ലോകമെമ്പാടുമുള്ള തപാല്‍ സേവനങ്ങളെ ആദരിക്കുന്ന ദിവസമാണിന്ന്, ഒക്ടോബര്‍ 09- ലോക തപാല്‍ ദിനം. വാണിജ്യം, അവശ്യ സേവനങ്ങള്‍ എന്നിവ സുഗമമാക്കുന്നതില്‍ തപാല്‍ ഓഫീസുകളുടെയും തപാല്‍ ജീവനക്കാരുടേയും പങ്ക് അംഗീകരിക്കുന്നതിനുള്ള ദിവസം. ഡിജിറ്റല്‍ യുഗത്തില്‍ തപാല്‍ സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളെ അഭിനന്ദിക്കാനുള്ള അവസരം കൂടിയാണിത്.
സ്വിറ്റ്‌സ്വര്‍ലണ്ടിന്റെ തലസ്ഥാനമായ ബേണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ (UPU) 150ാം വാര്‍ഷികം ആഘോഷിക്കുന്ന 2024 ലെ ഈ ലോക തപാല്‍ ദിനത്തില്‍
‘രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ആശയവിനിമയം സാധ്യമാക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്ത 150 വര്‍ഷം’ എന്ന തീം സംഘടനയിലെ അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നു.
ഞാനിതാ തിരിച്ചെത്തി മത്സഖി
പോയ് പോയൊരെന്‍
ഗാന സാമ്രാജ്യത്തിന്റെ ഭിക്ഷക്കായി ….
വീണ്ടുമെന്‍ നാദത്തില്‍
വീണ്ടെടുക്കുവാനെനിയ്ക്കാശയില്ലെന്നാകിലും
ഞാനൊരു പരദേശിയായിട്ടീ സ്വര്‍ഗ്ഗത്തിന്റെ
കോണിലൊരയാലിന്‍ ഛായയില്‍ ശയിച്ചോട്ടേ.
-പി.ഭാസ്‌കരന്‍.
വിലാസക്കാരനില്ല. അയച്ച പോസ്റ്റ് കാര്‍ഡ് തിരിച്ചെത്തി. ഒരു സാധാരണ കാര്യം. പക്ഷെ ഈ കാര്‍ഡ് മടങ്ങാന്‍ സമയമെടുത്തു. കുറച്ച് സമയം. എന്ന് വെച്ചാല്‍ 39 കൊല്ലം.!
എഴുപത്തിനാല് കൊല്ലം മുമ്പ് ആണ് സംഭവം. കൊല്ലത്തു നിന്ന് 1950 നവംബര്‍ 23 ന് അയച്ച ഒരു തപാല്‍ പോസ്റ്റ് കാര്‍ഡ് ആണ് ഇതിലെ കഥാപാത്രം.
കൊല്ലത്ത് ബീച്ച് റോഡില്‍ കയര്‍ വ്യാപാരിയായ സി.എം. അബ്ദുള്‍ റസാഖ് മഹാരാഷ്ട്രയില്‍, ഔറംഗബാദിലെ വ്യാപാരിയായ ഹാജി ദാദ ഹാജി മൂസക്ക് വ്യാപാരസംബന്ധമായ വിവരങ്ങള്‍ തിരക്കി ഒരു പോസ്റ്റുകാര്‍ഡ് വിടുന്നു. സാധാരണ ഗതിയില്‍ ഒരാഴ്ച കൊണ്ട് വിലാസക്കാരന് കിട്ടേണ്ടതാണ്.
കാര്‍ഡ് ഔറഗാബാദിലെ പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റല്‍ സീല്‍ പതിക്കപ്പെട്ടു. അതിന്റെ തെളിവായ് കാര്‍ഡില്‍ പോസ്റ്റല്‍ മുദ്രയുണ്ട്.ഇനിയാണ് കഥ. വിലാസക്കാരനെ കാണാത്തതിനാല്‍ പോസ്റ്റ് കാര്‍ഡ് മടങ്ങി. ലോകം ചുറ്റിയിട്ടാണെന്ന് മാത്രം. അചേതന വസ്തുവാണെങ്കിലും പോസ്റ്റ് കാര്‍ഡിനും കാണുമായിരിക്കാം ആഗ്രഹങ്ങള്‍.
ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപം കൊണ്ട് ഇ.എം.എസ് ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും, സംസ്ഥാനത്ത് നടന്ന വിമോചന സമരത്തെ തുടര്‍ന്ന് ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പുറത്താക്കിയതും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടായതും, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹറു അന്തരിച്ചതും, കോണ്‍ഗ്രസ് പിളര്‍ന്നതും, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി, പിന്നിട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും, ഇലക്ഷനില്‍ രാജ് നാരായണന്‍ ഇന്ദിരാ ഗാന്ധിയെ തോല്‍പ്പിച്ചതും, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ കോണ്‍ഗ്രസിതര മന്ത്രിസഭ, മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റതും, ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായതും, പിന്നെ വധിക്കപ്പെട്ടതും, രാജിവ് ഗാന്ധി പ്രധാനമന്ത്രിയായതും അതും പിന്നിട്ട്, വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായി വി.പി. സിംഗ് പ്രധാനമന്ത്രിയായ് റേസ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസമാരംഭിച്ചപ്പോഴാണ് 1989 ജൂലൈ 15 ന് ഔറംഗാബാദിലെ വിലാസക്കാരനായ അബ്ദുള്‍ റസാഖിനെ കാണാതെ മടങ്ങിയ, നമ്മുടെ പോസ്റ്റ് കാര്‍ഡ് അത് അയച്ച അബ്ദുള്‍ റസാഖിനെ തേടി പുറപ്പെട്ട സ്ഥലമായ കൊല്ലത്ത് തിരിച്ചെത്തുന്നത്. അപ്പോഴേക്കും കൊല്ലം 39 കഴിഞ്ഞിരുന്നു ഈ കാര്‍ഡ് പുറപ്പെട്ട് പോയിട്ട്.
കാര്‍ഡ് അയച്ച അബ്ദുള്‍ റസാഖ് വൃദ്ധനായി, താമസം തമിഴ്‌നാട്ടിലുമാക്കി. 39 കൊല്ലം മുന്‍പ് മഹാരാഷ്ട്രയിലെ ഔറംഗബാദിലേക്ക് ടിയാന്‍ അയച്ച കാര്‍ഡ് തിരിച്ച് വന്നത് കണ്ട കൊല്ലത്തെ അബ്ദുള്‍ റസാഖിന്റെ ബന്ധുക്കള്‍ ഈ പോസ്റ്റ് കാര്‍ഡ് കണ്ട് അല്‍പ്പനേരത്തേക്ക് പോസ്റ്റായി!
നമ്മുടെ തപാല്‍ വകുപ്പിന്റെ ഒരു കാര്യം! ഒരു കാര്‍ഡ് തിരിച്ചെത്തിക്കാന്‍ എടുത്തത് 39 കൊല്ലം! നാണക്കേടായി.
പക്ഷേ, അവര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. 39 വര്‍ഷം അവനെ കൈ കാര്യം ചെയ്തിട്ടും- ഒരു പൊട്ടലോ കീറലോ ഇല്ലാതെ പോസ്റ്റ് കാര്‍ഡ് ഇപ്പോഴും ചുള്ളനായിട്ടിരിക്കുന്നു. എത്ര ഭദ്രമായാണ് തപാല്‍ വകുപ്പ് അവനെ സംരക്ഷിച്ചത്! എന്തൊരു ശുഷ്‌കാന്തി!
ഇനി മറ്റൊരു പോസ്റ്റ് കാര്‍ഡിന്റെ രാജ്യാന്തര യാത്രയുടെ കഥ
മൂന്ന് പതിറ്റാണ്ട് മുന്‍പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ 60ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കുന്നു. 1987 മെയ് മാസത്തില്‍ തന്റെ ഷഷ്ഠി പൂര്‍ത്തി നാളില്‍ ആശംസകള്‍ നേര്‍ന്ന് സ്‌നേഹിതനായ പി.സി. എബ്രഹാം അയച്ച കത്ത് വായിച്ചപ്പോഴാണ് താന്‍ ചരിത്ര പുരുഷനായതും താനയച്ച പോസ്റ്റ് കാര്‍ഡ് വിദേശത്ത് ചെന്ന് ചരിത്രമായതും മലയാറ്റൂര്‍ അറിയുന്നത്.
സംഭവം ഇങ്ങനെ: 1942 ല്‍ സ്‌കൂള്‍ പഠനകാലത്ത് തിരുവല്ലയില്‍ നിന്നും പെരുമ്പാവൂരിലെ സ്‌കൂളിലേക്ക് മാറിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പി.സി. എബ്രഹാം എന്ന തന്റെ സഹപാഠിക്ക് വീട്ടു വിലാസത്തില്‍ തിരുവല്ലയിലേക്ക് ഒരു കത്തയച്ചു. അതിനിടയില്‍ എബ്രഹാം ബ്രിട്ടീഷ് നാവിക സേനയില്‍ ചേര്‍ന്നിരുന്നു. ഈ കാര്‍ഡ് കിട്ടിയ വീട്ടുകാര്‍ അത് ഒരു കവറിലാക്കി ബോംബയിലെ എബ്രഹാം ജോലി ചെയ്യുന്ന ബ്രിട്ടിഷ് നാവികസേന (O.H.M.S. ഓണ്‍ ഹിസ് മെജസ്റ്റി സര്‍വീസ്) ആസ്ഥാനത്തേക്കയച്ചു. അങ്ങനെ ആദ്യമായി പോസ്റ്റ് കാര്‍ഡ് ബോംബെ കണ്ടു. അപ്പോഴേക്കും എബ്രഹാമിന്റെ കപ്പല്‍ ബോംബെ വിട്ടിരുന്നു.
നാവിക ആസ്ഥാനത്തെ പോസ്റ്റാഫീസുകാര്‍ കപ്പലിന്റെ അടുത്ത ലക്ഷ്യമായ ഡല്‍ഹിയിലേക്ക് ഈ കാര്‍ഡ് തിരിച്ച് വിട്ടു(Redirected). അങ്ങനെ ഇന്ത്യന്‍ തലസ്ഥാന നഗരിയിലെത്തി മലയാറ്റൂരിന്റെ കാര്‍ഡ്. അവിടേയും വിലാസക്കാരന്റെയടുത്ത് എത്താന്‍ സാധിച്ചില്ല. പിന്നെ എബ്രഹാം ജോലി ചെയ്ത കപ്പല്‍ പോയ പല പോര്‍ട്ടുകളിലും, കാര്‍ഡ് യാത്ര ചെയ്ത് അന്വേഷിച്ചെങ്കിലും വിലാസക്കാരനെ കിട്ടിയില്ല. പശ്ചിമേഷ്യയും, യൂറോപ്പും കണ്ട് ഒടുവില്‍ കാര്‍ഡ് സഞ്ചാരം മതിയാക്കി ഇന്ത്യയില്‍ ഡല്‍ഹിയിലെ നാവിക ആസ്ഥാനത്ത് തിരിച്ചെത്തി. അപ്പോഴേക്കും വിലാസക്കാരന്‍ എബ്രഹാം നേവിയില്‍ നിന്ന് പിരിഞ്ഞു പോയിരുന്നു. ഒടുവില്‍ ഡല്‍ഹിയിലെ നേവി ആസ്ഥാനത്തെ പി.സി. എബ്രഹാം എന്ന ഫയലില്‍ പോസ്റ്റ് കാര്‍ഡ് വിശ്രമത്തിലായി.
ഇതൊന്നുമറിയാതെ 13 വര്‍ഷത്തിന് ശേഷം വിലാസക്കാരന്‍ എബ്രഹാം ഒരു ഔദ്യോഗിക രേഖ ലഭിക്കാന്‍ സിങ്കപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമീഷനെ സമീപിച്ചപ്പോള്‍ അവര്‍ കൊടുത്ത രേഖയുടെ കൂടെ ഒരു കവറില്‍ എബ്രഹാമിന് നേവി നല്‍കിയ 6 മെറിറ്റോറിയസ് സര്‍വ്വീസ് മെഡലും അതില്‍ മലയാറ്റൂരയച്ച പോസ്റ്റ് കാര്‍ഡും ഉണ്ടായിരുന്നു. അങ്ങനെ ഒടുവില്‍ പോസ്റ്റ് കാര്‍ഡ് വിജയകരമായി വിലാസക്കാരന്റെ കയ്യിലെത്തി. അപ്പോള്‍ പെരുമ്പാവൂരില്‍ നിന്ന് കാര്‍ഡ് പുറപ്പെട്ട് പോയിട്ട് വര്‍ഷം 13 കഴിഞ്ഞിരുന്നു.
പെരുമ്പാവൂരില്‍ നിന്ന് തിരുവല്ലയിലേക്ക് അയച്ച ഒരു പോസ്റ്റ് കാര്‍ഡ് പതിമൂന്ന് വര്‍ഷത്തിന് ശേഷം, പതിനായിരം മൈലോളം ദൂരം താണ്ടി സിങ്കപ്പൂരില്‍ വിലാസക്കാരന് കിട്ടിയ അസാധാരണ സംഭവം ഒരു സിങ്കപ്പൂര്‍ ഇംഗ്ലീഷ് ദിനപത്രം പോസ്റ്റ് മാര്‍ക്കോട് കൂടി പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാറ്റൂരും പി.സി. എബ്രഹാമും പോസ്റ്റ് കാര്‍ഡും തപാല്‍ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും, സോഷ്യല്‍ മീഡിയയുടെ കാലത്തും, 163 വയസുകാരനായ പോസ്റ്റ്കാര്‍ഡ് ആശയവിനിമയ ലോകത്ത് തന്റെ ജൈത്ര യാത്ര തുടരുകയാണ്.
ഒരു കാലത്ത് ആശംസകളും സന്ദേശങ്ങളും അയയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗം പോസ്റ്റ്കാര്‍ഡുകളായിരുന്നു. ഈ പോസ്റ്റ്കാര്‍ഡുകള്‍ ഒട്ടെറെ വിവാഹങ്ങളും ആശംസകളും മുതല്‍ മരണവാര്‍ത്ത വരെ അറിയിക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ച കഥാപാത്രമാണ്. പല രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും പ്രക്ഷോഭകരും പോസ്റ്റ് കാര്‍ഡുകള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
‘താങ്കളുടെ കൃതി പ്രസിദ്ധീകരണയോഗ്യമല്ല എന്ന് ഖേദത്തോടെ അറിയിക്കുന്നു. ഇനിയും സഹകരിക്കുമല്ലോ എന്ന് വാരികയുടെ ഓഫീസില്‍ നിന്ന് വരുന്ന ചങ്ക് തകര്‍ക്കുന്ന രണ്ട് വരി വായിച്ച പോസ്റ്റ് കാര്‍ഡ് ഏതെങ്കിലും എഴുത്തുകാരന്‍ മറക്കുമോ?
താങ്കള്‍ പണയം വെച്ച ടി. പണയ വസ്തു ഇന്ന തീയതി ലേലം ചെയ്യുന്നതാണ് എന്ന് ബാങ്കില്‍ നിന്ന് വന്ന പോസ്റ്റ് കാര്‍ഡ് വായിച്ച്, പണയ പണ്ടം എടുക്കാന്‍ കാശിന് വേണ്ടി ഓടി നടന്നവരുടെ പേഴ്‌സില്‍ എന്നും പ്രേമലേഖനം പോലെ സൂക്ഷിക്കുന്ന അമൂല്യ വസ്തുവും പോസ്റ്റ് കാര്‍ഡാണ്.
താങ്കളുടെ മകള്‍ ‘ലെവ’നുമായി ചുറ്റിക്കറങ്ങുന്നുണ്ട് ശ്രദ്ധിക്കുമല്ലോ എന്ന് പെണ്‍കുട്ടിയുടെ അച്ഛനെ അറിയിക്കുന്ന അജ്ഞാതനായ അഭ്യുദയകാംക്ഷി സ്‌നേഹത്തോടെ എഴുതിയ പോസ്റ്റ് കാര്‍ഡ് ആ പ്രേമം കലക്കിക്കാണും തീര്‍ച്ച. പോസ്റ്റ് കാര്‍ഡ് അങ്ങനെയും ഉപയോഗപ്പെടുത്താമെന്ന് തെളിച്ചവരാണ് മലയാളികള്‍.
ഓര്‍മയില്ലേ, പഴയ കാലത്തെ കാര്‍ഡ് ദൈവ വചന സംഭവം. സ്വന്തം പേരില്‍ ഒരു പോസ്റ്റ് കാര്‍ഡ് വീട്ടില്‍ വരുന്നു. അതില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ടാകും: ‘ദൈവവചനം എഴുതിയ ഈ കാര്‍ഡ് നിങ്ങള്‍ പത്ത് പേര്‍ക്ക് എഴുതിയയച്ചാല്‍ പത്താം ദിവസം നിങ്ങള്‍ക്ക് ലോട്ടറിയടിക്കും. ഇങ്ങനെ അയച്ച തമിഴ്‌നാട്ടിലെ ഒരു ചെട്ടിയാര്‍ക്ക് സ്വര്‍ണ്ണക്കട്ടി കിട്ടി. ഇത് കീറിക്കളഞ്ഞ കര്‍ണ്ണാടകത്തിലെ ഒരു കച്ചവടക്കാരന്‍ അപ്പോള്‍ തന്നെ ഇടി മിന്നലേറ്റ് മരിച്ചു(തരമനുസരിച്ച് സംഗതി ഹൃദയസ്തംഭനമോ പാമ്പ് കടിയോ ആവാം). കാര്‍ഡ് കിട്ടിയവന്‍ പോടാ പുല്ലേ എന്ന് എല്ലാവരും കാണ്‍കെ പറയുമെങ്കിലും ഉടനെ ഓടും, 10 പോസ്റ്റ് കാര്‍ഡ് സംഘടിപ്പിക്കാന്‍. മരണഭയം ആര്‍ക്കാണില്ലാത്തത്. അത് വാങ്ങി ആരും കാണാതെ ഉടനെ കുത്തിയിരുന്ന് എഴുതി രഹസ്യമായി തപാല്‍പ്പെട്ടിയിലിടും. ആശ്വാസം! ഇനി തട്ടി പോവില്ലല്ലോ. യുക്തിവാദികള്‍ക്ക് പോലും വിശദീകരിക്കാനാവാത്ത ഈ കാര്‍ഡ് ദൈവ വചന സംഭവം ആദ്യമായി കണ്ട് പിടിച്ചവന്‍ ആരായാലും മഹാന്‍ തന്നെ!
ഇന്റര്‍നെറ്റ് യുഗത്തിലും ഈ തട്ടിപ്പ് അഭംഗുരം തുടരുന്നുണ്ട്. ഫെയ്‌സ് ബുക്കിലും ഈ പ്രതിഭാസം ഇപ്പോള്‍ പ്രതൃക്ഷമായിട്ടുണ്ട്. ‘ഈ ഫോട്ടോ 5 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ അഭിവൃദ്ധിയുണ്ടാകും പഴയ കാര്‍ഡ് തട്ടിപ്പിന്റെ പുതിയ ഡിജിറ്റല്‍ പതിപ്പ്.
അമ്പലക്കമ്മറ്റി യോഗം മുതല്‍ ചരമ വാര്‍ത്ത വരെ ചുരുങ്ങിയ ചിലവില്‍, കുറഞ്ഞ സമയത്തില്‍ അറിയിക്കുന്ന ഒരു ദൂതനാണ് പോസ്റ്റ് കാര്‍ഡ്. ജനനം തൊട്ട് മരണം വരെ കൈകാര്യം ചെയ്യുന്ന ഒരു രഹസ്യവുമില്ലാത്ത ഏക ദൂതന്‍.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെയുള്ള അഴിമതിയാരോപണ കേസായിരുന്നു ‘ആന്ധ്രാ അരി കുംഭകോണക്കേസ്’. കേരളത്തിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ വില കൊടുത്ത് ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് അലുവാ കോണ്‍ഗ്രസ് എം.എല്‍.എ. ആയ ടി. ഒ. ബാവ രംഗത്ത് വന്നു. ഇത് വന്‍ വിവാദമായതോടെ ഇതെക്കുറിച്ചന്വേഷിക്കാന്‍ ജസ്റ്റീസ് പി.ടി. രാമന്‍ നായരെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചു. കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനായ കളത്തില്‍ വേലായുധന്‍ നായരായിരുന്നു.
ടി.ഒ. ബാവയെ വിസ്തരിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൈക്കൂലി നല്‍കിയാണ് ആന്ധ്രയിലെ ശ്രിരാമുലു സത്യനാരായണ കമ്പനി അരി സപ്ലൈ ചെയ്യാനുള്ള കരാര്‍ നേടിയത് എന്ന് തന്നോട് ആന്ധ്രയിലെ ഒരു പ്രമുഖ വ്യാപാരി പറഞ്ഞെന്ന് ബാവ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ആന്ധ്രയിലെ ശ്രിരാമുലു കമ്പനിക്ക് വേണ്ടി കോടതിയില്‍ മൊഴികൊടുത്ത കമ്പനിയുടെ പങ്കാളി ബാവയോട് പറഞ്ഞ വ്യാപാരി രണ്ടു വര്‍ഷം മുന്‍പ് മരിച്ചതാണെന്നും താന്‍ അയാളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതാണെന്നും കോടതിയില്‍ മൊഴി നല്‍കി. അതോടെ ടി. ഒ. ബാവയുടെ വാദം ദുര്‍ബലമായി. എന്നാല്‍ പ്രഗല്‍ഭനായ കളത്തില്‍ വേലായുധന്‍ നായര്‍ വിപുലമായ അന്വേഷണം നടത്തി, ആലപ്പുഴയിലെ ഒരു കച്ചവടക്കാരന് ആ വ്യാപാരിയുടെ മകന്‍ പിതാവിന്റെ ചരമവാര്‍ത്തയറിച്ചു കൊണ്ടയച്ച ഒരു പോസ്റ്റ് കാര്‍ഡ് കണ്ടു പിടിച്ച് കോടതിയില്‍ ഹാജരാക്കി. അതിലെ തിയതി പ്രകാരം ടി.ഒ.ബാവയുടെ മൊഴിയാണ് സത്യം എന്ന് കോടതിയില്‍ തെളിഞ്ഞു. ഈ നിര്‍ണ്ണായക തെളിവായ പോസ്റ്റ് കാര്‍ഡ് ആന്ധ്രാ അരി കുഭകോണക്കേസ് വിജയിക്കുന്നതിലേക്ക് കളത്തില്‍ വേലായുധന്‍ നായരെ നയിച്ചു. ആന്ധ്രാ അരി കുഭകോണക്കേസാണ് ഐതിഹാസികമായ വിമോചന സമരം ആരംഭിക്കാന്‍ വേണ്ട പ്രധാന ഊര്‍ജ്ജം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കിയത്.
ഒരു കേസ് ജയിക്കാനും തോല്‍ക്കാനും, പോസ്റ്റ് കാര്‍ഡ് കാരണമാകാമെന്നറിയുക.
പോസ്റ്റ് ഓഫീസുകളില്‍ ഇപ്പോള്‍ മൂന്ന് തരം പോസ്റ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ”മേഘദൂത് പോസ്റ്റ്കാര്‍ഡുകള്‍, സാധാരണ പോസ്റ്റ്കാര്‍ഡുകള്‍, പ്രിന്റഡ് പോസ്റ്റ്കാര്‍ഡുകള്‍, എന്നിവ യഥാക്രമം 25 പൈസ, 50 പൈസ, 6 രൂപ എന്നിങ്ങനെയാണ്. മത്സര പോസ്റ്റ്കാര്‍ഡ് നിലവില്‍ ലഭ്യമല്ല. 14 സെന്റീമീറ്റര്‍ നീളവും 9 സെന്റീമീറ്റര്‍ വീതിയുള്ള ഈ തപാല്‍ പോസ്റ്റ് കാര്‍ഡുകള്‍ മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിപത്യകാലത്തും ഇന്നും, നിലനില്‍ക്കുന്ന അത്ഭുതങ്ങളിലൊന്നാണ്. ഇന്നും അവന്‍ വിലാസക്കാരനെ അന്വേഷിച്ച് വരുന്നു.
പോസ്റ്റാഫിസില്‍ ഇപ്പോള്‍ ഗ്ലാമറുള്ള എക താരം പോസ്റ്റ് കാര്‍ഡ് തന്നെ. ഇല്ലന്‍ഡിനൊന്നും പഴയ ഡിമാന്റ് ഇല്ല. അതൊക്കെ വാട്ട്‌സാപ്പ് കൊണ്ടുപോയി. പക്ഷേ, പോസ്റ്റ് കാര്‍ഡ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ബാങ്കിന്റെ അറിയിപ്പായും, ചരമക്കുറിപ്പായും, വാര്‍ഷിക മീറ്റിങ്ങിന്റെ തിയതി അറിയിപ്പായും അവന്‍ വിലാസക്കാരനെ തേടി വരും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സര്‍വ്വേയില്‍ 50 പൈസയുടെ പോസ്റ്റ് കാര്‍ഡ് ഒരു വിലാസക്കാരന് എത്തിക്കാന്‍ 7 രൂപ ചിലവുണ്ടെന്നാണ് കണ്ടെത്തിയത്. പക്ഷേ, തപാല്‍ വകുപ്പ് അതൊന്നും പരിഗണിക്കാതെ ഇപ്പോഴും പോസ്റ്റ് കാര്‍ഡ് വിതരണം ചെയ്യുന്നു.
1861 ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയിലാണ് പോസ്റ്റ് കാര്‍ഡ് ജനിച്ചത്. ജോണ്‍ പി ചാര്‍ട്ടണ്‍ എന്നൊരാള്‍ ആദ്യത്തെ പോസ്റ്റ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തു. പക്ഷേ, അത് അച്ചടിച്ച് വില്‍ക്കാനൊന്നും അയാള്‍ മെനക്കെട്ടില്ല.
ഹാരി എലിപ് മാന്‍ എന്നൊരു സ്റ്റേഷനറി കച്ചവടക്കാരന് തന്റെ പോസ്റ്റ് കാര്‍ഡിന്റെ അവകാശം വിറ്റു. ലിപ്മാന്‍ ഈ കാര്‍ഡിന്റെ ഒരു വശത്ത് ഒന്നാന്തരമൊരു ചിത്രം അച്ചടിച്ചു. മറുവശത്ത് ചെറിയ സന്ദേശമെഴുതാനും വിലാസം എഴുതാനും സ്ഥലം രേഖപ്പെടുത്തി. അതാണ് ഇന്ന് നമ്മള്‍ കാണുന്ന പോസ്റ്റ് കാര്‍ഡ്. പിന്നീട് 1873 ല്‍ അമേരിക്കന്‍ പോസ്റ്റ് ഓഫീസ് ഔദ്യോഗിക പോസ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കും വരെ ‘ലിപ്മാന്‍ കാര്‍ഡുകള്‍’ വില്‍പ്പനയില്‍ ഏറെ പ്രചാരം നേടി.
ഓസ്ട്രിയക്കാരനായ കോള്‍ബെന്‍സ്‌റ്റൈര്‍ എന്നയാള്‍ ഔദ്യോഗികമായി വില്‍ക്കാവുന്ന പോസ്റ്റ് കാര്‍ഡുകളെകുറിച്ചുള്ള തന്റെ ആശയം, അദ്ദേഹം വീനര്‍ ന്യൂസ്റ്റാഡിലെ മിലിട്ടറി അക്കാദമിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ഇമ്മാനുവല്‍ ഹെര്‍മനുമായി ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന് ഈ ആശയം വളരെ ആകര്‍ഷകമായി തോന്നി. 1869 ജനുവരി 26 ലെ ഒരു പത്രത്തില്‍ അതിനെക്കുറിച്ച് ഒരു ലേഖനം എഴുതുകയും ചെയ്തു, തുടര്‍ന്ന് 1869 ഒക്ടോബര്‍ 1 ന് ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക പോസ്റ്റ്കാര്‍ഡ് ഓസ്ട്രിയന്‍ ഗവണ്‍മെന്റ് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്തു.
1774 മാര്‍ച്ച് 31 ന് കല്‍ക്കട്ടയില്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ആദ്യത്തെ പോസ്റ്റാഫീസ് ഇന്ത്യയില്‍ ആരംഭിച്ചത്. കേരളത്തില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ ആദ്യം അഞ്ചല്‍ ആപ്പീസ് എന്നറിയപ്പെട്ട പോസ്റ്റാഫീസ് സ്ഥാപിച്ചത് തലസ്ഥാനമായ തിരുവനന്തപുരത്തല്ല. ആലപ്പുഴയിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെട്ട ആലപ്പുഴയുടെ വ്യാപാര കേന്ദ്രത്തിന്റെ രാജ്യാന്തര പ്രശസ്തിയാണ് ഇതിന് കാരണം.
അന്നത്തെ പോസ്റ്റുമാന്‍ അഞ്ചലോട്ടക്കാര്‍ എന്നറിയപ്പെട്ടു. ഒരു ലോഹ വടിയില്‍ തപാല്‍ സഞ്ചി തൂക്കി. മണികള്‍ ഉള്ള അരപ്പട്ട കിലുക്കി ഓടും. നടുറോട്ടില്‍ കൂടെ ഓടും. ഒരു മണിക്കൂറില്‍ 2 മൈല്‍ ഓടണം. യാത്ര തടസ്സം അവര്‍ക്ക് ആരുണ്ടാക്കിയാലും കുറ്റകരമാണ്. അഞ്ചലോട്ടക്കാരന്‍ ഒരു മണിക്കൂര്‍ ലേയ്റ്റായാല്‍ ഒരു ചക്രം പിഴ അയാള്‍ അടയ്ക്കണം. തിരുവിതാംകൂറിലെ റസിഡന്റായ കേണല്‍ മണ്‍റോവാണ് ഈ തപാല്‍ സംവിധാനത്തെ അഞ്ചല്‍ എന്ന് വിളിച്ചത്. എയ്ഞ്ചല്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്നാണതുണ്ടായത്. നന്മയുടെ ചിറകും വിരിച്ച് ദൂതുമായി എത്തുന്ന എയ്ഞ്ചല്‍ – അഞ്ചലായി മാറി.
തപാലിനെ പിന്തള്ളി നിത്യ ജീവിതത്തില്‍ സജീവമായി ടെലിഫോണ്‍ സ്ഥാനം പിടിച്ച കാലത്തും പോസ്റ്റ് കാര്‍ഡ് വഴി ആശയവിനിമയം നടത്തുന്ന ഒരു സിനിമാ താരം മലയാള ചലചിത്ര രംഗത്ത് ഉണ്ടായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും സാധാരണ പോസ്റ്റു കാര്‍ഡിലാണെഴുതുക. അഡ്രസിന് തൊട്ടു മുകളില്‍ ചുവന്ന മഷിയില്‍ ‘ Important ‘ എന്നെഴുതും. നല്ല ഭംഗിയുള്ള കൈപ്പടയാണ്. ഇങ്ങനെ അദ്ദേഹം എഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് സ്ഥിരമായി ലഭിക്കുമായിരുന്നു. സത്യന്റെ വിട്ടുവിശേഷങ്ങള്‍ തിരക്കിയാണ് കാര്‍ഡിലെ വരികള്‍ അവസാനിക്കുക. എഴുതിയത് മറ്റാരുമല്ല, നമ്മുടെ പ്രിയ നടന്‍ ശങ്കരാടി. world post day, postcards memories
Content Summary; world post day, postcards memories