത്തവര്‍ക്ക് അതല്ലാതെ എന്താണ് ചെയ്യാനാകുക. അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ സ്വാധീനം ചെലുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കണമായിരുന്നു.’ ഗീത പറയുന്നു.

എന്തായാലും ഗീത കുറ്റം സമ്മതിച്ചതോടെ പോലീസ് അവരുടെ ബന്ധുക്കളെ പ്രതികളാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കുട്ടിയെ അടിച്ചതെന്ന് സംശയിച്ച് ആ വീട്ടിലുണ്ടായിരുന്ന തടിക്കഷണങ്ങളും പാത്രങ്ങളും അടുക്കളയില്‍ ഉപയോഗിക്കുന്ന കല്ലും വരെ പോലീസ് എടുത്തുകൊണ്ട് പോയി. ഗീതയുടെ വസ്ത്രങ്ങളും തെളിവിനായി അവര്‍ എടുത്തു. എന്നാല്‍ അതില്‍ നിന്നൊന്നും കുറ്റവാളികള്‍ ഇവരാണെന്ന് സ്ഥാപിക്കാന്‍ പോലീസിനായില്ല. എന്നാല്‍ അപ്പോഴേക്കും നാട്ടുകാര്‍ മൊത്തം ആനന്ദനെയും ഗീതയെയും കൊലയാളികളായി മനസ്സില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.

സല്‍മാന്‍ ഖാന്‍, ശ്രീറാം, 17കാരന്‍; ജീവന്റെ വില തിരിച്ചറിയാന്‍ തടസം പ്രിവിലേജോ?

നാട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ടതിനെക്കുറിച്ച് ആനന്ദന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ജനിച്ച് മൂന്നാം ദിനമാണ് അവളെ എനിക്ക് കിട്ടുന്നത്. ദത്തെടുത്തതാണെങ്കിലും പതിനാല് വര്‍ഷം വളര്‍ത്തിയ കുഞ്ഞിനെ ഞാന്‍ കൊന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവരും കാണും വിശ്വസിക്കാത്തവരും കാണും. ഞങ്ങളുടെ കാര്യത്തില്‍ വിശ്വസിച്ചവരായിരുന്നു കൂടുതല്‍. ആ ഒരു വര്‍ഷക്കാലം ഞങ്ങളുടെ വീട്ടുനടയില്‍ വരാന്‍ പോലും ആരും തയ്യാറായിരുന്നില്ല. അത്ര ഭീകരരാണ് ഞങ്ങളെന്നാണ് എല്ലാവരും കരുതിയത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ആളുകള്‍ കല്ലെറിഞ്ഞ് കൊല്ലുമോയെന്ന് പോലും ഭയന്നിരുന്നു. ഞങ്ങള്‍ ചെയ്യാതെ കുഞ്ഞ് എങ്ങനെ മരിച്ചുവെന്നാണ് എല്ലാവരും പരസ്പരം ചോദിച്ചുകൊണ്ടിരുന്നത്. റഫീക്ക തന്നെ അത് പറഞ്ഞുപരത്തുകയും ചെയ്തു. പേടിച്ച് അടുത്ത ബന്ധുക്കള്‍ പോലും മിണ്ടാതെയായി.’

പതിനാലുകാരിയും തന്റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഈ കുറ്റം സമ്മതിച്ചപ്പോള്‍ റഫീക്ക പോലീസിനോട് പറഞ്ഞത്. എന്നാല്‍ അത് തനിക്ക് വിശ്വസിക്കാനാകില്ലെന്ന് ഗീത മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ആ പയ്യന്‍ ഒരിക്കല്‍ പോലും വീട്ടില്‍ വന്നതായി തനിക്ക് അറിയില്ല. ‘അവന്‍ എന്റെ മോളെ കയറി പിടിക്കാന്‍ നോക്കിയപ്പോള്‍ അവള്‍ എതിര്‍ത്തുവെന്നും ഞങ്ങളോട് പറയുമെന്ന് പറഞ്ഞുവെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവന്‍ അത് റഫീക്കയോട് പറഞ്ഞപ്പോള്‍ അവള്‍ കൊച്ചിനെ പേടിപ്പെടുത്താന്‍ വേണ്ടി തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്.’ എന്നാണ് ഗീത ഈ ലേഖകനോട് പറഞ്ഞത്.

പാവപ്പെട്ടവര്‍ക്ക് നീതി കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്‌
മകളുടെ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടിയതോടെ ഗീതയ്ക്കും ആനന്ദനും നാട്ടില്‍ പഴയതുപോലെ ജീവിക്കാമെന്ന അവസ്ഥയിലായി. ഇപ്പോള്‍ ആശുപത്രിയില്‍ പോകാനും മറ്റും നാട്ടുകാരുടെയും സഹായങ്ങളൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍ ആ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ ശാരീരികമായും തകര്‍ത്ത ഇവരെ ചികിത്സയ്ക്കായി കോവളത്തുനിന്നും മെഡിക്കല്‍ കോളേജ് വരെ യാത്ര ചെയ്ത് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിച്ചു. ഇപ്പോള്‍ അവര്‍ക്ക് സങ്കടമില്ല, മനസ്സ് മരവിച്ച അവസ്ഥയാണ്. റഫീക്കയ്ക്കും മകനും വധശിക്ഷ ലഭിച്ചത് ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് ഗീത അറിഞ്ഞത്. മറ്റൊരു കുറ്റത്തിനാണെങ്കിലും ചെയ്ത തെറ്റിന് എന്തായാലും ശിക്ഷ ലഭിക്കുമെന്നാണ് ഗീതയ്ക്ക് അതിനെക്കുറിച്ച് പറയാനുള്ളത്. ഒപ്പം വധശിക്ഷ പോലും അവര്‍ക്ക് കുറഞ്ഞ ശിക്ഷയാണെന്നും. ശാന്തകുമാരിയുടെ മകന് പ്രതികള്‍ക്ക് ശിക്ഷ മേടിച്ച് കൊടുക്കാനുള്ള ശേഷിയുണ്ടായതിനാല്‍ അത് സാധിച്ചു. എന്നാല്‍ തങ്ങളെപ്പോലെ പാവപ്പെട്ടവര്‍ക്ക് എങ്ങനെയാണ് ഇവിടെ നീതി ലഭിക്കുകയെന്ന് ഈ അമ്മ ചോദിക്കുന്നു. അതോടൊപ്പം പ്രതികള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വധശിക്ഷയ്ക്ക് മനുഷ്യാവകാശത്തിന്റെ പേരില്‍ ഭാവിയില്‍ എന്തെങ്കിലും ഇളവ് ലഭിക്കുമോയെന്ന ആശങ്കയും അവര്‍ക്കുണ്ട്.

Content Summary; Vizhinjam santhakumari murder case death sentence mother and son, they also killed minor girl from kovalam

അരുൺ ടി വിജയൻ

അരുൺ ടി വിജയൻ

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ

More Posts

Share on

മറ്റുവാര്‍ത്തകള്‍