പ്രതിപക്ഷം ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളുടെ ധനസഹായം നിർത്തിവച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ വിസമ്മതിച്ചതോടെയാണ് സർക്കാർ ധനസഹായം നിർത്തിയത്. ഡൽഹിക്ക് 330 കോടിയും പഞ്ചാബ് 515 കോടിയും പശ്ചിമ ബംഗാളിന് 1000 കോടി രൂപയും ലഭിക്കാനുണ്ട്. 2023-24ലെ മൂന്നും നാലും പാദങ്ങളിലെയും 2024-25ലെ ആദ്യ പാദത്തിലെയും സമഗ്ര ശിക്ഷാ ഫണ്ട് ആണ് തടഞ്ഞുവച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, പരിപാടിയുടെ ഭാഗമായ പിഎം ശ്രി (പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) നടപ്പിലാക്കാതെ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ ഫണ്ട് സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ
സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ. നിലവിലുള്ള പ്രാഥമിക, ദ്വിതീയ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിഎം ശ്രീ) പ്രകാരം, ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കഴിഞ്ഞ അധ്യാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ നടത്തുന്ന സീനിയർ സെക്കൻഡറി സ്കൂളുകളും ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
നിലവിൽ പിഎം ശ്രി ഡാഷ്‌ബോർഡ് ഓൺലൈനിൽ നിലവിൽ 10,077 സ്‌കൂളുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, അതിൽ 839 കേന്ദ്രീയ വിദ്യാലയങ്ങളും 599 നവോദയ വിദ്യാലയങ്ങളും കേന്ദ്രം നടത്തുന്നവയാണ്. ബാക്കിയുള്ള 8,639 സ്കൂളുകൾ സംസ്ഥാന സർക്കാരുകളോ പ്രാദേശിക സർക്കാരുകളോ ആണ് നടത്തുന്നത്. 2026-27 വരെയുള്ള അഞ്ച് വർഷത്തേക്ക് 27,360 കോടി രൂപയുടെ മൊത്തം പദ്ധതിച്ചെലവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു, അതിൽ 18,128 കോടി രൂപ കേന്ദ്രം വഹിക്കും. അഞ്ച് വർഷത്തെ കാലയളവ് അവസാനിക്കുമ്പോൾ, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (UTs) ഈ സ്കൂളുകൾ നേടിയ മാനദണ്ഡങ്ങൾ നിലനിർത്തുന്നത് തുടരണം. 2023-24ൽ 6,207 പിഎം ശ്രി സ്‌കൂളുകൾക്കായി 3,395.16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിൽ കേന്ദ്രത്തിൻ്റെ വിഹിതം 2,520.46 കോടി രൂപയും സംസ്ഥാനങ്ങളുടേത് 874.70 കോടി രൂപയാണെന്നും ഫെബ്രുവരിയിൽ സർക്കാർ ലോക്‌സഭയിൽ കണക്ക് അവതിപ്പിച്ചിരുന്നു.
സ്കൂളുകളുടെ തെരഞ്ഞെടുപ്പ്
യുപിയിലാണ് ഏറ്റവും കൂടുതൽ പിഎം ശ്രി സ്‌കൂളുകളുള്ളത് (1,865) തൊട്ടുപിന്നാലെ മഹാരാഷ്ട്ര (910), ആന്ധ്രാപ്രദേശ് (900) എന്നിവിടങ്ങളിലാണ്. ബിജെപി ഇതര സംസ്ഥാനങ്ങളായ പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലും കഴിഞ്ഞ മാസം ബിജെപി സർക്കാർ അധികാരത്തിൽ വന്ന ഒഡീഷയിലും സംസ്ഥാനമോ പ്രാദേശിക സർക്കാരോ നടത്തുന്ന സ്‌കൂളുകളൊന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. “ചലഞ്ച് മോഡ്” വഴിയാണ് പിഎം ശ്രി സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നത്. ചില മിനിമം മാനദണ്ഡങ്ങൾ പാലിക്കുന്ന സ്‌കൂളുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കേടുപാടുകളില്ലത്ത സ്കൂൾ കെട്ടിടം, തടസ്സങ്ങളില്ലാത്ത പ്രവേശന റാമ്പുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞത് ഒരു ടോയ്‌ലറ്റ് വീതമെങ്കിലും ഉൾപ്പെടെയാണ് മിനിമം മാനദണ്ഡങ്ങൾ.
ഇൻഫ്രാസ്ട്രക്ചർ, ടീച്ചിംഗ് സ്റ്റാഫ്, പഠന ഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയാണ് ഇത് വിലയിരുത്തപ്പെടുന്നത്. നഗരപ്രദേശങ്ങളിലെ സ്കൂളുകൾ കുറഞ്ഞത് 70% സ്കോർ നേടിയിരിക്കണം; ഗ്രാമീണ മേഖലയിലുള്ളവ 60% നേടിയാൽ മതിയാകും. സംസ്ഥാനങ്ങൾ ശുപാർശ ചെയ്യുന്ന സ്കൂളുകളുടെ ഒരു ലിസ്റ്റ് മന്ത്രാലയത്തിന് അയക്കേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കുക. രണ്ട് സ്‌കൂളുകൾ വരെ, അതായത് ഒരു എലിമെൻ്ററി സ്‌കൂളും സെക്കൻഡറി/ സീനിയർ സെക്കൻഡറി സ്‌കൂളും ഓരോ ബ്ലോക്ക്/അർബൻ ലോക്കൽ ബോഡിയിലും പദ്ധതിക്കയി തെരഞ്ഞെടുക്കാം.
സംസ്ഥാനം, യുടി, അല്ലെങ്കിൽ കേന്ദ്രീയ വിദ്യാലയ സംഗതൻ/ നവോദയ വിദ്യാലയ സമിതി, വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രം (എംഒയു) ഒപ്പിടേണ്ടതുണ്ട്. തിരഞ്ഞെടുത്ത സ്കൂളിൻ്റെ പേരിന് പിഎം ശ്രി എന്ന പ്രിഫിക്‌സും നൽകണം. പദ്ധതി നടപ്പാക്കി രണ്ട് വർഷത്തിനുള്ളിൽ എല്ലാ ഗ്രേഡുകളിലും കൊഴിഞ്ഞുപോക്ക് പൂജ്യം ശതമാനമാണെന്ന് ഉറപ്പാക്കാണ്ടെതുണ്ട്. വിദ്യാർത്ഥി-അധ്യാപക അനുപാതത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കണം. ഒപ്പം തന്നെ ആക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ളതും കായികാധിഷ്ഠിതവും കലയെ അടിസ്ഥാനമാക്കിയുള്ളതുമായ “നൂതന പെഡഗോഗി” നടപ്പിലാക്കുകയും വേണം. ഇവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സമഗ്ര ശിക്ഷ പഠനം സ്കൂളുകൾ ഉറപ്പു വരുത്തണം.
നിലവിലുള്ള സമഗ്ര ശിക്ഷാ സജ്ജീകരണം ഉപയോഗിച്ച് ഓരോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ പ്രധാനമന്ത്രി ശ്രീ സ്കീം നടപ്പിലാക്കും. പ്രീ-സ്കൂൾ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഉൾക്കൊള്ളുന്ന സമഗ്രമായ പദ്ധതിയാണ് സർക്കാർ സമഗ്ര ശിക്ഷയെ വിളിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അതേ അവസരങ്ങൾ ലഭിക്കുകയും ന്യായമായ പഠന ഫലങ്ങൾ നൽകുകയുമാണ് ലക്ഷ്യം. 2018-19 ലെ കേന്ദ്ര ബജറ്റാണ് സമഗ്ര ശിക്ഷ, ആദ്യ സർവ ശിക്ഷാ അഭിയാൻ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർഎംഎസ്എ), അധ്യാപക വിദ്യാഭ്യാസം (ടിഇ) പദ്ധതികൾ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നത്. 11 വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ ഒഴികെ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 അനുപാതത്തിലാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ചെലവിൻ്റെ 10% മാത്രം ഇവർ വഹിക്കണം.
എന്തുകൊണ്ടാണ് സംസ്ഥാനങ്ങൾ പദ്ധതി നടപ്പിലാക്കൻ വിസമ്മതിച്ചത്.
ഡൽഹിയും പഞ്ചാബുമാണ് ആദ്യം മുതൽ തന്നെ പദ്ധതിക്കെതിരെ രംഗത്ത് വന്നത്. ഈ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി സർക്കാരുകൾ യഥാക്രമം “സ്‌കൂളുകൾ ഓഫ് സ്‌പെഷ്യലൈസ്ഡ് എക്‌സലൻസ്”, “സ്‌കൂൾ ഓഫ് എമിനൻസ്” എന്നീ പേരുകളിൽ സ്‌കൂളുകൾക്കായി പിഎം ശ്രിക്ക് സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. നേരത്തെ പദ്ധതിയിൽ അംഗമാകാൻ പഞ്ചാബ് തീരുമാനിച്ചിരുന്നു. 2022 ഒക്ടോബറിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് പഞ്ചാബ് ഏകപക്ഷീയമായി ഒഴിവാകുകയായിരുന്നു.
പിഎം ശ്രി എന്ന് പ്രിഫിക്‌സ് ചേർക്കണമെന്ന ആവശ്യത്തെയാണ് പശ്ചിമ ബംഗാൾ എതിർത്തത്. നിലവിൽ തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ ആദ്യം എതിർത്തെങ്കിലും ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയിൽ കേരളവും ഈ പദ്ധതിയുടെ ഭാഗമാകുകയാണ്. തമിഴ്നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
എന്തുകൊണ്ടാണ് പദ്ധതിയെ ചൊല്ലി ആശങ്കകൾ നിലനിൽകുന്നത്.
പദ്ധതിയിലൂടെ കേന്ദ്രസർക്കാരിന്റെ നയങ്ങൾ എളുപ്പത്തിൽ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ കഴിയുമെന്ന ആരോപണമാണ് ആദ്യം ഉയർന്നുവന്നത്. ഈ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്തുന്നതോടെ സംസ്ഥാനങ്ങൾക്കുള്ള അധികാരവും, വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കാനുള്ള അവകാശവും പരിമിതപ്പെടുമെന്ന് ആശങ്ക ഉന്നയിക്കപ്പെട്ടിരുന്നു. അതായത് പാഠ്യ പദ്ധതി ഉൾപ്പെടയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിന്റെ കയ്യിലാവും. ഇത് വഴി നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിലൂടെയുളള ഹിന്ദുത്വ വൽക്കരണം ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന വാദവും ഉയർന്ന് കേട്ടിരുന്നു. പിഎം ഗതിശക്തി പോർട്ടലിൽ ആധുനിക സ്‌കൂളുകൾ സ്ഥാപിക്കാനായി തരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ പേരുകളും മറ്റും നൽകിയിരുന്നു. ഇവ പ്രധാനമായും ബിജെപിയോ സഖ്യ കക്ഷികളോ ഭരിക്കുന്ന സംസ്ഥാങ്ങളിൽ നിന്നാണെന്നും ആക്ഷേപം ഉണ്ടായിരുന്നു.
Content summary; What is PM SHRI, the ‘showcase’ schools scheme that Centre is pushing in states?