‘ഒരു കുഞ്ഞ് പോയപ്പോള്‍ ഞങ്ങള്‍ക്ക് അഞ്ച് കൊച്ചുമക്കളെ തിരിച്ചുകിട്ടി’; മരണത്തെ തോല്‍പ്പിച്ച് കുഞ്ഞുചിരിയുമായി ആലിന്‍

വിടപറയുന്നത് അഞ്ച് പേര്‍ക്ക് പുതുജീവന്റെ വെളിച്ചം പകര്‍ന്ന്

”ഞങ്ങളുടെ ഒരു കുട്ടി പോയപ്പോള്‍ അഞ്ച് കുഞ്ഞുങ്ങള്‍ ജീവിക്കുന്നു എന്നതാണ് ഏക ആശ്വാസം. ഒരു കുഞ്ഞ് പോയപ്പോള്‍ ഞങ്ങള്‍ക്ക് അഞ്ച് കൊച്ചുമക്കളെയാണ് കിട്ടിയത്,” ആലിന്‍ ഷെറിന്റെ മുത്തച്ഛന്റെ ഈ വാക്കുകള്‍ കേട്ട് കേരളക്കര ഒന്നടങ്കം വിതുമ്പുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ആലിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചപ്പോള്‍, തളര്‍ന്നുപോകാതെ അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്തത് ആലിന്റെ അച്ഛന്‍ അരുണ്‍ എബ്രഹാമാണ്. അരുണിന്റെയും ഭാര്യ ഷെറിന്‍ ആന്‍ ജോണിന്റെയും ആഗ്രഹത്തിന് കുടുംബം ഒന്നടങ്കം കൈകോര്‍ത്തപ്പോള്‍ അത് ചരിത്രമായി.

വിധിയുടെ ക്രൂരതയില്‍ ഒരു കുഞ്ഞുജീവന്‍ പൊലിഞ്ഞപ്പോള്‍, ആ കണ്ണീര്‍ക്കടലിലും ലോകത്തിന് മാതൃകയാവുകയാണ് മല്ലപ്പള്ളിയിലെ ഒരു കുടുംബം. പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം ഈ ലോകത്തോട് വിടപറയുന്നത് അഞ്ച് പേര്‍ക്ക് പുതുജീവന്റെ വെളിച്ചം പകര്‍ന്നുനല്‍കിക്കൊണ്ടാണ്.

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി 7.13-ന് പോലീസ് അകമ്പടിയോടെ പുറപ്പെട്ട ആംബുലന്‍സ്, മൂന്നര മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. വര്‍ഗീസ് എല്‍ദോ ആംബുലന്‍സിനെ അനുഗമിച്ചു. ആംബുലന്‍സ് ആദ്യം കിംസിലും പിന്നീട് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലുമെത്തി. ആലിന്റെ കരള്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് കിംസ് ആശുപത്രിയില്‍ മാറ്റിവയ്ക്കും, വൃക്കകള്‍ മെഡിക്കല്‍ കോളേജിലെ പത്തുവയസ്സുകാരനും, ഹൃദയവാല്‍വുകളും നേത്രപടലങ്ങളും അമൃത ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ കുടുംബാംഗം അരുണ്‍ എബ്രഹാമിന്റെയും മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ ഷെറിന്‍ ആന്‍ ജോണിന്റെയും ഏകമകളാണ് ആലിന്‍ ഷെറിന്‍. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30ഓടെ കോട്ടയം പള്ളത്തുവച്ച് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ആലിന്റെ അമ്മ ഷെറിനും മാതാവ് ജെസി ജോണും പിതാവ് രാജന്‍ ജോണും കാറിലുണ്ടായിരുന്നു. പരിക്കേറ്റ ഇവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ധ്യാപികയായ ഷെറിന്‍ കോട്ടയത്ത് ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം രാത്രി വൈകി ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം നാളെ വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയില്‍ നടക്കും.

ഇന്നലെ രാത്രി തന്നെ ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതില്ലെന്ന തീരുമാനം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞ് ആലിന്റെ കാര്യത്തില്‍ അത്തരമൊരു നിര്‍ദേശം കൂടി മാറ്റിവച്ചാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ചത്. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ വിളക്കുകള്‍ തെളിച്ചും സെക്യൂരിറ്റി ജീവനക്കാര്‍ സല്യൂട്ട് നല്‍കിയും ആ കുഞ്ഞുമാലാഖയെ യാത്രയാക്കി.

Content summary: 10 month old Alin Sherin Abraham lives on through five children

This post was last modified on February 14, 2026 11:23 am

അഴിമുഖം ഡെസ്‌ക്:
Leave a Comment