14 ഭേദ​ഗതികൾ, വഖഫ് ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അം​ഗീകാരം

16 അംഗങ്ങൾ ഭേദഗതിക്കെതിരെ വോട്ട് ചെയ്യുകയും 10 പേർ അനുകൂലിക്കുകയും ചെയ്തു

വഖഫ് ഭേദ​ഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അം​ഗീകാരം. 14 മാറ്റങ്ങളോടെയാണ് ജെപിസി(ജോയിന്റ് കമ്മിറ്റി ഓഫ് പാർലമെൻ്റ്) ബില്ലിന് അം​ഗീകാരം നൽകിയത്. കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാർ ബില്ലിന്മേൽ 44 ഭേദ​ഗതികൾ നിർദേശിച്ചിരുന്നു. എന്നാൽ അവയെല്ലാം ബിജെപി നേതാവായ ജ​ഗതാംബി​ഗ പാൽ അധ്യക്ഷനായ സമിതി നിരസിച്ചു.

ഭേദഗതികൾ ബിൽ മെച്ചപ്പെടുത്തുമെന്നും ദരിദ്രർക്കും പാസ്മണ്ട മുസ്ലീങ്ങൾക്കും ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിനെ സഹായിക്കുമെന്നും ജഗദാംബിക പാൽ പറഞ്ഞു.

യോഗത്തിൽ പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതികളും ഉറക്കെ വായിക്കുകയും വോട്ടെടുപ്പ് നടക്കുകയും ചെയ്തു. ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണ് ഇത് നടന്നത്. 16 അംഗങ്ങൾ ഭേദഗതിക്കെതിരെ വോട്ട് ചെയ്യുകയും 10 പേർ അനുകൂലിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭേദഗതികൾ അംഗീകരിക്കാനാവില്ല, ജഗദാംബിക പാൽ പറഞ്ഞു. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകുമെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു.

ഇരുസഭകളിൽ നിന്നും പാർലമെന്റിന്റെ വഖഫ് പാനലിൽ 31 പേരാണുള്ളത്. 12 ബിജെപി അം​ഗങ്ങൾ ഉൾപ്പെടെ എൻഡിഎയിൽ നിന്ന് 16 പേരും പ്രതിപക്ഷ പാർട്ടിയിൽ നിന്ന് 13 പേരും വൈഎസ്ആർ കോൺ​ഗ്രസിൽ നിന്നും ഒരാളും ഒരു നോമിനേറ്റഡ് അം​ഗവുമാണ് ഇതിൽ ഉൾപ്പെടുന്നത്.

2024 ഓഗസ്റ്റ് 8 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിലെ സെക്ഷൻ 3C(2) വഖഫ് സ്വത്ത് യഥാർത്ഥത്തിൽ സർക്കാർ ഭൂമിയാണോ എന്ന് നിർണ്ണയിക്കാൻ സർക്കാരിനെ അനുവദിക്കുന്നു. സർക്കാർ ഭൂമിയാണോ എന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിൽ കളക്ടർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും തുടർന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും നിർദ്ദിഷ്ട ബില്ലിൽ പറയുന്നു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏത് തർക്കവും വഖഫ് ട്രിബ്യൂണൽ തീരുമാനിക്കുമെന്നാണ് നിയമം പറയുന്നത്.

വഖഫ് ബോർഡിൻ്റെ ഘടന സംബന്ധിച്ച മറ്റൊരു ഭേദഗതിയും ജഗദാംബിക പാൽ പരാമർശിച്ചു. മുൻപ് ഇതിൽ രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇസ്‌ലാമിക പണ്ഡിതൻ ഉൾപ്പെടെ ഇത് മൂന്നായി ഉയർത്താൻ സർക്കാർ നിർദേശിച്ചെങ്കിലും പ്രതിപക്ഷം എതിർത്തു. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്.

പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രേഖപ്പെടുത്തുന്നതിനും വഖഫ് ബോർഡ് ചട്ടങ്ങൾ മാറ്റുന്നതിനുമുള്ള സമയപരിധി നീട്ടാനും ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് മുസ്‌ലിം ഇതര സിഇഒയെ അനുവദിക്കുകയും വഖഫ് ബോർഡുകളിലേക്ക് കുറഞ്ഞത് രണ്ട് അമുസ്‌ലിം അംഗങ്ങളെയെങ്കിലും നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുകയും ചെയ്യുന്നു. സമിതി യോ​ഗത്തിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് പത്ത് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

Content summary: 14 Amendments, Waqf Bill approved by Joint Parliamentary Committee
Waqf Bill Joint Parliamentary Committee Jagdambika Pal 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment