യെമനില്‍ അമേരിക്ക നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി വിവരം. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരെ ലക്ഷ്യം വച്ചായിരുന്നു യു എസ് സൈനിക നടപടി. ‘ അവരുടെ സമയം കഴിഞ്ഞു’ എന്നായിരുന്നു ഹൂതികള്‍ക്കുള്ള മുന്നറിയിപ്പായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഹൂതികളെ പിന്തുണയ്ക്കുന്നതില്‍ നിന്നും ഇറാന്‍ പിന്‍വാങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഹൂതി സംഘത്തെ തടയുക എന്ന ലക്ഷ്യം യെമനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നിലുണ്ട്. 2024 ജനുവരി മുതല്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസും യുകെ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വ്യോമാക്രമണം തുടരുന്നുണ്ട്. ഗാസ യുദ്ധകാലമാണ് ഹൂതികളെ പ്രധാന ശത്രുക്കളായി കാണാന്‍ അമേരിക്കയെയും സഖ്യകക്ഷികളെയും പ്രേരിപ്പിച്ചത്. ഹൂതികളുടെ പിന്തുണ പലസ്തീനായിരുന്നു. ചെങ്കടലിലെ കപ്പല്‍ പാതകള്‍ക്ക് ഹൂതികള്‍ ഭീഷണിയായി മാറിയതോടെയാണ് അമേരിക്കയും സഖ്യകക്ഷികളും കപ്പല്‍ പാതകള്‍ സംരക്ഷിക്കാനും മേഖലയിലെ ഇറാന്-ഹൂതി സ്വാധീനം ചെറുക്കാനും രംഗത്തു വരുന്നത്. ഇതോടെയാണ് സാഹചര്യങ്ങള്‍ സങ്കീര്‍ണമായത്.
യെമന്‍ തലസ്ഥാനമായ സനായില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഹൂതി ശക്തികേന്ദ്രമായ വടക്കന്‍ പ്രവിശ്യയായ സാദയില്‍ നാല് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതിശക്തമായ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഒരു ഭൂകമ്പം പോലെയാണത് അനുഭവപ്പെട്ടത്. സ്ത്രീകളെയും കുട്ടികളുമെല്ലാം ഭയപ്പെട്ടു’, പ്രദേശവാസിയായ ഒരു വ്യക്തിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഹൂതികള്‍ക്കെതിരേ അമേരിക്ക നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. ആക്രമണത്തെ അപലപിച്ച ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ, അമേരിക്ക നടത്തിയിരിക്കുന്നത് ‘ യുദ്ധ കുറ്റകൃത്യം’ ആണെന്നാണ് ആരോപണം ഉയര്‍ത്തിയത്. തിരിച്ചടി ഉണ്ടാകുമെന്നും ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ആക്രമണം തുടരുകയാണെങ്കിലും യു എസും സഖ്യകക്ഷികളും വലിയ വില നല്‍കേണ്ടി വരുമെന്നാണ് വെല്ലുവിളി. പ്രതിരോധം ശക്തമാക്കുമെന്ന ഹൂതികളുടെ മുന്നറിയിപ്പ് മേഖലയില്‍ സംഘര്‍ഷം വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്. ഹൂതികള്‍, സൗദി അറേബ്യ, ഇറാന്‍, അമേരിക്ക എന്നിവരുടെ ഇടപെടലുകളിലൂടെ സംഘര്‍ഷഭരിതമായ യെമന്‍ കൂടുതല്‍ നാശങ്ങള്‍ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ യെമനിലെ ഹൂതികള്‍ക്കെതിരെ ശക്തമായ സൈനിക നടപടി തുടരുമെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഹൂതികള്‍ ഭീഷണിയായതും ആഗോള വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തടസമാവുകയും ചെയ്യുന്നുവെന്ന മനസിലാക്കിയാണ് യുഎസ് സൈനിക നീക്കം ശക്തമാക്കിയിരിക്കുന്നത്. മേഖലയിലെ ഇറാനിയന്‍ സ്വാധീനം ചെറുക്കുക, പ്രധാന കപ്പല്‍ പാതകള്‍ സുരക്ഷിതമാക്കുക എന്നിവ യു എസ് ലക്ഷ്യമാണ്. മേഖലയില്‍ വലിയ തോതില്‍ അമേരിക്ക ഇടപെടാന്‍ പോവുകയാണെന്നു കൂടിയാണ് ട്രംപിന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്.
എല്ലാ ഹൂതി ഭീകരരോടുമാണ്, നിങ്ങളുടെ സമയം കഴിഞ്ഞു, നിങ്ങളുടെ ആക്രമണങ്ങള്‍ ഇന്ന് മുതല്‍ അവസാനിപ്പിക്കണം. അതിനു തയ്യാറല്ലെങ്കില്‍, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെ നരകം നിങ്ങളുടെ മേല്‍ വര്‍ഷിക്കും!’- ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണിത്.
ഹൂതികള്‍ക്കുള്ള പിന്തുണ ‘ഉടനടി’ നിര്‍ത്തലാക്കണമെന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘അമേരിക്കന്‍ ജനതയെയോ, അവരുടെ പ്രസിഡന്റിനെയോ… അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള കപ്പല്‍ പാതകളെയോ ഭീഷണിപ്പെടുത്തരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, സൂക്ഷിക്കുക, കാരണം അമേരിക്ക നിങ്ങളെ പൂര്‍ണമായും അതിനുള്ള ഉത്തരവാദികളാക്കും, ഞങ്ങളില്‍ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കരുത്’ ഇറാനുള്ള മുന്നറയിപ്പാണ്.
ഇറാന്റെ വിദേശനയം തീരുമാനിക്കാന്‍ അമേരിക്ക നില്‍ക്കേണ്ടെന്നായിരുന്നു ട്രംപിന്റെ ഭീഷണിക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി തിരിച്ചടിച്ചത്. ഇസ്രയേല്‍ നടത്തുന്ന ഭീകരതയ്ക്കും വംശഹത്യയ്ക്കുമുള്ള പിന്തുണയും യെമനില്‍ നടത്തുന്ന മനുഷ്യക്കുരുതിയും ആദ്യം നിര്‍ത്താനും ഇറാന്‍ അമേരിക്കയോട് തിരിച്ചു പറയുകയാണ്. Your time is up”; Trump warns Houthis, Iran also cautioned
Content Summary; Your time is up”; Trump warns Houthis, Iran also cautioned.