December 13, 2024 |

ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയോടുള്ള ഇസ്രയേലിന്റെ വിദ്വേഷം ലോകത്തെ ആശങ്കപ്പെടുത്തുന്നതെന്തുകൊണ്ട് ?

യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ നടത്തിയ കൊണ്ടുപിടിച്ച നീക്കമാണ് ഇപ്പോള്‍ ഇവിടെവരെ എത്തിയിരിക്കുന്നത്.

2017 ജൂണില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ കാബിനറ്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ‘ഇത് UNRWA യെ പൊളിച്ചെഴുതേണ്ട സമയമാണ്.” ചില അംഗങ്ങള്‍ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം വിലക്കിയത്. യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ നടത്തിയ കൊണ്ടുപിടിച്ച നീക്കമാണ് ഇപ്പോള്‍ ഇവിടെവരെ എത്തിയിരിക്കുന്നത്. Why Israel’s hatred towards UN’s Palestine refugee agency is worrying for world

നിയമനിര്‍മ്മാണ നീക്കം

അധിനിവേശ ഗാസയിലെ യുഎന്‍ആര്‍ഡബ്ല്യുഎ നിരോധിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ അടുത്തിടെയുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ തീരുമാനിച്ചിരുന്നു. ഇസ്രായേല്‍ ഔര്‍ ഹോം പാര്‍ട്ടി അംഗമായ യൂലിയ മാലിനോവ്‌സ്‌കി അവതരിപ്പിച്ച ബില്ലിന് ആറുപേര്‍ എതിര്‍ത്തപ്പോള്‍ 42 നെസെറ്റ് അംഗങ്ങള്‍ പിന്തുണച്ചു. ഈ നിയമങ്ങള്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഏജന്‍സിയുടെ പ്രവര്‍ത്തനം ഉടനടി അവസാനിപ്പിക്കുന്നില്ലെങ്കിലും, അത് അതിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് നിയമനിര്‍മ്മാണം വേരൂന്നിയിരിക്കുന്നത്, പ്രത്യേകിച്ച് ഒക്ടോബര്‍ 7 ന് 1,200 ഇസ്രായേലികളുടെ ജീവന്‍ അപഹരിച്ച ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ചില യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാര്‍ ഇതില്‍ പങ്കാളികളാണെന്ന ആരോപണവും ഇസ്രായേല്‍ ഉന്നയിക്കുന്നു.

പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരവസ്ഥ ശാശ്വതമാക്കുന്നതിന് UNRWA യെ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പണ്ടേ വിമര്‍ശിച്ചിരുന്നു. ഇസ്രായേല്‍ രൂപീകരണ സമയത്ത് കുടിയിറക്കപ്പെട്ടവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി 1949-ല്‍ സ്ഥാപിതമായ ഏജന്‍സി, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. സമാധാനത്തിനുള്ള സാധ്യതകളെ തുരങ്കംവയ്ക്കുന്ന പലസ്തീനികള്‍ക്കിടയില്‍ ഇത് ഇരകളുടെ ആഖ്യാനം നിലനിര്‍ത്തുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

UNRWA യുടെ പങ്കും സ്വാധീനവും

ദശലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിയന്തര സഹായം തുടങ്ങിയ അവശ്യസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നീ അഞ്ച് മേഖലകളിലാണ് യുഎന്‍ആര്‍ഡബ്ല്യുഎ പ്രവര്‍ത്തിക്കുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായ ഗാസയില്‍ ഇത് പലര്‍ക്കും ഒരു ജീവനാഡിയാണ്. സംഘര്‍ഷവും ഉപരോധവും നിലനില്‍ക്കുന്നതിനാല്‍, സഹായം എത്തിക്കുന്നതിലും സ്ഥിരത നിലനിര്‍ത്തുന്നതിലും UNRWA നിര്‍ണായക പങ്ക് വഹിക്കുന്നു.

ഏകദേശം 5,00,000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സേവനങ്ങളും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന ഏജന്‍സി ഏകദേശം 30,000 ആളുകള്‍ക്ക് തൊഴിലും നല്‍കുന്നു. അതിന്റെ പൊളിച്ചെഴുത്ത് അവശേഷിക്കുന്ന ശൂന്യത ഇനി ആരാണ് നികത്തുകയെന്ന ഗുരുതരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി സൂചിപ്പിച്ചതുപോലെ, നിയമനിര്‍മ്മാണം പലസ്തീനികളുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നത് തീര്‍ച്ചയാണ്, പ്രത്യേകിച്ച് സ്ഥിതിഗതികള്‍ ഇതിനകം തന്നെ വഷളായിരിക്കുന്ന ഗാസയില്‍.

രാഷ്ട്രീയ പ്രേരണകളും പൊതുവികാരവും

UNRWA യുടെ നിരോധനത്തിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. പലസ്തീന്‍ പോരാട്ടത്തിന്റെ പ്രതീകമായും സമാധാനത്തിനുള്ള തടസ്സമായുമാണ് യുഎന്‍ ഏജന്‍സിയെ പല ഇസ്രയേലി രാഷ്ട്രീയക്കാരും നിരീക്ഷിക്കുന്നത്, പ്രത്യേകിച്ച് നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിനുള്ളില്‍.

ഏജന്‍സിയും അതിന്റെ ജീവനക്കാരും ഇസ്രയേലിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അത് തെളിയിക്കപ്പെട്ടതിനാലാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നുമാണ് നെസെറ്റ് അംഗം ബോവാസ് ബിസ്മുത്ത് വ്യക്തമാക്കിയത്. അഭയാര്‍ത്ഥി അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളേക്കാള്‍ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ യു.എന്‍.ആര്‍.ഡബ്ല്യു.എയ്ക്കെതിരെ ഇസ്രയേല്‍ പാര്‍ലമെന്റ് നടത്തിയ നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കുമെന്ന് തന്നെയാണ് പല നിരീക്ഷകരും വിശ്വസിക്കുന്നത്. പലസ്തീനികള്‍ക്ക് ഒരു തിരിച്ചുവരവ് വിദൂരമാണെങ്കിലും, നിലവില്‍ സംഘര്‍ഷം ബാധിച്ചവരുടെ അടിയന്തര ആവശ്യങ്ങള്‍ അവഗണിക്കരുതെന്ന് തന്നെയാണ് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞനായ ആരോണ്‍ ഡേവിഡ് മില്ലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചരിത്രപരമായ സന്ദര്‍ഭം

UNRWA യുടെ ചരിത്രത്തിന് ഇസ്രയേല്‍ രാഷ്ട്രത്തിന്റെ രൂപീകരണം മുതല്‍ക്കേ അഭേദ്യമായ ബന്ധമാണുള്ളത്. 1948 ലെ ഇസ്രയേലിന്റെ സൃഷ്ടിയ്ക്കൊപ്പമുള്ള യുദ്ധത്തില്‍ നിരവധി പലസ്തീനികള്‍ക്ക് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതേ കാലയളവില്‍ തന്നെയാണ് അഭയാര്‍ത്ഥികളുടെ അടിയന്തര മാനുഷിക ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിനായി ഏജന്‍സി സ്ഥാപിതമായത്. ഏഴ് പതിറ്റാണ്ടിലേറെയായി അവര്‍ തങ്ങളുടെ
ദൗത്യം തുടരുകയാണ്. അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു തടസ്സമായി ഇസ്രായേല്‍ ഏജന്‍സിയെ കാണുമ്പോള്‍, പലസ്തീനികള്‍ അതിനെ തങ്ങളുടെ ദുരവസ്ഥയ്ക്ക് ആശ്വാസമാകുന്ന അഭയകേന്ദ്രമായാണ് കരുതുന്നത്. യുഎന്‍ആര്‍ഡബ്ല്യുഎയുടെ വിമര്‍ശകര്‍ അതിനെ ഇസ്രയേല്‍ വിരുദ്ധതയുടെ പ്രതീകമായാണ് ചിത്രീകരിക്കാറ്. സമാന്തരമായി സംഘര്‍ഷഭരിതമായ പ്രദേശത്തെ നിഷ്പക്ഷതയുടെ പ്രതീകമായും അവര്‍ നിലകൊള്ളുന്നു.

നിരോധനത്തിന്റെ അനന്തരഫലങ്ങള്‍

നെസെറ്റിന്റെ പുതിയ തീരുമാനം സൃഷ്ടിക്കുന്ന അനന്തരഫലങ്ങള്‍ ഏറെ ഭീകരമാണ്. UNRWA ഇല്ലെങ്കില്‍, ദശലക്ഷക്കണക്കിന് പലസ്തീനികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. ആതിഥേയരായ പല രാജ്യങ്ങള്‍ക്കും നേരിട്ട് നല്‍കാന്‍ കഴിയാത്ത, നല്കാന്‍ തയ്യാറാകാത്ത, അവശ്യ സേവനങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രദാനം ചെയ്തുകൊണ്ട് ഒരു സമാന്തര ഗവണ്‍മെന്റായാണ് ദുരന്തമുഖത്ത് ഏജന്‍സി ഒരു ജീവനാഡിയായി പ്രവര്‍ത്തിക്കുന്നത്.
ആയതിനാല്‍ അതിന്റെ അഭാവത്തോടെ, ഇനി ആ സേവനങ്ങളുടെ ഭാരം പൂര്‍ണ്ണമായും വഹിക്കേണ്ടത് ഇസ്രായേല്‍ ഭരണകൂടം തന്നെയാണ്

യുഎന്‍ആര്‍ഡബ്ല്യുഎയുടെ നിരോധനം ഉണ്ടാക്കുന്ന വിടവ് നികത്താന്‍ ഇസ്രായേലിന് കഴിയുമെന്നാണ് നിരോധനത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. സേവനങ്ങള്‍ തുടരുമെന്നും ഇനിയും മെച്ചപ്പെടുമെന്നും ബിസ്മുത്ത് ആത്മവിശ്വാസത്തിലാണ്. എന്നാല്‍ തലമുറകളായി യുഎന്‍ആര്‍ഡബ്ല്യുഎയെ ആശ്രയിക്കുന്ന ഒരു ജനതയുടെ ആവശ്യങ്ങള്‍ വേണ്ടത്ര പരിഹരിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് കഴിയുമോ എന്ന കാര്യം സംശയമാണ്. അധിനിവേശ ശക്തി എന്ന നിലയില്‍ പലസ്തീനികളുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ വഹിക്കുന്നുണ്ടെന്നും ഈ കടമ അവഗണിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മനുഷ്യാവകാശ അഭിഭാഷകനായ ക്രിസ് സിഡോട്ടി മുന്നറിയിപ്പ് നല്‍കുന്നു.

മാനുഷിക വീക്ഷണം

പലസ്തീനി ജനതയ്ക്ക്, യു.എന്‍.ആര്‍.ഡബ്ല്യു.എ നഷ്ടപ്പെടുമോ എന്ന ഭയം സ്പഷ്ടമാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലുടനീളമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യര്‍ ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി യു എന്‍ ഏജന്‍സിയെയാണ് ആശ്രയിക്കുന്നത്. യു.എന്‍.ആര്‍.ഡബ്ല്യു.എ എന്ന ഏജന്‍സിയുടെ ശോഷണത്തിലൂടെയുണ്ടാകുന്ന സേവനങ്ങളുടെ നഷ്ടം അവരുടെ മാനുഷിക പ്രതിസന്ധിയെ ആഴത്തിലാക്കുക മാത്രമല്ല, ഇതിനോടകം, അസ്ഥിരമായ ഒരു പ്രദേശത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും.

ഇതില്‍ കൂടുതല്‍ എന്താണ് അവര്‍ക്ക് ഞങ്ങളില്‍ നിന്ന് എടുക്കാന്‍ സാധിക്കുക? ദേര്‍ അല്‍-ബാലയിലെ താമസക്കാരിയായ ഗാലിയ അബ്ദുള്‍ അബു അമ്ര ഉള്‍പ്പെടെ പലരും ചോദിക്കുന്ന ചോദ്യമാണിത്. പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുന്നതോടെ UNRWA-യുടെ ഭാവി അനിശ്ചിതത്വത്തിലാകും, ഏജന്‍സി അവരുടെ നിസ്വാര്‍ത്ഥ സേവനം ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്റെ സുഗമമായ പ്രവര്‍ത്തനം നിലവിലെ സാഹചര്യത്തില്‍ സാധ്യമാകുമോ എന്നത് സംശയമാണ്.

അടിയന്തര ഇടപെടല്‍ ആവശ്യമാണ്

ഒരു രാജ്യത്തിന്റെ സുരക്ഷാ ആശങ്കകള്‍ പലപ്പോഴും മാനുഷിക പരിഗണനകളെയും മറികടക്കുന്നു എന്നതിന്റെ തെളിവാണ് യുഎന്‍ആര്‍ഡബ്ല്യുഎ നിരോധിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റാമിന്റെ ഇത്തരം നടപടികള്‍ സുരക്ഷിതത്വത്തിനും രാഷ്ട്രീയ സ്ഥിരതയിലും കേന്ദ്രീകൃതമാണെങ്കിലും അതുണ്ടാക്കുന്ന ആഘാതം പലസ്തീനികള്‍ക്കും, എന്തിനേറെ ഇസ്രയേലിന് തന്നെയും വളരെ വലുതായിരിക്കും.

ഉപരോധത്തിലും യുദ്ധത്തിലും തളര്‍ന്ന പലസ്തീനില്‍ യുഎന്‍ആര്‍ഡബ്ല്യുഎ പോലുള്ള ഒരു നിര്‍ണായക ഏജന്‍സിയെ നിരോധിച്ചുകൊണ്ടുള്ള ഇസ്രായേല്‍ നടപടി ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലെമിലെയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയും, പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കി അസ്ഥിരാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഒരു പ്രായോഗിക പരിഹാരത്തിനായി ചേരുന്ന ചര്‍ച്ചയില്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും മാനുഷികവും നിയമാനുസൃതവുമായ ആവശ്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. യു.എന്‍ ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഇല്ലായ്മ ചെയ്യാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ ചോദ്യചിഹ്നത്തിലാകുന്നത് പതിറ്റാണ്ടുകളായി ഉപരോധവും യുദ്ധവും മൂലം ജീവിതം അസഹ്യമായ ദശലക്ഷക്കണക്കിന് പലസ്തീനികളുടെ ഭാവി കൂടിയാണ്. Why Israel’s hatred towards UN’s Palestine refugee agency is worrying for world

 

content summary; Why Israel’s hatred towards UN’s Palestine refugee agency is worrying for world

×