April 20, 2025 |
Share on

‘നിര്‍ണായക നിമിഷം’; പ്രതിരോധം ശക്തമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

യുഎസ്- റഷ്യ ഭീഷണി ചെറുക്കാനും യുക്രെയ്‌ന് പിന്തുണ ഉറപ്പാക്കാനുമാണ് പ്രതിരോധ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നത്

യൂറോപ്യന്‍ യൂണിയന്റെ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ബ്രസ്സല്‍സില്‍ നടന്ന അടിയന്തര ചര്‍ച്ചകളിലാണ് പ്രതിരോധ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ സമ്മതിച്ചത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് സൈനിക സഹായവും രഹസ്യാന്വേഷണ പങ്കുവയ്ക്കലും നിര്‍ത്തിവച്ചതിനുശേഷം, യുക്രെയ്നുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനായി 800 ബില്യണ്‍ യൂറോ(670 ബില്യണ്‍ പൗണ്ട്)യുടെ ഒരു പദ്ധതിയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ‘യൂറോപ്പിനും യുക്രെയ്നും ഒരു നിര്‍ണായക നിമിഷമാണ്’ ഇപ്പോള്‍ എന്നായിരുന്നു പ്രസിഡന്റ് യൂണിയനെ അറിയിച്ചത്. ഭൂഖണ്ഡത്തിന്റെ സുരക്ഷാ തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയാണ് ഈ നീക്കം അടയാളപ്പെടുത്തുന്നത്. യൂറോപ്പിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സൈനിക പിന്തുണയ്ക്കായി യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് സൈനിക പ്രതിരോധ ചെലവ് ഇത്രകണ്ട് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇ.യു ലക്ഷ്യമിട്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ശക്തിയിലൂടെ സമാധാനം’ കൈവരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, യൂറോപ്യന്‍ യൂണിയനുമായും അതിന്റെ അംഗരാജ്യങ്ങളുമായും സഹകരിച്ച് മാത്രമേ അത് സാധ്യമാകൂ എന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ചില മുന്‍വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നു കൂടി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യയ്‌ക്കെതിരേ നടത്തിയ പ്രതികരണത്തിനും ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ‘ഇന്ന് യൂറോപ്പില്‍ ഞാന്‍ കാണുന്ന ഒരേയൊരു സാമ്രാജ്യത്വ ശക്തി റഷ്യയാണ്’ എന്നായിരുന്നു മാക്രോണ്‍ വ്യാഴാഴ്ച രാത്രി മുന്നറിയിപ്പ് നല്‍കിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ നെപ്പോളിയന്‍ ബോണപാര്‍ട്ടിനോട് താരതമ്യം ചെയ്തുകൊണ്ട്, ‘ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന ഒരു സാമ്രാജ്യത്വവാദി’ എന്നാണ് മാക്രോണ്‍ വിശേഷിപ്പിച്ചത്. മോസ്‌കോ യൂറോപ്പ് നേരിടുന്ന അസ്തിത്വ ഭീഷണിയാണെന്ന് മാക്രോണ്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേ റഷ്യയില്‍ നിന്നുണ്ടായ പ്രതികരണങ്ങളോടും മാക്രോണ്‍ തിരിച്ചടിച്ചിരുന്നു. അവരുടെ കളി പുറത്തായതില്‍ ക്രെംലിന്‍ വളരെ പ്രകോപിതരാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. റഷ്യന്‍ ആക്രമണത്തിന് ‘അതിര്‍ത്തികളില്ല’ എന്ന തന്റെ മുന്നറിയിപ്പ് ശരിവയ്ക്കുന്ന രീതിയിലാണ് റഷ്യയുടെ പ്രതികരണം ഉണ്ടായതെന്നും താന്‍ പറഞ്ഞത് സത്യമാണെന്നും മാക്രോണ്‍ പറഞ്ഞു.

മാക്രോണ്‍ തങ്ങള്‍ക്കെതിരേ നടത്തിയ പ്രസ്താവനകളോട് റഷ്യ രൂക്ഷമായാണ് പ്രതികരിച്ചത്. ഫ്രാന്‍സും റഷ്യയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘തീവ്രവാദം’ എന്നായിരുന്നു മുതിര്‍ന്ന റഷ്യന്‍ രാഷ്ട്രീയക്കാരനായ കോണ്‍സ്റ്റാന്റിന്‍ കൊസാചേവ് കുറ്റപ്പെടുത്തിയത്. ഫ്രാന്‍സിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സി മെഷ്‌കോവും മാക്രോണിന്റെ പ്രസ്താവനകള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. ‘ഗുരുതരമായ ഒരു തന്ത്രപരമായ പ്രശ്‌നം’ ആണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നായിരുന്നു അംബാസഡറുടെ പ്രസ്താവന. കൂടാതെ, മോസ്‌കോയിലെ കണ്‍സേര്‍ട്ട് ഹാളില്‍ അടുത്തിടെ നടന്ന ആക്രമണത്തില്‍ ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാറ്റോയുടെ വിപുലീകരണ തന്ത്രങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകളിലും ആരോപണങ്ങളിലും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്ന്‍ വിഷയത്തില്‍ പൂര്‍ണ ഐക്യം രൂപപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റഷ്യ സൗഹൃദ നിലപാടിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട്, യുക്രെയ്‌നുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിട്ട പ്രസ്താവനയെ പിന്തുണയ്ക്കാന്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ വിസമ്മതിച്ചതാണ് യൂറോപ്യന്‍ യൂണിയന്റെ ഐക്യത്തിനു മേല്‍ വീണിരിക്കുന്ന സംശയം. യുക്രെയ്ന്‍ സംഘര്‍ഷം എങ്ങനെ പരിഹരിക്കാമെന്നതിനെച്ചൊല്ലി യൂറോപ്യന്‍ യൂണിയനുള്ളിലെ ഭിന്നതകളാണ് ഓര്‍ബന്റെ നിലപാട് വ്യക്തമാക്കുന്നത്. യുക്രെയ്‌നെ സൈനികമായി പിന്തുണയ്ക്കുന്നതില്‍ ഓര്‍ബന്‍ നിരന്തരം വിമുഖത കാണിക്കുന്നുണ്ട്. ഹംഗേറിയന്‍ പ്രധാനമന്ത്രിയുടെ നിലപാട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം ഓര്‍ബന്റെ സഖ്യകക്ഷിയും സ്ലൊവാക്യന്‍ പ്രധാനമന്ത്രിയുമായ റോബര്‍ട്ട് ഫിക്കോ ഉള്‍പ്പെടെ മറ്റ് 26 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പ്രസ്താവനയെ ‘ഉറച്ചു പിന്തുണച്ചിട്ടുണ്ട്’. ‘യുക്രെയ്‌നില്ലാതെ യുക്രെയ്‌നിനെക്കുറിച്ച് ഒരു ചര്‍ച്ചയും സാധ്യമല്ല’ എന്നാണ് യൂറോപ്പിനെയും കീവിനെയും മാറ്റിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമത്തിനുള്ള മറുപടിയായുള്ള പ്രസ്താവനയില്‍ പറയുന്നത്.

യുക്രെയ്‌ന്റെ കാര്യത്തില്‍ ഹംഗറി എടുത്തിട്ടുള്ള, വ്യത്യസ്തവും തന്ത്രപരവുമായ സമീപനം, 27 യൂണിയന്‍ അംഗങ്ങളില്‍ നിന്നും അവരെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയ്ക്ക് നന്ദിയറിച്ചുകൊണ്ട് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത്, ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്നതില്‍ ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ് എന്നായിരുന്നു. ആദ്യം വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കാമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹം നേരിട്ട് പങ്കെടുക്കുകയായിരുന്നു.European leaders

Leave a Reply

Your email address will not be published. Required fields are marked *

×