March 15, 2025 |
Share on

പശ്ചിമ ബംഗാള്‍; ബിജെപിക്ക് വീഴ്ത്താനാകാതെ ദീദി

അണഞ്ഞ കനലായി തന്നെ സിപിഎം

ബംഗാളിന്റെ ദീദി കുടുതല്‍ കരുത്തയായിരിക്കുന്നു. 42 ലോക്‌സഭ സീറ്റുകളില്‍ 30 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. സന്ദേശ്ഖാലി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മമതയെ മറിച്ചിടാമെന്ന് കരുതിയ ബിജെപിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. 11 സീറ്റുകളിലാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍, ഇക്കുറിയെങ്കിലും തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതിയ ഇടതുപക്ഷത്തിന് നിരാശ തന്നെ ഫലം. west bengal election result 2024 mamata banerjee’ s trinamool congress lead ahead bjp

2019 ല്‍ 22 സീറ്റുകളായിരുന്നു തൃണമൂലിന് ഉണ്ടായിരുന്നത്. ബിജെപിക്ക് 18 ഉം. ഇടതിനും കോണ്‍ഗ്രസിനും ഓരോ സീറ്റുകള്‍ വീതവും കിട്ടി. ഇത്തവണ സീറ്റുകള്‍ ഉയര്‍ത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. മോദി-ഷാ സഖ്യം അതിനുവേണ്ടി ഗ്രൗണ്ട് ലെവലില്‍ വരെ ഇറങ്ങി നല്ലരീതിയില്‍ പണിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മമതയുടെ രാഷ്ട്രീയത്തിനു മുന്നില്‍ എതിരാളികള്‍ക്ക് കളം വിടേണ്ടി വരുന്നതാണ് കാണുന്നത്.

ബിജെപിക്ക് തൃണമൂല്‍ നല്‍കുന്ന ഏറ്റവും വലിയ തിരിച്ചടികള്‍ കൃഷ്ണ നഗറിലെ മൊഹുമ മൊയ്ത്രയുടെ മുന്നേറ്റവും സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബസിര്‍ഹത്തിലെ ശക്തമായ ലീഡുമാണ്. കൃഷ്ണ നഗറില്‍ 45,340 വോട്ടുകളുടെ ലീഡുമായാണ് മൊഹുവ മുന്നിട്ട് നില്‍ക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണമുയര്‍ത്തി പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ നേതാവാണ് മൊഹുവ. നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിതാന്ത വിമര്‍ശകയായ മൊഹുവയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയത് ബിജെപി വലിയ വിജയമായി ആഘോഷിച്ചിരുന്നു. എന്നാല്‍, മൊഹുവയെ വീണ്ടും പാര്‍ലമെന്റില്‍ നേരിടേണ്ട അവസ്ഥയാണ് എതിരാളികള്‍ക്ക് വന്നിരിക്കുന്നത്. ബിജെപിയുടെ അമൃത റോയി ആണ് ഇവിടെ എതിരാളി. ബംഗാളിനെ ഇളക്കി മറിക്കാന്‍ ബിജെപി ഉപയോഗിച്ച സംഭവമാണ് സന്ദേശ് ഖാലിയല്‍ തൃണമൂല്‍ നേതാക്കന്മാര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക ചൂഷണ പരാതി. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് വരെ സംഭവത്തില്‍ ഇടപെട്ട് തൃണമൂലിനെതിരേ ജനരോഷം സൃഷ്ടിക്കാന്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൃണമൂലിന്റെ നുസ്‌റുള്‍ ഇസ്ലാം ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് 193781 വോട്ടുകളുമായി മുന്നിട്ട് നില്‍ക്കുകയാണ്. രേഖ പത്രയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

തൃണമൂലിനെ സന്തോഷിപ്പിക്കുന്ന മറ്റൊരു നേട്ടം ബഹറംപൂര്‍ മണ്ഡലത്തില്‍ നിന്നാണ്. കഴിഞ്ഞ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ പിന്നിലാക്കി മുന്നേറുകയാണ് തൃണമൂലിന്റെ പുതിയ പരീക്ഷണവും ഇന്ത്യന്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്ററുമായിരുന്ന യൂസഫ് പഠാന്‍. 23148 വോട്ടുകള്‍ക്കാണ് പഠാന്‍ മുന്നിട്ട് നില്‍ക്കുന്നത്.

 

 

Content Summary;  west bengal election result 2024 mamata banerjee’ s trinamool congress lead ahead bjp

×